Soccer

ജംഷഡ്പുർ എഫ്‍സിയെ വെറും 100 രൂപയ്ക്ക് വിറ്റ് ടാറ്റാ സ്റ്റീൽ; സ്വന്തമാക്കി ചർച്ചിൽ ബ്രദേഴ്സ്

ക്ലബ്ബിന്റെ ഫസ്റ്റ് ടീമിന്റെയും കോച്ചിങ് സ്റ്റാഫിന്റെയും പൂർണ്ണ ചുമതല ചർച്ചിൽ ബ്രദേഴ്സ് ഏറ്റെടുക്കും

Sports Desk

ഇന്ത്യൻ ഫുട്ബോൾ ആരാധകരം അമ്പരപ്പിച്ചുകൊണ്ട് ഐഎസ്എൽ ക്ലബ്ബായ ജംഷഡ്പുർ എഫ്‍സിയെ വിറ്റ് ടാറ്റാ സ്റ്റീൽ. ഗോവൻ ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്സ് സ്പോർട്സ് ക്ലബ്ബിനാണ് വെറും 100 രൂപയ്ക്ക് ടാറ്റാ സ്റ്റീൽ തങ്ങളുടെ മുഴുവൻ ഓഹരികളും കൈമാറിയത്. ഇതോടെ ക്ലബ്ബിന്റെ ഫസ്റ്റ് ടീമിന്റെയും കോച്ചിങ് സ്റ്റാഫിന്റെയും പൂർണ്ണ ചുമതല ചർച്ചിൽ ബ്രദേഴ്സ് ഏറ്റെടുക്കും.

ക്ലബ്ബിന്റെ നടത്തിപ്പിനായി രൂപീകരിച്ച് ഉപകമ്പനിയായ ജംഷഡ്പുർ ഫുട്ബോൾ ആൻഡ് സ്പോർട്ടിങ് പ്രൈവറ്റ് ലിമിറ്റഡിലെ 100 ശതമാനം ഓഹരികളുമാണ് ചർച്ചിൽ ബ്രദേഴ്സിന് കൈമാറുന്നത്. 10 രൂപ മുഖവിലയുള്ള 4,08,00,000 ഇക്വിറ്റി ഷെയറുകളാണ് 100 രൂപയ്ക്ക് നൽകുന്നത്. ക്ലബ്ബിന്റെ വിൽപ്പന നടപടികൾക്കായി രൂപീകരിച്ച ഡയറക്ടർ സമിതി ഇതിന് അംഗീകാരം നൽകിയതായി ടാറ്റാ സ്റ്റീൽ വ്യക്തമാക്കി. ക്ലബ്ബിന്റെ ഐഎസ്എൽ സ്പോർട്ടിങ് ലൈസൻസിന് പുറമെ, നിലവിൽ ടീമിലുള്ള 12 കളിക്കാരുടെയും രണ്ട് പരിശീലകരുടെയും കരാറുകളും ഈ കൈമാറ്റത്തിൽ ഉൾപ്പെടുന്നു.

ഇതോടെ ജംഷഡ്‌പുർ എഫ്‌സിയുടെ ഐഎസ്എൽ ചരിത്രത്തിന് അവസാനമാവുകയാണ്. 2017 ജൂണിൽ സ്ഥാപിതമായ ക്ലബ്ബ് അക്കൊല്ലം തന്നെയാണ് ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ചത്. 2021-22 സീസണിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി ലീഗ് ഷീൽഡ് സ്വന്തമാക്കിയത് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ്.

ഇന്ത്യൻ ഫുട്ബോൾ ലോകത്തെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു ജംഷഡ്പുരിന്റെ ഈ പിന്മാറ്റം. ഇന്ത്യ ഈ വർഷം അവസാനം കൊൽക്കത്തയിൽ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് ആതിഥേയത്വം വഹിക്കുമെന്ന് സ്ഥിരീകരിച്ച് ദിവസങ്ങൾക്കകമാണ് ഈ പ്രഖ്യാപനം വരുന്നത്. മാത്രമല്ല, കടുത്ത പ്രതിസന്ധി നേരിടുന്ന ഐഎസ്എല്ലിന്റെ നടത്തിപ്പ് ലീഗിൽ കളിക്കുന്ന ക്ലബ്ബുകൾ അടങ്ങുന്ന കൺസോർഷ്യം ഏറ്റെടുക്കുമെന്ന വാർത്ത വന്ന് ഒരു മാസത്തിന് ശേഷമാണ് ടാറ്റായുടെ ഈ അപ്രതീക്ഷിത തീരുമാനം.

