Carl Recine/Getty Images
Soccer

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുതിയ മാറ്റങ്ങൾ; വരാനിരിക്കുന്നത് വാശിയേറിയ പുതിയ ഫുട്ബോൾ യുഗം

പ്രീമിയർ ലീ​ഗിലെ ഈ മാറ്റത്തിന് കാരണം ചെറിയ ടീമുകളുടെ മികച്ച പ്രകടനമാണോ അതോ വലിയ ടീമുകളുടെ മോശം ഫോം ആണോ എന്നത് വ്യക്തമല്ല.

Sports Desk

കഴിഞ്ഞ സീസണിലെ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് മത്സരങ്ങൾ അടുത്തകാലത്ത് നടന്നതിൽവെച്ച് ഏറ്റവും വാശിയേറിയതായിരുന്നു. ചാമ്പ്യന്മാരായ ആഴ്‍സണലിനും ഏറ്റവും അവസാന സ്ഥാനക്കാരായ വോൾവ്‍സും തമ്മിലുള്ള പോയിന്റ് വ്യത്യാസം സാധാരണ ​ഗതിയിലായിരുന്നെങ്കിലും പോയിന്റ് പട്ടികയുടെ മധ്യത്തിൽ വലിയ മാറ്റങ്ങളാണ് ഈ സീസണിൽ സംഭവിച്ചത്.

1995-96 വർഷത്തിൽ ടീമുകളുടെ എണ്ണം 20 ആയി ചുരുക്കിയതിന് ശേഷം, ആദ്യത്തെ നാല് സ്ഥാനക്കാരും അവസാനത്തെ മൂന്ന് സ്ഥാനക്കാരും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഓരോ വർഷവും കൂടിക്കൂടി വരികയായിരുന്നു. വലിയ ക്ലബ്ബുകൾക്ക് ഇതിന്റെ ​ഗുണം വലിയ രീതിയിൽ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീ​ഗിലെ മുൻനിരക്കാരും പിന്നാക്കക്കാരും തമ്മിലുള്ള ഈ പോയിന്റ് വ്യത്യാസം വെറും 26 പോയിന്റായി ചുരുങ്ങി. 2024-25 സീസണിൽ ഇത് 44 പോയിന്റായിരുന്നു എന്നതുകൂടി ഓർക്കണം. കഴിഞ്ഞ 23 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പോയിന്റ് വ്യത്യാസമാണിത്.

പോയിന്റ് നിലയിലെ ഈ അന്തരം കുറഞ്ഞത് കാരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് യൂറോപ്യൻ മത്സരങ്ങളിലേക്ക് യോ​ഗ്യത നേടുത എന്നത് ചെറിയ ടീമുകൾക്ക് കൂടുതൽ എളുപ്പമായിരുന്നു. തൊട്ടുമുൻപത്തെ സീസണിൽ ലഭിച്ചതിനേക്കാൾ ഒരു പോയിന്റ് കുറവായിരുന്നിട്ടും ആസ്റ്റൺ വില്ല ഇത്തവണ ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത നേടി. ലിവർപൂൾ അഞ്ചാം സ്ഥാനക്കാരായി ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത നേടിയെങ്കിലും അവർക്ക് 60 പോയിന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ 19 വർഷത്തിനിടയിൽ അഞ്ചാം സ്ഥാനത്ത് എത്തുന്ന ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ പോയിന്റാണിത്. ഈ അവസരം മുതലാക്കി ബോൺമൗത്തും സണ്ടർലാൻഡും ചരിത്രത്തിലാദ്യമായി യൂറോപ്യൻ മത്സരങ്ങൾക്ക് യോ​ഗ്യത നേടിയെന്നതും ശ്രദ്ധേയമാണ്.

