World Cup 2026

ഈജിപ്ഷ്യൻ കിങ്ങിന് നിരാശമാത്രം നൽകിയ ഫിഫ ലോകകപ്പുകൾ; 2026ൽ 'ലാസ്റ്റ് ഡാൻസി'നൊരുങ്ങുന്ന മുഹമ്മദ് സലാഹ്

2018ൽ അവസാനമായി ലോകകപ്പിൽ പന്തുതട്ടിയ ഈജിപ്ത്, ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട് ഒരു പോയിന്റുപോലും നേടാനാകാതെ പുറത്താവുകയായിരുന്നു

Sports Desk

ക്ലബ് ഫുട്ബോളിൽ കിരീടങ്ങളൊന്നും മുഹമ്മദ് സലാഹ് ഇനി നേടാനില്ല. ചാമ്പ്യൻസ് ലീ​ഗ്, പ്രീമിയർ ലീ​ഗ് തുടങ്ങി യൂറോപിലെ മേജർ കിരീടങ്ങൾ അനവധി വാരിക്കൂട്ടിയിട്ടുണ്ട് ഈജിപ്ഷ്യൻ കിങ്. ലിവർപൂളുമായി ഒൻപത് വർഷത്തെ സഹവാസം തീർന്ന് കഴിഞ്ഞ മാസം ആൻഫീൽഡിന്റെ പടികളിറങ്ങിയപ്പോൾ ലോകകപ്പെന്ന തന്റെ അവസാന സ്വപ്നം മാത്രമായിരുന്നു സലായുടെ മനസ് മുഴുവനും. ഈജിപ്തിന്റെ ഫൈനൽ സ്ക്വാഡിൽ ഇടംനേടി അമേരിക്കയിലേക്കെത്തിയ സലാഹ്ക്കും സംഘത്തിനും നാളെ പുലർച്ചെയാണ് ആദ്യ പോരാട്ടം.

ഈജിപ്തിന് എതിരാളികളായി വരുന്നത് ഫിഫ റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തുള്ള യൂറോപ്യൻ ശക്തികളായ ബെൽജിയം ആണ്. 2018 റഷ്യൻ ലോകകപ്പിൽ മൂന്നാംസ്ഥാനത്താണ് ബെൽജിയം ഫിനിഷ് ചെയ്തത്. ഫിഫ റാങ്കിങ്ങിൽ 29ാം സ്ഥാനത്ത് നിൽക്കുന്ന ഈജിപ്ത് ഇതിനുമുമ്പ് മൂന്ന് തവണയാണ് ലോകകപ്പിൽ കളിച്ചിട്ടുള്ളത്. നോർത്തമേരിക്കൻ ലോകകപ്പ് തനിക്ക് നഷ്ടപ്പെട്ടുപോയ അവസരങ്ങൾക്ക് പകരംവീട്ടാനുള്ള 33 കാരനായ സലാഹിന്റെ അവസാന ദൗത്യമായിരിക്കുമിത്.

2018 ലാണ് ഇതിനുമുമ്പ് ഈജിപ്ത് അവസാനമായി ലോകകപ്പിൽ പന്തുതട്ടിയത്. 2018ലെ റഷ്യൻ ലോകകപ്പ് പ്രകടനങ്ങളിൽ തീർത്തും നിരാശരായിരുന്നു ടീമും ആരാധകരും. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ടീം ഒരു പോയിന്റ് പോലും നേടാതെ അന്ന് പുറത്തായി. ലോകകപ്പ് ചരിത്രത്തിൽ ഇന്നും വിജയമറിയാത്ത ടീമായി ഈജിപ്ത് തുടരുകയാണ്. വീണ്ടുമൊരു ലോകകപ്പിൽ തിരിച്ചെത്തുമ്പോൾ സലാഹ് തന്റെ കരിയറിന്റെ അവസാന ​ഘട്ടത്തിലുമാണ്.

