ഫുട്ബോളിൽ ഇറ്റലിയെ പോലൊരു നിർഭാഗ്യർ ഉണ്ടാകില്ലെന്നുതന്നെ പറയാം. 2006ലെ കിരീട ധാരണത്തിനുശേഷം 2010ലും 2014ലും ഗ്രൂപ്പ് റൗണ്ടിൽ പുറത്താകുന്നു. പിന്നീട് തുടർച്ചയായി 2018,2022,2026 ലോകകപ്പുകളിൽ യോഗ്യതപോലും നേടാനാകാതെ പുറത്തിരിക്കേണ്ടി വരുന്നു. രാജ്യവും ഫെഡറേഷനും പടിച്ചപണി പതിനെട്ടും നോക്കിയിട്ടും ദേശീയ ടീമിനെ ഉയർത്താൻ കഴിയാതെവരുന്നു. ഇതിൽ പരം അപമാനം 4 തവണ ലോകചാമ്പ്യൻമാരായ ഇറ്റലിക്ക് ഇനി വരാനില്ല.
യൂറോപിലും മറ്റുമായി മേജർ ക്ലബുകളിൽ കളിക്കുന്ന താരങ്ങൾ ടീമിലുണ്ടായിരിക്കെ നാഷണൽ മത്സരങ്ങളിൽ രണ്ട് പതിറ്റാണ്ടായി അസൂറിപ്പടക്ക് ഉയരാനായിട്ടില്ല. 2026 ലോകകപ്പിലേക്കും യോഗ്യത നേടാനാകാതെ വന്നത് ഇറ്റാലിയൻ ഫുട്ബോളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. തുടർന്ന് ഫെഡറേഷൻ പ്രസിഡന്റായിരുന്നു ഗബ്രിയേലെ ഗ്രാവിന രാജിവെച്ചിരുന്നു. പുതിയ പ്രസിഡന്റായി ചുമതലയേറ്റ ജിയോവന്നി മലാഗോ ടീമിന്റെ അടിത്തറ മാറ്റാനായിട്ടാണ് വന്നത്. ആദ്യ പ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു ടെക്നിക്കൽ ഡയറക്ടറായി മുൻ ഇറ്റാലിയൻ താരവും എസി മിലാന്റെ എക്കാലത്തെയും ഇതിഹാസതാരവുമായ പൗലോ മാൽഡിനിയെ നിയമിക്കുക എന്നത്. എസി മിലാനിലെ മാൽഡിനിയുടെ സഹപ്രവർത്തകനും മുൻ ബ്രസീൽ താരവുമായ ലിയൊണാർഡോ ഉപദേഷ്ടാവായും കൂടെയുണ്ടാകും.
ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിലൊരാളായ മാൾഡിനിക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇറ്റലിയുടെ ദേശീയ ടീമിനെ വീണ്ടും ലോക ഫുട്ബോളിലെ ശക്തിയാക്കി മാറ്റുക എന്നതാണ്. സാങ്കേതിക വികസനം, യുവതാരങ്ങളെ വളർത്തിയെടുക്കുന്ന സംവിധാനം, ദേശീയ ഫുട്ബോളിന്റെ ദീർഘകാല പദ്ധതി എന്നിവയുടെ മേൽനോട്ടവും അദ്ദേഹത്തിനായിരിക്കും. ഇതോടൊപ്പം ക്ലബ് ഇറ്റാലിയയുടെ അധ്യക്ഷസ്ഥാനവും മാൾഡിനിക്ക് നൽകിയിട്ടുണ്ട്.
1984 മുതൽ 2009വരെ എസി മിലാനിൽമാത്രം കളിച്ച മാൾഡിനി, ക്ലബിനായി 900ലധികം മത്സരങ്ങൾ കളിക്കുകയും അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഏഴ് സീരി എ കിരീടങ്ങളും നേടുകയും ചെയ്ത അനുഭവ സമ്പത്തുണ്ട്. ഇറ്റലിക്കായി 126 മത്സരങ്ങൾ കളിച്ച താരം 1994 ലോകകപ്പിലും 2000 യൂറോ കപ്പിലും റണ്ണറപ്പായി. ഫുട്ബോളിൽനിന്ന് വിരമിച്ചശേഷം എസി മിലാനിൽ ടെക്നിക്കൽ ഡയറക്ടറായി പ്രവർത്തിച്ച അനുഭവവും മാൾഡിനിക്കുണ്ട്.
എസി മിലാന്റെ ടെക്നിക്കൽ ഡയറക്ടറായി പ്രവർത്തിച്ച കാലത്ത് ക്ലബിന്റെ പുനർനിർമാണത്തിന് നേതൃത്വം നൽകിയ മാൽഡിനി, 2021-22 സീസണിൽ 11 വർഷത്തെ കാത്തിരിപ്പിനുശേഷം മിലാനെ വീണ്ടും സീരി എ ചാമ്പ്യൻമാരാക്കി. യുവതാരങ്ങളെ കണ്ടെത്തുന്നതിലും ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വ്യാപകമായി പ്രശംസിക്കപ്പെട്ടിരുന്നു. അതേ മാതൃക ഇറ്റാലിയൻ ദേശീയ ടീമിലും അദ്ദേഹം ആവർത്തിക്കുമെന്നാണ് ഫെഡറേഷന്റെ പ്രതീക്ഷ.
മാൾഡിനിയുടെ ആദ്യ ചുമതലകളിലൊന്ന് ദേശീയ ടീമിന് പുതിയ പരിശീലകനെ കണ്ടെത്തുകയായിരിക്കും. ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് പരാജയത്തെതുടർന്ന് ജെന്നാരോ ഗട്ടൂസോ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ, പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നതിൽ മാൾഡിനിക്ക് നിർണായക പങ്കുണ്ടാകുമെന്ന് ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ദീർഘകാല പ്ലാനിങ്ങിലൂടെ 2030 ലോകകപ്പിൽ ഇറ്റലിയെ വീണ്ടും ശക്തരാക്കി തിരിച്ചെത്തിക്കുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം.
Italy's dramatic decline since winning the 2006 FIFA World Cup has prompted a major overhaul. After group-stage exits in 2010 and 2014 and failure to qualify for the 2018, 2022 and 2026 World Cups, the Italian federation appointed legendary defender Paolo Maldini as technical director. Tasked with rebuilding the national team, Maldini will oversee youth development, long-term planning and the appointment of a new head coach. Italy hopes his experience at AC Milan will help restore the Azzurri as a global football powerhouse.