പോയിന്റ് പട്ടികയിൽ താഴെയുള്ള ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പതിമൂന്നാം സ്ഥാനത്തായിരുന്ന എവർട്ടൺ ഈ സീസണിൽ മികച്ച പോയിന്റാണ് നേടിയത്. പതിനെട്ടാം സ്ഥാനത്തായി തരംതാഴ്ത്തപ്പെട്ട വെസ്റ്റ് ഹാമിനും 2010-11ന് ശേഷം ഈ സ്ഥാനത്ത് എത്തുന്ന ഒരു ടീമിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പോയിന്റ് നേടാനായി എന്നത് അവരുടെ ദൗർഭാ​ഗ്യമായി കണക്കാക്കാം. ആകെ 20 ടീമുകളിൽ 13 ടീമുകളും നാൽപ്പതിനും അറുപതിനും ഇടയിൽ പോയിന്റുകൾ നേടി. 2003-04 സീസണിന് ശേഷം ആദ്യമായാണ് ഇത്രയും ടീമുകൾ സമാനമായ പോയിന്റ് നിലയിൽ എത്തുന്നത്.

അതേസമയം, പ്രീമിയർ ലീ​ഗിലെ ഈ മാറ്റത്തിന് കാരണം ചെറിയ ടീമുകളുടെ മികച്ച പ്രകടനമാണോ അതോ വലിയ ടീമുകളുടെ മോശം ഫോം ആണോ എന്നത് വ്യക്തമല്ല. ബ്രൈറ്റൺ, ബ്രെന്റ്ഫോർഡ്, ബോൺമൗത്ത് തുടങ്ങിയ ചെറിയ ക്ലബ്ബുകളുടെ മികച്ച ആസൂത്രണവും വിദേശത്ത് നിന്ന് മികച്ച കളിക്കാരെ ടീമിലത്തിക്കാനുള്ള സാമ്പത്തിക ശേഷിയും ഇതിന് ഒരു കാരണമായിരിക്കാം. എന്നാൽ, കഴിഞ്ഞ സീസണിലെ മുൻനിര ടീമുകളായ ലിവർപൂൾ, ചെൽസി, ന്യൂകാസിൽ, നോട്ടിങ്ഹാം ഫോറസ്റ്റ് എന്നിവർക്കെല്ലാം കൂടി മുൻവർഷത്തേക്കാൾ 79 പോയിന്റുകൾ കുറഞ്ഞതും ഈ മാറ്റത്തിന് ആക്കം കൂട്ടി. പുതിയതായി ലീഗിലേക്ക് വന്ന സണ്ടർലാൻഡ്, ലീഡ്സ് എന്നീ ടീമുകൾ പ്രീമിയർ ലീഗിലേക്ക് വന്നയുടനെ മികച്ച പ്രകടനം നടത്തിയതും വലിയ അത്ഭുതമായി മാറി.

ഇതിന്റെയെല്ലാം ഫലമായി അടുത്ത സീസണിൽ വലിയ മാറ്റങ്ങൾ നമുക്ക് കാണാൻ കഴിയും. ബോൺമൗത്ത്, ബ്രൈറ്റൺ, സണ്ടർലാൻഡ് എന്നീ ടീമുകൾ പുതിയ സീസണിൽ യൂറോപ്യൻ മത്സരങ്ങൾ കളിക്കുമ്പോൾ വമ്പന്മാരായ ചെൽസി, ടോട്ടൻഹാം, ന്യൂകാസിൽ എന്നിവർക്ക് അതിന് കഴിയില്ല. വരാനിരിക്കുന്ന 2026-27 സീസണിൽ പഴയതുപോലെ വലിയ ടീമുകൾ തിരികെ വരുമോ അതോ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയൊരു വാശിയേറിയ യുഗത്തിലേക്ക് കടക്കുകയാണോ എന്നത് കാത്തിരുന്ന് കാണാം.

കടുത്ത മത്സരത്തിന്റെ മറുപുറം: അവസാന സ്ഥാനക്കാർ നേരിടുന്ന പ്രതിസന്ധി

ലീ​ഗിൽ മുൻനിര ടീമുകൾ തമ്മിലുള്ള മത്സരം വളരെ കടുപ്പമേറിയതാണെങ്കിലും പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയുള്ള ടീമികളുടെ കാര്യത്തിൽ ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. മുൻകാലങ്ങളിൽ സീസൺ അവസാനിക്കുന്നതിന് വളരെ മുൻപ് തന്നെ ഒരു ടീം മാത്രമായിരുന്നു വലിയ പോയിന്റ് വ്യത്യാസത്തിൽ ഏറ്റവും പിന്നിലായി പോയിരുന്നത്. എന്നാൽ, ഇന്നത്തെ അവസ്ഥയിൽ രണ്ട് ടീമുകളാണ് ഇത്തരത്തിൽ വളരെ വേ​ഗം പിന്നാക്കം പോകുന്നത്.

