Soccer

പ്രീമിയർ ലീഗിൽ ആവേശപ്പോരാട്ടങ്ങളുടെ വാരാന്ത്യം; ആഴ്സനൽ–മാഞ്ചസ്റ്റർ സിറ്റി ക്ലാഷും, യുണൈറ്റഡിന്റെ തട്ടകത്തിൽ പോച്ചെറ്റിനോയുടെ അരങ്ങേറ്റവും

ഞായറാഴ്ച രാത്രി 7.35-ന് നാല് മത്സരങ്ങളാണ് നടക്കുന്നത്.

Sports Desk

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ആവേശവും സമ്മർദ്ദവും നിറഞ്ഞ മറ്റൊരു വാരാന്ത്യത്തിന് കളമൊരുങ്ങുകയാണ്. ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള വമ്പൻ പോരാട്ടം, ലിവർപൂളും എവർട്ടണും ഏറ്റുമുട്ടുനന മെഴ്സിസൈഡ് ഡെർബി, ഓൾഡ് ട്രഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായുള്ള മൗറിഷ്യോ പോച്ചെറ്റിനോയുടെ ആദ്യ ഹോം മത്സരം എന്നിവയാണ് ഈ ആഴ്ചയിലെ പ്രധാന ആകർഷണങ്ങൾ. ഇതിന് പുറമെ ചെൽസിക്കെതിരെ മുൻതാരം ലിയാം ഡെലപ് ഇറങ്ങുന്നതും, പ്രതിസന്ധിയിലായ ആസ്റ്റൺ വില്ലയുടെയും ക്രിസ്റ്റൽ പാലസിന്റെയും തിരിച്ചുവരവ് ശ്രമങ്ങളും ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നു.

ശനിയാഴ്ച പുലർച്ചെ 1.30ന് (ഇന്ത്യൻ സമയം) നടക്കുന്ന നോട്ടിങ്ഹാം ഫോറസ്റ്റ്-ചെൽസി മത്സരത്തോടെയാണ് വാരാന്ത്യ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. കഴിഞ്ഞ സീസണിൽ ചെൽസിക്കെതിരായ മത്സരങ്ങൾ ഫോറസ്റ്റിന്റെ ഭാ​ഗ്യം മാറ്റിമറിച്ച ചരിത്രമാണുള്ളത്. ഒക്ടോബറിൽ ചെൽസിയോട് തോറ്റതിന് ശേഷം 12 മത്സരങ്ങളിൽ ഏഴെണ്ണം ജയിച്ച് ഫോറസ്റ്റ് കുതിച്ചപ്പോൾ, മെയ് മാസത്തിൽ ചെൽസിയെ തോൽപ്പിച്ചതിന് ശേഷം ടീമിന്റെ ഫോം കുത്തനെ ഇടിയുകയും പിന്നീട് രണ്ട് ജയങ്ങൾ മാത്രമാണ് നേടാനായതും. താരങ്ങളുടെ നിലവാരം ഉയർത്താനായി പരിശീലകൻ ഒലിവർ ഗ്ലാസ്നർ അടുത്തിടെ നടത്തിയ വിമർശനങ്ങൾ ഫലം കാണുമോ എന്ന് ഈ മത്സരത്തിൽ അറിയാം.

ചെൽസിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ട്രൈക്കർ ലിയാം ഡെലാപ് തന്റെ മുൻ ക്ലബ്ബിനെതിരെ ഇറങ്ങുന്നു എന്നതാണ് ഈ മത്സരത്തിലെ പ്രധാന സവിഷേശത. കഴിഞ്ഞ ആഴ്ച ഡൊമിനിക് കാൽവർട്ട്-ലെവിന് മുന്നിൽ പതറിയ ചെൽസി പ്രതിരോധനിര താരങ്ങളായ വെസ്ലി ഫൊഫാനയെയും ലെവി കോൾവില്ലിനെയും പരിചയസമ്പന്നതയില്ലാത്ത തുടക്കക്കാർ എന്നാണ് ജാമി കാരഗർ വിശേഷിപ്പിച്ചത്. മികച്ചൊരു സെന്റർ-ബാക്കിനെയും നായകനെയും സ്വന്തമാക്കാതെ ചെൽസിക്ക് ഒന്നും നേടാനാവില്ലെന്ന കാരഗറുടെ വാക്കുകൾക്കിടെ, ചെൽസിയുടെ ദുർബലമായ പ്രതിരോധത്തെ മുതലെടുക്കാനാകും ഡെലാപിന്റെ ശ്രമം.