ഈ കരാർ യാഥാർത്ഥ്യമാകുന്നതോടെ ഐഎസ്എല്ലിലേക്കുള്ള ചർച്ചിൽ ബ്രദേഴ്സിന്റെ പ്രവേശനം കൂടിയാണ് സ്ഥിരീകരിക്കപ്പെടുന്നത്. 38 വർഷത്തെ പാരമ്പര്യമുള്ള ഗോവൻ ക്ലബ്ബ് അടുത്തിടെ നേരിട്ട വലിയ പ്രതിസന്ധികൾക്ക് ഇതോടെ അവസാനമാകും. 2024-25 ഐ-ലീഗ് സീസണിൽ ഒന്നാമതെത്തിയ ചർച്ചിലിനെ ആദ്യം ചാമ്പ്യന്മാരായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്ടിന്റെ ഇടപെടലിനെ തുടർന്ന് ഈ തീരുമാനം റദ്ദാക്കുകയും ഇന്റർ കാശിക്ക് കിരീടം നൽകുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച്, ഇന്ത്യൻ ഫുട്ബോൾ ലീഗ് എന്ന് പേരുമാറ്റിയ രണ്ടാം ഡിവിഷന്റെ 2025-26 സീസണിൽ കളിക്കാൻ ചർച്ചിൽ വിസമ്മതിച്ചു. ഇതോടെ അവർ മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു. ഐഎസ്എല്ലിലേക്കുള്ള ഈ എൻട്രി ക്ലബ്ബിന് വലിയ പുനർജനനമാണ് നൽകുന്നത്.

താഴെത്തട്ടിലുള്ള ഫുട്ബോൾ വികസനം ലക്ഷ്യമെന്ന് ടാറ്റാ സ്റ്റീൽ

പ്രൊഫഷണൽ ക്ലബ്ബ് ഫുട്ബോളിൽ നിന്ന് പിന്മാറിയാലും താഴെത്തട്ടിലുള്ള ഫുട്ബോൾ വികസനത്തിലും യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും കമ്പനി തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടാറ്റാ സ്റ്റീൽ കോർപ്പറേറ്റ് സർവീസസ് വൈസ് പ്രസിഡന്റ് ഡി ബി സുന്ദര രാമൻ വ്യക്തമാക്കി.

"ഇന്ത്യയെ പ്രതിനിധീകരിച്ച 150 താരങ്ങളെയും വിവിധ പ്രായത്തിലുള്ള ദേശീയ ടീമുകളുടെ 26 ക്യാപ്റ്റന്മാരെയും സംഭാവന ചെയ്ത ടാറ്റാ ഫുട്ബോൾ അക്കാദമിയും ഞങ്ങളുടെ ഈ ലക്ഷ്യത്തിൽ ഉൾപ്പെടുന്നു. അടിസ്ഥാന ഫുട്ബോൾ വികസനത്തിനും അത്‌ലറ്റുകളുടെ ഉന്നമനത്തിനുമായി നിലവിലെ കായിക അടിസ്ഥാന സൗകര്യങ്ങൾ ഞങ്ങൾ നിലനിർത്തുകയും കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും. എഐഎഫ്എഫുമായി സഹകരിച്ച് ഞങ്ങളുടെ യൂത്ത് സിസ്റ്റം ആധുനികവൽക്കരിക്കാനും ഇതിൽ കൂടുതൽ നിക്ഷേപം നടത്തി ശേഷി വർധിപ്പിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നുവെന്നും," അദ്ദേഹം കൂട്ടിച്ചേർത്തു.

Tata Steel has transferred 100% of its stake in Jamshedpur FC to Churchill Brothers Sports Club for a token amount of Rs 100, bringing an end to Jamshedpur FC's journey in the Indian Super League (ISL). The deal includes the club's ISL sporting license, coaching staff, and the contracts of 12 players, paving the way for Churchill Brothers to enter the ISL following a turbulent period in the I-League. While exiting top-flight professional club football, Tata Steel announced it will shift its primary focus to grassroots development, youth systems, and the Tata Football Academy in collaboration with the AIFF.