38 മത്സരങ്ങളുള്ള ഒരു സീസണിൽ പത്തൊൻപതാം സ്ഥാനത്ത് എത്തുന്ന ടീമുകൾക്ക് ശരാശരി 31 പോയിന്റുകൾ ലഭിക്കാറുണ്ടായിരുന്നു. അതായത്, അവസാന നിമിഷം വരെ പൊരുതിയ ശേഷമാണ് ഈ ടീമുകൾ പലപ്പോഴും തരംതാഴ്ത്തപ്പെട്ടിരുന്നത്. 1995-96 സീസണിൽ ടീമുകളുടെ എണ്ണം 20 ആയി ചുരുക്കിയതിന് ശേഷമുള്ള ആദ്യ 21 വർഷങ്ങളിൽ വെറും രണ്ട് തവണ മാത്രമാണ് പത്തൊൻപതാം സ്ഥനത്തുള്ള ടീമുകൾക്ക് 30 പോയിന്റ് തികയ്ക്കാൻ കഴിയാതെ പോയത്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുത്താൽ, ഈ സ്ഥാനത്ത് എത്തിയ പത്തിൽ ഏഴ് ടീമുകൾക്കും 30 പോയിന്റ് പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് ലീ​ഗിലെ താഴെത്തട്ടിലുള്ള കടുത്ത പ്രതിസന്ധിയെ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ രണ്ട് സീസണുകളിൽ ലീ​ഗിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ട് വന്ന ഇപ്‍സ്‍വിച്ച്, ബേൺലി എന്നീ ടീമുകൾ വെറും 22 പോയിന്റുകളോടെയാണ് പത്തൊൻപതാം സ്ഥാനത്ത് എത്തിയത്. പ്രീമിയർ ലീ​ഗിന്റെ ചരിത്രത്തിൽ തന്നെ ഈ സ്ഥാനത്ത് എത്തുന്ന ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ പോയിന്റാണിത്. തരംതാഴ്ത്തപ്പെടാതിരിക്കാനുള്ള പോരാട്ടം ഇപ്പോൾ അവസാനത്തെ മൂന്ന് സ്ഥാനങ്ങളിൽ ആര് ഉൾപ്പെടും എന്നതിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു. കാരണം, അവസാനത്തെ രണ്ട് സ്ഥാനങ്ങളിൽ ആരൊക്കെയായിരിക്കും എന്നത് സീസൺ അവസാനിക്കുന്നതിന് വളരെ മുൻപ് തന്നെ തീരുമാനിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. മിക്കവാറും പുതിയതായി പ്രൊമോട്ട് ചെയ്യപ്പെട്ട് വരുന്ന ടീമുകളാണ് ഈ സ്ഥാനങ്ങളിൽ എത്തിപ്പെടാറുള്ളത്.

എങ്കിലും, കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം നടത്തി ലീ​ഗിൽ നിലനിൽക്കാൻ കഴിഞ്ഞ സണ്ടർലാൻഡ്, ലീഡ്സ് എന്നീ ടീമികളുടെ മുന്നേറ്റം പുതിയ ടീമുകൾക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഇവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇത്തവണ പ്രീമിയർ ലീ​ഗിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ട കോവെൻട്രി സിറ്റി, ഇപ്‌സ്‌വിച്ച് ടൗൺ, ഹൾ സിറ്റി എന്നീ ക്ലബ്ബുകൾ ഈ കടുത്ത മത്സരത്തെ അതിജീവിച്ച് ലീഗിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ സാധിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് പുതിയ സീസണിനിറങ്ങുന്നത്.

The English Premier League is experiencing a fiercely competitive new era where the gap between top clubs and mid-table teams has drastically narrowed, allowing smaller clubs to secure European spots with fewer points. However, this intense competition comes at a cost: the bottom two teams are increasingly being left completely behind, registering record-low point totals early in the season. While the mid-table thrives, newly promoted teams face a tougher battle for survival than ever before.