Soccer

കിരീടം കാക്കാന്‍ ആഴ്‌സണല്‍, വമ്പന്‍ ക്ലബ്ബുകളെത്തുന്നത് വലിയ മാറ്റങ്ങളോടെ; ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരവം

2026-27 സീസണ്‍ വെള്ളിയാഴ്ച ആരംഭിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ആഴ്‌സണല്‍ കോവെന്‍ട്രി സിറ്റിയെ നേരിടും.

Anoop NP

ലോകകപ്പിന്റെ ആരവങ്ങള്‍ ഒടുങ്ങി, ഇനി ക്ലബ് ഗെയിമിന്റെ കാലം. ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പേറിയ ഫുട്‌ബോള്‍ മാമാങ്കമായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് കൊടി ഉയരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് ആഴ്‌സണല്‍ ആയിരുന്നു ആവസാന സീസണില്‍ കിരീടം സ്വന്തമാക്കിയത്. 2026-27 സീസണ്‍ വെള്ളിയാഴ്ച ആരംഭിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ആഴ്‌സണല്‍ കോവെന്‍ട്രി സിറ്റിയെ നേരിടും. പ്രമോഷന്‍ നേടിയാണ് കോവെന്‍ട്രി സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എത്തിയിരിക്കുന്നത്.

വലിയ അഴിച്ചുപണിയോടെയാണ് ഇത്തവണ മിക്ക ക്ലബുകളും ടൂര്‍ണമെന്റില്‍ എത്തുന്നത്. 2019 ഡിസംബര്‍ മുതല്‍ ആഴ്‌സണല്‍ നയിക്കുന്ന മികേല്‍ അര്‍ട്ടേറ്റ മാത്രമാണ് പ്രമുഖ ടീമുകളില്‍ പരിശീലക സ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞ സീസണിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരവും അര്‍ട്ടേറ്റയ്ക്കായിരുന്നു.

ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും ബോക്സ്-ടു-ബോക്സ് റോളിലും കളിക്കാന്‍ കഴിയുന്ന ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗിമറായിസ് ആണ് ഇത്തവണ ആഴ്‌സണിലിന്റെ വലിയ മാറ്റങ്ങളില്‍ ഒന്ന് ന്യൂകാസില്‍ ക്യാപ്റ്റനായിരുന്ന താരത്തെ 75 ദശലക്ഷം യൂറോ മുടക്കിയാണ് ആഴ്സണല്‍ ഇത്തവണ ക്യാംമ്പില്‍ എത്തിച്ചത്. എന്നാല്‍ ഇത്തവണ വില്യം സാലിബ, ടിംബെര്‍ എന്നിവരുടെ ഫിറ്റ്നസ് സീസണില്‍ ആഴ്സണലിന് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. ബുകായോ സാക്ക, ഡെക്ലാന്‍ റൈസ് എന്നിവരുടെ മാച്ച് ഫിറ്റ്നസും അര്‍ട്ടേറ്റയ്ക്ക് നിര്‍ണായകമാണ്. ഗീക്ക് താരം ക്രിസ്റ്റോസ് സോളിസ് ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് ബെസിക്താസിലേക്ക് പോയ ഒഴിവ് നേരിട്ട് നികത്തും. പിയറോ ഹിന്‍കാപിയെയുടെ കരാറും സ്ഥിരമാക്കി. ജാക്കൂബ് കിവിയോര്‍ ക്രിസ്റ്റ്യന്‍ നോര്‍ഗാര്‍ഡ് എന്നിവരാണ് ലിയാന്‍ഡ്രോ ട്രൊസാര്‍ഡിനൊപ്പം ക്ലബ് വിട്ട താരങ്ങള്‍. എന്നാല്‍ സിറ്റിയെ 3-0ന് തകര്‍ത്ത് കമ്മ്യൂണിറ്റി ഷീല്‍ഡ് നേടി ആഴ്സണല്‍ ഇതിനോടകം വരവറിയിച്ചു കഴിഞ്ഞു.

വലിയ മാറ്റവുമായി മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റര്‍ സിറ്റിയിലാണ് ഇത്തവണ വലിയ മാറ്റം ഉണ്ടായിട്ടുള്ളത്. എന്‍സോ മരെസ്‌കയാണ് ഇത്തവണ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍. ഒരു പതിറ്റാണ്ട് നീണ്ട പെപ് ഗ്വാര്‍ഡിയോള കാലത്തിനുശേഷമാണ് എന്‍സോ മരെസ്‌ക ദൗത്യം ഏറ്റെടുക്കുന്നത്. ഗ്വാര്‍ഡിയോളയുടെ അസിസ്റ്റന്റായി സിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് മരെസ്‌ക. കഴിഞ്ഞ സീസണില്‍ രണ്ടാമതായിപ്പോയ ടീമിനെ കിരീടത്തിലെത്തിക്കുക എന്നതാണ് മരെസ്‌കയ്ക്ക് മുന്നിലുള്ള വെല്ലുവിളി.

