Soccer

ആ ശബ്ദം നിലച്ചു: കായിക എഴുത്തുകാരനും നോവലിസ്റ്റും കമന്റേറ്ററുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു

കാല്‍പ്പന്തുകളിയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തെ കായിക മാധ്യമ രംഗത്തേക്ക് എത്തിച്ചത്. ഫിഫയുടെ അക്രഡിറ്റഡ് ജേര്‍ണലിസ്റ്റായി വിവിധ മാധ്യമങ്ങള്‍ക്ക് വേണ്ടി എട്ടു ഫുട്‌ബോള്‍ ലോകകപ്പുകളാണ് ഭാസി മലാപ്പറമ്പ് റിപ്പോര്‍ട്ട് ചെയ്തത്

Sports Desk

ഘനഗംഭീരമായ ശബ്ദത്തിലൂടെ ദശാബ്ദങ്ങളോളം മലയാളിയെ കാല്‍പ്പന്ത് കളിയുടെ ആവേശത്തിലേക്ക് നയിച്ച പ്രശസ്ത ഫുട്‌ബോള്‍ എഴുത്തുകാരനും കമന്റേറ്ററും നോവലിസ്റ്റുമായ ഭാസി മലാപ്പറമ്പ് (85) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മലാപ്പറമ്പിലെ 'ലൗ ഡെയ്ല്‍' വസതിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എട്ട് ഫുട്‌ബോള്‍ ലോകകപ്പുകള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത് ചരിത്രത്തില്‍ ഇടംപിടിച്ച അദ്ദേഹം, കായിക-സാഹിത്യ രംഗങ്ങളില്‍ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് ആറു മണിക്ക് മാവൂര്‍ റോഡ് പൊതു ശ്മശാനത്തില്‍ നടക്കും.

1941 മെയ് 10-ന് കുളങ്ങരക്കണ്ടി ചന്തുക്കുട്ടിയുടെയും ചിരുതക്കുട്ടിയുടെയും മകനായി മലാപ്പറമ്പിലാണ് ഭാസി ജനിച്ചത്. മലാപ്പറമ്പ് എല്‍പി സ്‌കൂള്‍, ചോലപ്പുറത്ത് യുപി സ്‌കൂള്‍, സാമൂതിരി കോളജ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, വെസ്റ്റ്ഹില്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എന്‍ജിനീയറിംഗില്‍ ഡിപ്ലോമ നേടിയ അദ്ദേഹം പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനീയറായി സേവനമനുഷ്ഠിച്ച് 1996-ലാണ് വിരമിച്ചത്. സര്‍വീസിലായിരുന്നപ്പോഴും വിരമിച്ച ശേഷവും കോഴിക്കോടിന്റെ സാമൂഹിക, സാംസ്‌കാരിക, കായിക രംഗങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കളിക്കളത്തിലെ ആവേശം, ഘനഗംഭീര ശബ്ദം

തന്റെ ഘനഗംഭീരമായ ശബ്ദം കൊണ്ട് കാല്‍പ്പന്ത് കളിയുടെ ആവേശം കാണികളിലേക്ക് എത്തിച്ച മികച്ചൊരു കമന്റേറ്ററായിരുന്നു ഭാസി മലാപ്പറമ്പ്. സന്തോഷ് ട്രോഫി, നെഹ്‌റു കപ്പ്, നാഗ്ജി ട്രോഫി തുടങ്ങിയ പ്രമുഖ ടൂര്‍ണമെന്റുകളിലും ആകാശവാണിക്ക് വേണ്ടിയും അദ്ദേഹം ഫുട്‌ബോള്‍ കമന്ററി നല്‍കി. മൈക്രോഫോണിന് മുന്നില്‍ മാത്രമല്ല, കളിക്കളത്തില്‍ ലൈന്‍ റഫറിയായും കോഴിക്കോട് യങ് ചലഞ്ചേഴ്സ് ക്ലബ്ബിന്റെയും ജില്ലാ ഫുട്ബോള്‍ ടീമിന്റെയും കളിക്കാരനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. കൂടാതെ പ്രേം നസീര്‍ നായകനായ 'ഫുട്‌ബോള്‍ ചാമ്പ്യന്‍' എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ലോകകപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്ത മലയാളി പ്രമുഖന്‍

