Soccer

തെറ്റുകള്‍ സംഭവിച്ചു, മാപ്പ് പക്ഷേ രാജിയില്ല: പിഴവ് ആവര്‍ത്തിക്കില്ലെന്ന് അംഗരാജ്യങ്ങള്‍ക്ക് കത്ത്, മുഖം രക്ഷിക്കാന്‍ ഇന്‍ഫാന്റിനോ

വെയ്ല്‍സ്, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, സെര്‍ബിയ തുടങ്ങിയ യുവേഫ അംഗരാജ്യങ്ങള്‍ ഇന്‍ഫാന്റിനോക്കുള്ള പിന്തുണയും പിന്‍വലിച്ചു.

Sports Desk

ഫിഫയുടെ പ്രധാന ടൂര്‍ണമെന്റുകളുടെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള പദ്ധതികള്‍ ഉയര്‍ത്തിയ വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. മൊറോക്കോയില്‍ ചേര്‍ന്ന ഫിഫയുടെ മുതിര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇന്‍ഫാന്റിനോ മാപ്പു പറഞ്ഞത്. എന്നാല്‍, ഫിഫ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറിനില്‍ക്കാന്‍ അംഗരാജ്യങ്ങളില്‍നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും അദ്ദേഹം തയാറായില്ല. എക്‌സിക്യൂട്ടീവ് സമിതിയുടെ പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ജിയാനി ഇന്‍ഫാന്റിനോ വ്യക്തമാക്കി.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യുവേഫ അംഗരാജ്യങ്ങള്‍ പ്രതിഷേധം കടുപ്പിച്ചത്. വെയ്ല്‍സ്, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, സെര്‍ബിയ തുടങ്ങിയ യുവേഫ അംഗരാജ്യങ്ങള്‍ ഇന്‍ഫാന്റിനോക്കുള്ള പിന്തുണയും പിന്‍വലിച്ചു. യുവേഫയ്ക്ക് പുറമെ കോണ്‍കകാഫ്, ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷനുകളും ഫിഫയിലെ സ്വകാര്യ നിക്ഷേപവിഷയത്തില്‍ എതിര്‍പ്പ് പരസ്യമാക്കി. ഇതോടെ ഇന്‍ഫാന്റിനോക്കുമേല്‍ രാജിവെക്കാനുള്ള സമ്മര്‍ദം ശക്തമായിരുന്നു. ഫിഫക്കുള്ളില്‍ നിന്നുതന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും ഇന്‍ഫാന്റിനോക്ക് തിരിച്ചടിയായി. സെക്രട്ടറി ജനറല്‍ മത്യാസ് ഗ്രാഫ്‌സ്‌ട്രോം ഉള്‍പ്പെടെയുള്ളവരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

2016 മുതല്‍ ഫിഫയുടെ പ്രസിഡന്റായി തുടരുന്ന ജിയാനി ഇന്‍ഫാന്റിനോ തന്റെ കാലയളവില്‍ നേരിടുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ സമീപകാല പ്രവര്‍ത്തനങ്ങള്‍ ആഗോള ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചകളാണ് സൃഷ്ടിച്ചത്. ഫിഫയുടെ പ്രധാന ടൂര്‍ണമെന്റുകളുടെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള നീക്കം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയായിരുന്നു. ഫിഫയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദങ്ങള്‍ ആഗോള ശ്രദ്ധ നേടുന്നത്.

പുരുഷ-വനിതാ ലോകകപ്പുകള്‍ ഉള്‍പ്പെടെയുള്ള ഫിഫയുടെ പ്രധാന ടൂര്‍ണമെന്റുകളില്‍ എഫ്എഫ്ഇ എന്ന പുതിയ അനുബന്ധ സ്ഥാപനം വഴി സ്വകാര്യ നിക്ഷേപം കൊണ്ടുവരാന്‍ ആയിരുന്നു നിര്‍ദേശ. നിര്‍ദേശത്തെ പിന്തുണച്ചാല്‍ എല്ലാ അസോസിയേഷനുകള്‍ക്കും 40 ദശലക്ഷം ഡോളര്‍ (30 ദശലക്ഷം പൗണ്ട്) ഇന്‍ഫാന്റിനോ വാഗ്ദാനം ചെയ്തിരുന്നു. ഇതിനെതിരെയാണ് യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും പ്രമുഖ ഫുട്ബാള്‍ അസോസിയേഷനുകള്‍ രംഗത്തെത്തിയത്. നിലവില്‍ ഇന്‍ഫന്റിനോക്ക് ഫിഫ ബോര്‍ഡിന്റെ പിന്തുണയുണ്ടെങ്കിലും മറ്റുള്ള അസോസിയേഷനുകളുടെ വിശ്വാസ്യത തകര്‍ന്നത് അദ്ദേഹത്തിന് വലിയ വെല്ലുവിളിയാണ്.

ഭരണ കാലയളവില്‍ ഒരു പ്രസിഡന്റിന് പരമാവധി 12 വര്‍ഷമാണ് ഫിഫ ഏര്‍പ്പെടുത്തിയിട്ടുള്ള കാലാവധി. ഇന്‍ഫാന്റിനോ ചുമതലയേല്‍ക്കുന്ന 2015ന് തൊട്ടുമുന്‍പായിരുന്നു ഈ പ്രഖ്യാപനം ഉണ്ടായത്. 2016 ല്‍ ഇന്‍ഫാന്റിനോ അധികാരമേറ്റെടുത്തു, 2019 ലും 2023 ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം അടുത്ത വര്‍ഷം വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല.

FIFA President Gianni Infantino has officially apologized for the controversy surrounding his proposal to sell the commercial rights of major FIFA tournaments to private investors. During a senior executive meeting in Morocco, Infantino expressed regret and promised member nations that such mistakes would not be repeated. However, despite facing severe backlash and withdrawal of support from major confederations—including UEFA, CONCACAF, and the AFC—he firmly refused to resign, stating he will continue with the backing of the executive committee. This marks the most challenging period of his presidency ahead of the upcoming elections.