എന്നാല്‍, ബെര്‍ണാര്‍ഡോ സില്‍വ, ജോണ്‍ സ്റ്റോണ്‍സ്, നഥാന്‍ അകെ തുടങ്ങിയ കരുത്തര്‍ ഇത്തവണ ക്ലബ്ബിനൊപ്പമില്ല. മിഡ്ഫീല്‍ഡിലെ പ്രധാനി റോഡ്രി ബാഴ്സലോണയിലേക്ക് പോയതും സിറ്റിയുടെ ഘടനയില്‍ മാറ്റം ഉണ്ടാക്കിയേക്കും.

ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ ഏലിയറ്റ് ആന്‍ഡേഴ്സണ്‍, ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് 17-കാരന്‍ വിങ്ങര്‍ ജെറെമി മോങ്ങ എന്നിവര്‍ ഇത്തവണ ടീമിലെത്തിയിട്ടുണ്ട്.

ചെല്‍സി കോച്ചായി സാബി അലോണ്‍സോ

സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ നിന്നും എത്തുന്ന കോച്ച് സാബി അലോണ്‍സോയാണ് ഈ സീസണില്‍ ചെല്‍സിയെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ സീസണിലെ പ്രശ്‌നങ്ങള്‍ തിരുത്തി ഒരു തിരിച്ചുവരവിനാണ് ചെല്‍സിയുടെ ശ്രമം. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എട്ടോളം താരങ്ങളെയാണ് ചെല്‍സി സ്വന്തമാക്കിയത്. പലെസ്ട്ര, ജെയിംസ്, ക്വെന്‍ഡ, ബാര്‍കോ തുടങ്ങിയ വിങ് ബാക്ക് ഓപ്ഷനുകള്‍ ഉള്‍പ്പെടെയാണ് പുതിയ താരനിര. ഇത്തവണ യൂറോപ്യന്‍ മത്സരങ്ങള്‍ ഇല്ലാത്തതും ചെല്‍സിക്ക് നേട്ടമാണ്.

ലിവര്‍പൂള്‍ സ്വഭാവം മാറ്റുമോ

ആക്രമണത്തിന്റെ സ്വഭാവം ഉള്‍പ്പെടെ മാറ്റിയായിരിക്കും പുതിയ സീസണില്‍ ലിവര്‍പൂള്‍ എത്തുന്നത്. മുഹമ്മദ് സലാ, ആന്‍ഡി റോബര്‍ട്സണ്‍, ഇബ്രാഹിമ കൊണാട്ടെ തുടങ്ങി പ്രമുഖരാണ് ഇത്തവണ ലിവര്‍പൂള്‍ വിട്ടത്. ബേണ്‍മൗത്തില്‍ നിന്ന് ആന്‍ഡോണി ഇറയോള എത്തിയതാണ് ഇത്തവണ ആന്‍ഫീല്‍ഡിലെ പ്രധാന മാറ്റം. ആര്‍നെ സ്ലോട്ടിന് പകരക്കാരനായാണ് ആന്‍ഡോണി ഇറയോളയുടെ പ്രവേശനം. പുതിയ സീസണില്‍ വലിയ പ്രതീക്ഷവെച്ചാണ് മൈക്കല്‍ കാരിക്കിനു കീഴില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങുന്നത്. ഏഴാം സ്ഥാനത്തായിരുന്ന യുണൈറ്റഡിനെ മൂന്നാം സ്ഥാനത്തേക്കും ചാമ്പ്യന്‍സ് ലീഗ് യോഗ്യതയിലേക്കും എത്തിച്ച നേട്ടത്തോടെയാണ് കാരിക്ക് ഇത്തവണയെത്തുന്നത്. കാസെമിറോ ടീം വിട്ടതാണ് യുണൈറ്റഡിന്റെ വലിയ തിരിച്ചടി.

The excitement of the World Cup has faded, and the focus now shifts to club football. The 2026-27 English Premier League season kicks off on Friday, with defending champions Arsenal beginning their title defence against newly promoted Coventry City. Arsenal won the previous season’s title ahead of Manchester City and will be looking to start the new campaign on a strong note. Coventry City, meanwhile, return to the Premier League after earning promotion and face a tough opening challenge against the reigning champions.