ശനിയാഴ്ച രാത്രി 8.30ന് ലീഡ്സ് യുണൈറ്റഡ് കോവൻട്രിയെ നേരിടുമ്പോൾ ശ്രദ്ധാകേന്ദ്രം സ്ട്രൈക്കർ ഡൊമിനിക് കാൽവർട്ട്-ലെവിനും പരിശീലകൻ ഡാനിയൽ ഫാർക്കെയുമാണ്. 2025 വേനൽക്കാലത്ത് ഫ്രീ ട്രാൻസ്ഫറിലൂടെ കാൽവർട്ട്-ലെവിൻ ലീഡ്സിലെത്തിയപ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ എവർട്ടണിൽ പരിക്കുകൾ അലട്ടിയിരുന്ന ഇരുപത്തിയൊൻപതുകാരൻ ലീഡ്സിനായി 46 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടി വിമർശകരുടെ വായടപ്പിച്ചു.

അവസാന 36 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടിയ താരം കഴിഞ്ഞ ഒരു വർഷത്തെ പ്രീമിയർ ലീഗ് ഗോൾവേട്ടക്കാരിൽ എർലിങ് ഹാലൻഡിന് (22 ഗോളുകൾ) പിന്നിൽ രണ്ടാമതാണ്. 2029 വരെ താരം കരാർ പുതുക്കിയതിന്റെ ആവേശത്തിലാണ് ആരാധകർ. ഇതോടെ അടുത്ത വേനൽക്കാലത്ത് കരാർ അവസാനിക്കുന്ന ജർമ്മൻ പരിശീലകൻ ഡാനിയൽ ഫാർക്കെയും കരാർ പുതുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ക്ലബ്ബുമായി താൻ പ്രണയത്തിലാണെന്ന് പറഞ്ഞ ഫാർക്കെ, എന്നാൽ തന്റെ ഭാവിയെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് വ്യക്തമാക്കിയത്.

അതേസമയം, ശനിയാഴ്ച രാത്രി 8.30ന് തന്നെ ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രെന്റ്ഫോർഡിനെ നേരിടും. ബുധനാഴ്ച സ്പോർട്ടിങിനെതിരായ മത്സരത്തിന്റെ അവസാന നിമിഷം ലൂയിസ് സുവാരസിന് സമനില ഗോൾ നേടാൻ അവസരമൊരുക്കിയ ഗോൾകീപ്പർ സെനെ ലാമെൻസിന്റെ വലിയ പിഴവ് വലിയ ചർച്ചയായിരുന്നു. പ്രതിരോധനിരയുടെ കൂട്ടായ വീഴ്ചയാണ് ഗോളിന് കാരണമെന്ന് പോച്ചെറ്റിനോ ന്യായീകരിച്ചെങ്കിലും ലാമെൻസ് കടുത്ത സമ്മർദ്ദത്തിലാണ്. കഴിഞ്ഞ സീസണിൽ ലീഡ്സിനായി കളിച്ച പരിചയസമ്പത്തുള്ള രണ്ടാം നമ്പർ ഗോൾകീപ്പർ കാൾ ഡാർലോ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 30 മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അതിനാൽ പോച്ചെറ്റിനോ ലാമെൻസിന് തന്നെ വീണ്ടും അവസരം നൽകാനാണ് സാധ്യതയെങ്കിലും ഇനിയും പിഴവുകൾ ആവർത്തിച്ചാൽ വെയ്ൽസ് താരമായ ഡാർലോയ്ക്ക് അവസരം ലഭിച്ചേക്കും.

ശനിയാഴ്ച രാത്രി 11.00-ന് നടക്കുന്ന ഇപ്സ്വിച്ച്–ആസ്റ്റൺ വില്ല പോരാട്ടം ഇരുടീമുകൾക്കും നിർണായകമാണ്. ടോട്ടൻഹാമിന്റെ മുഹമ്മദ് കുഡുസുമായുള്ള കൂട്ടിയിടിയിൽ കാലിന് പരിക്കേറ്റ ലെയ്ഫ് ഡേവിസിന് സീസണിൽ ആദ്യമായി പ്രീമിയർ ലീഗ് മിനിറ്റുകൾ നഷ്ടമായതോടെ, സെന്റർ-ബാക്കുകളായ ഇസ്സ ഡിയോപ്പും ഡാര ഓഷിയുമാണ് ഇപ്സ്വിച്ചിനായി സീസണിൽ ഇതുവരെ മുഴുവൻ സമയവും കളിച്ച താരങ്ങൾ. ഇതുവരെ ഒരു ക്ലീൻ ഷീറ്റ് പോലും നേടാനാകാത്ത ഇപ്സ്വിച്ച് 22 ഗോളുകൾ വഴങ്ങിയിട്ടുണ്ട്.