2018 ലോകകപ്പിനുമുന്നെ സലാഹ് കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു. ലിവർപൂളിലെ ആദ്യ സീസണിൽതന്നെ 60 ഗോൾ പങ്കാളിത്തങ്ങൾ നേടി ലോകഫുട്ബോളിനെ വിസ്മയിപ്പിച്ച താരം ഈജിപ്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഇഞ്ചുറി സലായെ തളർത്തി. കീവിൽ നടന്ന ഫൈനലിൽ ലിവർപൂൾ റയൽ മാഡ്രിഡിനെ നേരിടുകയായിരുന്നു. മത്സരം ആരംഭിച്ച് അരമണിക്കൂർ പിന്നിടുംമുമ്പ് റയലിന്റെ സെർജിയോ റാമോസുമായുണ്ടായ ഏറ്റുമുട്ടലിൽ സലാഹ് പരിക്കേറ്റ് പുറത്തായി. റാമോസ് മനപ്പൂർവ്വം ഫൗൾ ചെയ്തതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

അന്ന് ലോകകപ്പ് ആരംഭിക്കാൻ വെറും 20 ദിവസം മാത്രം ശേഷിക്കെ നടത്തിയ പരിശോധനയിൽ സലാഹിന്റെ തോളിലെ ലിഗമെന്റിന് പരിക്കേറ്റതായി കണ്ടെത്തിയിരുന്നു. എന്നിരുന്നാലും താൻ ലോകകപ്പിൽ കളിക്കുമെന്ന് താരം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. മൂന്ന് ആഴ്ചയ്ക്കുശേഷം സലാഹ് ഫിറ്റായെങ്കിലും പരിശീലകൻ ഹെക്ടർ കൂപ്പർ അദ്ദേഹത്തെ അന്നത്തെ ഉറുഗ്വെയ്ക്കെതിരായ ആദ്യ മത്സരത്തിൽ കളിപ്പിക്കാൻ തയ്യാറായില്ല. പകരക്കാരുടെ ബെഞ്ചിലുണ്ടായിരുന്നെങ്കിലും അദ്ദേഹം കളത്തിലിറങ്ങിയില്ല.

സലായില്ലാതെ കളിച്ച ഈജിപ്ത് മികച്ച പ്രതിരോധം കാഴ്ചവെച്ചെങ്കിലും 89-ാം മിനിറ്റിൽ ജോസെ മരിയ ഗിമനസിന്റെ ഗോളിൽ 1-0ന് പരാജയപ്പെട്ടു. പ്രതിരോധംമാത്രം ലക്ഷമിട്ട് സമനിലയുമായി ഒരു പോയിന്റ് നേടിയെടുക്കാമെന്ന പരിശീലകൻ കൂപ്പറിന്റെ പ്രതീക്ഷ അവസാന നിമിഷം തകർന്നു. പിന്നീട് അതാണ് ഈജിപ്തിന് വലിയ തിരിച്ചടിയായത്. നാല് ദിവസങ്ങൾക്ക് ശേഷം ആതിഥേയരായ റഷ്യക്കെതിരായ മത്സരത്തിൽ സലാഹ് ആദ്യ ഇലവനിൽ ഇടംപിടിച്ചു. എന്നാൽ ഒറ്റയ്ക്ക് ടീമിനെ നയിക്കാൻ താരത്തിന് കഴിഞ്ഞില്ല. മത്സരം 3-0ന് റഷ്യയോട് പരാജയപ്പെട്ടെങ്കിലും പെനൽറ്റിയിലൂടെ സലാഹ് ഒരു ​ഗോൾ നേടി. ആ തോൽവിയോടെ റഷ്യൻ ലോകകപ്പിൽനിന്ന് പുറത്താകാനുള്ള വക്കിലെത്തി.

അടുത്ത ദിവസം ഉറുഗ്വെ സൗദി അറേബ്യയെ തോൽപ്പിച്ചതോടെ ഈജിപ്തിന്റെ ലോകകപ്പ് യാത്ര ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവസാനിച്ചു. അവസാന മത്സരം ഒരു ഔപചാരികത മാത്രമായി. സൗദി അറേബ്യക്കെതിരായ മത്സരത്തിൽ വിജയിച്ച് ചരിത്രത്തിലെ ആദ്യ ലോകകപ്പ് ജയം നേടാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. 1934, 1990, 2018 ലോകകപ്പുകളിലായി ഈജിപ്ത് ഏഴ് മത്സരങ്ങൾ കളിച്ചു. രണ്ട് സമനിലയും അഞ്ച് തോൽവിയുമാണ് സമ്പാദ്യം. ഒരു വിജയം പോലും നേടാനായിട്ടില്ല.

Mohamed Salah enters the 2026 World Cup chasing the only major achievement missing from his career. Egypt, appearing in their fourth World Cup, have never won a match, recording two draws and five defeats. After the disappointment of 2018, the 33-year-old hopes to lead the Pharaohs to a historic first World Cup victory.