കാല്‍പ്പന്തുകളിയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തെ കായിക മാധ്യമ രംഗത്തേക്ക് എത്തിച്ചത്. ഫിഫയുടെ അക്രഡിറ്റഡ് ജേര്‍ണലിസ്റ്റായി വിവിധ മാധ്യമങ്ങള്‍ക്ക് വേണ്ടി എട്ടു ഫുട്‌ബോള്‍ ലോകകപ്പുകളാണ് ഭാസി മലാപ്പറമ്പ് റിപ്പോര്‍ട്ട് ചെയ്തത്. 1982-ലെ സ്‌പെയിന്‍ ലോകകപ്പ് മുതല്‍ 1986 മെക്‌സിക്കോ, 1990 ഇറ്റലി, 1998 ഫ്രാന്‍സ്, 2002 കൊറിയ-ജപ്പാന്‍, 2006 ജര്‍മനി, 2010 സൗത്ത് ആഫ്രിക്ക, 2014 ബ്രസീല്‍ ലോകകപ്പ് വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമേ 2008-ലെ യൂറോകപ്പ് ചാമ്പ്യന്‍ഷിപ്പും അദ്ദേഹം നേരിട്ട് റിപ്പോര്‍ട്ട് ചെയ്തു. ഇത്രയധികം ലോകകപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ അദ്ദേഹത്തിന് ഫുട്ബോള്‍ ഇതിഹാസം പെലെയുമായി അടുത്ത ബന്ധവുമുണ്ടായിരുന്നു.

സാഹിത്യ ലോകത്തെ സംഭാവനകള്‍

കായിക എഴുത്തിന് പുറമെ നോവല്‍ രംഗത്തും ഭാസി മലാപ്പറമ്പ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. 1958-ല്‍ പ്രസിദ്ധീകരിച്ച 'പാനപാത്രത്തിന്റെ കാമുകി'യാണ് അദ്ദേഹത്തിന്റെ ആദ്യ നോവല്‍. നീല തടാകം, അമ്പിളിച്ചോല, മനസ്സുകള്‍ സാഗരങ്ങള്‍, വൃന്ദ, സുഷമയുടെ ഒളിമ്പിക് പര്‍വ്വം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന നോവലുകള്‍. ഇതിനുപുറമേ ഗോള്‍ഡന്‍ ഗോള്‍, ലോകകപ്പ് ഫുട്‌ബോള്‍- ഒരു ചരിത്ര അവലോകനം, ജോഗോ ബോണിറ്റോ, ലോകകപ്പ് ഫുട്ബോള്‍ ബ്രസീല്‍ 2014 വരെ എന്നീ ശ്രദ്ധേയമായ ഫുട്‌ബോള്‍ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന 2002-ലെ ലോകകപ്പ് വേദിയില്‍ വച്ച് ഏറ്റവും മികച്ച വിദേശലേഖകനുള്ള പുരസ്‌ക്കാരം അദ്ദേഹത്തിന് ലഭിച്ചു. യു.എസ്.എ ആസ്ഥാനമായ സായി മാം ഫൗണ്ടേഷന്റെ സമഗ്ര സംഭാവന പുരസ്‌കാരം, കേരള ഫുട്ബോള്‍ ലവേഴ്‌സ് അസോസിയേഷന്റെ ഏറ്റവും മികച്ച ലോകകപ്പ് ലേഖകനുള്ള അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ജലസേചനവകുപ്പില്‍നിന്നു വിരമിച്ച എന്‍ജിനിയര്‍ പരേതയായ പാറക്കുളങ്ങര പാര്‍വതിയാണ് ഭാര്യ. മക്കള്‍: സുദീപ്, പ്രസീത്. മരുമക്കള്‍: നിമ്മി, റിങ്കു.

Veteran Malayalam football journalist, commentator and novelist Bhasi Malaparamba (85) passed away while undergoing treatment for age-related illnesses at his residence, ‘Lou Dale’, in Malaparamba, Kozhikode. He was known for his deep, commanding voice that brought the excitement of football to Malayalam audiences for decades. He will be cremated at the Mavoor Road crematorium at 6 pm today. Born on May 10, 1941, Bhasi worked as an engineer in the Public Works Department and retired in 1996. Despite his professional commitments, he remained actively involved in Kozhikode’s cultural, social and sporting circles. He provided commentary for major tournaments, including the Santosh Trophy, Nehru Cup and Nagji Trophy, as well as for All India Radio. He also served as a linesman and played for Young Challengers Club and the Kozhikode district football team. He appeared in the Prem Nazir-starrer Football Champion.