എന്നാൽ ഇതിനേക്കാൾ ഞെട്ടിക്കുന്നതാണ് ആസ്റ്റൺ വില്ലയുടെ പ്രതിരോധ കണക്കുകൾ. ചൊവ്വാഴ്ച ഗാലറ്റസറേയോട് 1-0 ന് തോറ്റതോടെ വില്ല വിജയമറിഞ്ഞിട്ട് ഒരു മാസം തികഞ്ഞു. അവസാന ആറ് മത്സരങ്ങളിൽ മൂന്ന് സമനിലകൾ വഴങ്ങിയ വില്ലയ്ക്ക് രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഗോൾ നേടാനായത്. റെലഗേഷൻ മേഖലയ്ക്ക് തൊട്ടുമുകളിലുള്ള ഇപ്സ്വിച്ച് ഈ മത്സരം ജയിച്ചാൽ പോയിന്റ് പട്ടികയിൽ വില്ലയ്ക്ക് ഒപ്പമെത്തും.

ഞായറാഴ്ച വൈകീട്ട് 5.30-ന് നടക്കുന്ന മെഴ്‌സിസൈഡ് ഡെർബിയിൽ തികച്ചും വിപരീതമായ മാനസികാവസ്ഥയിലാണ് ലിവർപൂളും എവർട്ടണും ഇറങ്ങുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ 4-0 ന് തകർത്തതിന് പിന്നാലെ ക്ലബ്ബ് ബ്രൂഗിനെ 3-0 ന് തോൽപ്പിച്ച ലിവർപൂൾ മികച്ച ഫോമിലാണ്. അലക്സാണ്ടർ ഇസാക്കിന്റെയും ഫ്ലോറിയൻ വിർട്സിന്റെയും പ്രകടനവും പരിശീലകൻ അൻഡോണി ഇറോളയുടെ തന്ത്രങ്ങളും ടീമിന് കരുത്തേകുന്നതായി നായകൻ വിർജിൽ വാൻ ഡൈക്ക് പറഞ്ഞു.

മറുവശത്ത്, തിങ്കളാഴ്ച ബ്രെന്റ്ഫോർഡിനോട് 4-0 ന് തകർന്നടിഞ്ഞ എവർട്ടൺ ഡേവിഡ് മോയ്‌സിന്റെ രണ്ടാം വരവിലെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ആ മത്സരത്തിൽ നായകൻ ജെയിംസ് ടാർക്കോവ്‌സ്‌കി ചുവപ്പുകാർഡ് കണ്ട് പുറത്തായത് എവർട്ടണ് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ സീസണിൽ ഹിൽ ഡിക്കിൻസൺ സ്റ്റേഡിയത്തിൽ നടന്ന ഡെർബിയിൽ ജാറഡ് ബ്രാന്ത്‌വെയ്റ്റ് പരിക്കേറ്റ് പുറത്തുപോയപ്പോൾ 100-ാം മിനിറ്റിലെ കോർണറിലൂടെ ലിവർപൂൾ വിജയം പിടിച്ചെടുത്തിരുന്നു. ടാർക്കോവ്‌സ്‌കിയുടെ അഭാവത്തിൽ പ്രതിരോധത്തിൽ വിള്ളലുണ്ടാകാൻ സാധ്യതയുള്ളതിനാൽ ബ്രാന്ത്‌വെയ്റ്റിനൊപ്പം ജെയ്ക്ക് ഒബ്രിയന് വലിയൊരു പരീക്ഷണമായിരിക്കും ഈ മത്സരം.

ഞായറാഴ്ച രാത്രി 7.35-ന് നാല് മത്സരങ്ങളാണ് നടക്കുന്നത്. ബ്രൈറ്റൺ ന്യൂകാസിലിനെ നേരിടുമ്പോൾ ഫാബിയൻ ഹർസെലറുടെ പരിശീലന ശൈലി ടീമിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് ജോർജിനിയോ റട്ടർ മനസ്സ് തുറന്നു. പുതിയ താരങ്ങളായ ലൂക്ക വുസ്കോവിച്ചും ചെമ ആൻഡ്രേസും ആദ്യ ഇലവനിൽ സ്ഥാനമുറപ്പിച്ചപ്പോൾ, കാലിലെ പരിക്കിൽ നിന്ന് മുക്തനായ റട്ടർക്ക് ഗ്രീക്ക് കൗമാരതാരം ചരാലാംപോസ് കോസ്റ്റൗലാസിന് പിന്നിലായിപ്പോകേണ്ടി വന്നു. കഴിഞ്ഞ ആഴ്ച ഹൾ സിറ്റിയോടേറ്റ തോൽവിയിൽ സ്റ്റാർട്ട് ചെയ്തെങ്കിലും 13 പ്രീമിയർ ലീഗ് മത്സരങ്ങളായി ഗോൾ കണ്ടെത്താനാകാത്ത റട്ടർ ന്യൂകാസിലിനെതിരെ വീണ്ടും ബെഞ്ചിലിരിക്കാൻ സാധ്യതയുണ്ട്.

ഇതേസമയം നടക്കുന്ന സണ്ടർലാൻഡ്-ടോട്ടൻഹാം മത്സരത്തിന് മുൻപ് ടോട്ടൻഹാം ആരാധകരെ വലയ്ക്കുന്നത് റെയിൽവേ ​ഗതാ​ഗത തടസമാണ്. കിങ്സ് ക്രോസിനും പീറ്റർബറോയ്ക്കും ഇടയിലുള്ള അറ്റകുറ്റപ്പണികൾ കാരണം ലണ്ടനിൽ നിന്നുള്ള ആരാധകർക്ക് പുലർച്ചെ 6.33ന് പുറപ്പെട്ട് മൂന്ന് തവണ വാഹനങ്ങൾ മാറിക്കയറിയാലേ മത്സരത്തിന് എത്താനാകൂ. കുറഞ്ഞ റിട്ടേൺ ടിക്കറ്റ് നിരക്ക് 180.30 പൗണ്ടാണ്. 2028-ലെ യൂറോ കപ്പിനും 2035-ലെ വനിതാ ലോകകപ്പിനും ആതിഥേയത്വം വഹിക്കാനുള്ള യുകെയുടെ ഗതാഗത സൗകര്യങ്ങളെക്കുറിച്ച് ഇത് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കളിക്കളത്തിൽ, പരിക്കേറ്റ ബ്രയാൻ ബ്രോബിയുടെയും ഗ്രാനിറ്റ് ഷാക്കയുടെയും അഭാവം മുതലെടുക്കാനാണ് സ്പർസിന്റെ ശ്രമം. ഷാക്കയ്ക്ക് പകരക്കാരനായെത്തുന്ന ഇരുപതുകാരൻ ജൂൾസ് അഹോക്കയും സാന്ദ്രോ ടൊണാലിയും തമ്മിലുള്ള മധ്യനിര പോരാട്ടം ആരാധകർ ആകാംക്ഷയോടെയാണ് കാണുന്നത്.

പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ക്രിസ്റ്റൽ പാലസ് ഞായറാഴ്ച രാത്രി 7.35-ന് സെൽഹർസ്റ്റ് പാർക്കിൽ ഹൾ സിറ്റിയെ നേരിടും. ഏപ്രിലിൽ വെസ്റ്റ് ഹാമിനെതിരെ ഗോൾരഹിത സമനില വഴങ്ങിയതിനുശേഷം സ്വന്തം തട്ടകത്തിൽ ഒരു ക്ലീൻ ചിറ്റ് പോലും നേടാൻ പാലസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ച ബ്രൈറ്റണെ അട്ടിമറിച്ച ആത്മവിശ്വാസവുമായാണ് ഹൾ സിറ്റി എത്തുന്നത്. ബ്രെന്റ്ഫോർഡിലും ടോട്ടൻഹാമിലുമായി അവസാന 22 ഹോം മത്സരങ്ങളിൽ നാലെണ്ണം മാത്രമാണ് പരിശീലകൻ തോമസ് ഫ്രാങ്കിന് ജയിക്കാനായത്. പാലസിനെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് കരകയറ്റണമെങ്കിൽ ഫ്രാങ്കിന് ഈ മോശം റെക്കോർഡ് തിരുത്തിയേ തീരൂ.

മറ്റൊരു മത്സരത്തിൽ അൽവാരോ അർബെലോവയുടെ കീഴിൽ നിശ്ശബ്ദമായി മുന്നേറുന്ന ഫുൾഹാം ബോൺമൗത്തിനെ നേരിടും. എൽഷെയിൽ നിന്ന് എത്തിയ ഓസ്ട്രിയൻ പ്രതിരോധ താരം ഡേവിഡ് അഫെൻഗ്രൂബറുടെ വരവ് ഫുൾഹാം പ്രതിരോധത്തെ ഏറെ ശക്തമാക്കിയിട്ടുണ്ട്. അഫെൻഗ്രൂബർ കളിച്ച ആദ്യ എട്ട് മത്സരങ്ങളിൽ ആറ് ഗോളുകൾ മാത്രമാണ് ഫുൾഹാം വഴങ്ങിയത്. കാൽവിൻ ബാസ്സിയുമായുള്ള താരത്തിന്റെ കൂട്ടുകെട്ട് വലിയ പരീക്ഷണം നേരിടുന്നത് അവസാന ഒൻപത് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടി മിന്നും ഫോമിലുള്ള ബോൺമൗത്ത് സ്‌ട്രൈക്കർ എവാനിൽസന് മുന്നിലായിരിക്കും.

വാരാന്ത്യത്തിലെ ഏറ്റവും വലിയ പോരാട്ടം ഞായറാഴ്ച രാത്രി 10.00-ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സനലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ്. ആഴ്ചമധ്യത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ഗോൾ നേടിയിട്ടും വിക്ടർ ഗ്യോക്കറസ് ബെഞ്ചിലിരിക്കാനും കായ് ഹാവെർട്സ് മുന്നേറ്റനിര നയിക്കാനുമാണ് സാധ്യത. വലതുവിങിൽ നോനി മഡുവെക്കെ സ്ഥാനമുറപ്പിച്ച സാഹചര്യത്തിൽ ഇടതുവിങിൽ ക്രിസ്റ്റോസ് സോളിസിനെ കളിപ്പിക്കണോ അതോ എബെറെച്ചി എസെയെ ഇറക്കണോ എന്നതാണ് പരിശീലകൻ മൈക്കൽ ആർട്ടെറ്റയ്ക്ക് മുന്നിലുള്ള ചോദ്യം.

ക്ലബ്ബ് ബ്രൂഗിൽ നിന്ന് എത്തിയ സോളിസിന് 13 മത്സരങ്ങളിൽ നിന്ന് ഇതുവരെ ഗോൾ നേടാനായിട്ടില്ല. അതേസമയം കഴിഞ്ഞ ആഴ്ച ന്യൂകാസിലിനെതിരെ ഗോൾ നേടിയ എസെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ കോവൻട്രിക്കെതിരെ നേടിയതിന് ശേഷം ഇതുവരെ ഒരു പ്രീമിയർ ലീഗ് മത്സരത്തിലും മൂന്ന് ഗോളുകൾ നേടാൻ ആഴ്സനലിന് കഴിഞ്ഞിട്ടില്ല. എന്നാൽ സീസണിൽ ഇതിനോടകം 14 ഗോളുകൾ വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധനിരയിലെ ദൗർബല്യങ്ങൾ മുതലെടുക്കാനാകും ആർട്ടെറ്റയുടെയും സംഘത്തിന്റെയും തന്ത്രം.

This weekend's Premier League schedule is packed with high-stakes matchups, headlined by Arsenal hosting Manchester City at the Emirates Stadium, where Mikel Arteta faces a selection dilemma on the left wing between Eberechi Eze and Christos Tzolis. Elsewhere, Liverpool take on Everton in the Merseyside derby with the Toffees missing suspended captain James Tarkowski, while Mauricio Pochettino manages his first home game at Old Trafford against Brentford with goalkeeper Senne Lammens under scrutiny. Other key storylines include Liam Delap facing his former club Chelsea, Dominic Calvert-Lewin celebrating his new Leeds contract ahead of the Coventry clash, and struggling sides Aston Villa and Crystal Palace searching for vital wins.