World Cup 2026

തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത ഇറാന്റെ കാവല്‍ക്കാരന്‍; അലിറേസ ബെയ്റാന്‍വന്ദ് എന്ന പ്രതിഭാസം!

7 വമ്പന്‍ സേവുകളോടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ അലിറേസയുടെ ജീവിതം വറ്റാത്ത പോരാട്ടവീര്യത്തിന്റെ നേര്‍ക്കാഴ്ചയാണ്

Sports Desk

48 ടീമുകള്‍ പങ്കെടുക്കുന്ന ഫിഫ ലോകകപ്പ് വിരസമായിരിക്കുമെന്ന് പ്രവചിച്ചവര്‍ക്ക് തെറ്റി. ചെറിയ രാജ്യങ്ങള്‍ വലിയ വമ്പന്മാരെ വിറപ്പിക്കുന്ന കാഴ്ചയ്ക്കാണ് കളിമുറ്റങ്ങള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞദിവസം ലോസ് ആഞ്ചലസില്‍ ലോക റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തുള്ള ബെല്‍ജിയത്തെ ഇറാന്‍ സമനിലയില്‍ തളച്ചപ്പോള്‍, അതിന് പിന്നില്‍ ഒറ്റയൊരു മനുഷ്യനായിരുന്നു അലിറേസ ബെയ്റാന്‍വന്ദ് എന്ന ഇറാന്റെ ഗോള്‍കീപ്പര്‍.

ആറടി നാലിഞ്ചുകാരനായ ഈ ഗോള്‍കീപ്പര്‍ ബെല്‍ജിയത്തിന്റെ ഏഴ് ഗോളുറച്ച ഷോട്ടുകളാണ് തട്ടിയകറ്റിയത്. ഒടുവില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ട്രോഫിയുമായി നില്‍ക്കുമ്പോള്‍, കേവലം 90 മിനിറ്റിലെ കളി മാത്രമല്ല, അതിജീവനത്തിന്റെ ഒരു വലിയ പോരാട്ടമാണ് അലിറേസയുടെ മുഖത്ത് തെളിഞ്ഞുനിന്നത്. ഈ 7 വമ്പന്‍ സേവുകളോടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ അലിറേസയുടെ ജീവിതം വറ്റാത്ത പോരാട്ടവീര്യത്തിന്റെ നേര്‍ക്കാഴ്ചയാണ്.

ആടുകളെ മേയ്ക്കലും കല്ലേറും: കുട്ടിക്കാലം

ലോറെസ്താനിലെ സഗ്രോസ് മലനിരകളില്‍ ആടുകളെ മേയ്ച്ചുനടന്ന ഒരു നാടോടി കുര്‍ദിഷ് ലക് കുടുംബത്തിലാണ് അലിറേസ ജനിച്ചത്. കുടുംബത്തിലെ മൂത്തമകനായതുകൊണ്ട് തന്നെ ചെറുപ്പകാലം മുതലേ കഠിനമായ ജോലികളില്‍ ഏര്‍പ്പെടേണ്ടി വന്നു. ഒഴിവുസമയങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുമായിരുന്ന അലിറേസ തുടക്കത്തില്‍ ഒരു സ്‌ട്രൈക്കറായിരുന്നു. എന്നാല്‍ ഒരിക്കല്‍ സ്ഥിരം ഗോളിമാര്‍ക്ക് പരിക്കേറ്റപ്പോഴാണ് അവന്‍ അപ്രതീക്ഷിതമായി ഗോള്‍പോസ്റ്റിന് മുന്നില്‍ നില്‍ക്കുന്നത്. അക്കാലത്ത് മലമുകളില്‍ ആടുകളെ കാക്കാന്‍ ദൂരേക്ക് കല്ലെറിയുന്ന 'ദാല്‍പാരന്‍' എന്നൊരു പ്രാദേശിക കളി അലിറേസ കളിക്കാറുണ്ടായിരുന്നു. ഭാരമുള്ള കല്ലുകള്‍ ദൂരേക്ക് എറിയാനുള്ള ഈ കഠിനമായ ശീലം അവന്റെ കൈകള്‍ക്ക് നല്‍കിയ അസാധാരണമായ കരുത്താണ് പിന്നീട് ഫുട്‌ബോള്‍ ലോകത്തെ വിറപ്പിച്ച വലിയ ത്രോകളായി മാറിയത്.

വിസ നിയന്ത്രണങ്ങള്‍ കാരണം അമേരിക്കയില്‍ ബേസ് ക്യാമ്പ് ചെയ്യാന്‍ കഴിയാതെ, മെക്‌സിക്കോയില്‍ താമസിച്ച്, മത്സരത്തിന് വെറും 24 മണിക്കൂര്‍ മുന്‍പ് മാത്രം അമേരിക്കയിലേക്ക് യാത്ര ചെയ്യേണ്ടി വരുന്ന കടുത്ത ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് ഇറാന്‍ ടീം കടന്നുപോകുന്നത്.

കഠിനമായ രാത്രി ജോലികള്‍ കളി ശൈലിയെ ബാധിച്ചെങ്കിലും, ഒടുവില്‍ നഫ്ത് ടെഹ്റാന്‍ എന്ന പ്രാദേശിക ക്ലബ്ബ് അവന്റെ പ്രതിഭ തിരിച്ചറിയുകയും അവരുടെ അണ്ടര്‍-23 ടീമിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. അവിടെ നിന്നാണ് അലിറേസയുടെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് പേര്‍ഷ്യന്‍ പ്രോ ലീഗിലെ മികച്ച ഗോള്‍കീപ്പറായി നാല് തവണ അവന്‍ തിരഞ്ഞെടുക്കപ്പെട്ടു.

റെക്കോര്‍ഡുകളുടെ തമ്പുരാന്‍

ഇന്ന് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും നീളമേറിയ ത്രോയുടെയും കിക്കിന്റെയും ഉടമയായി രണ്ട് ഗിന്നസ് ലോക റെക്കോര്‍ഡുകളാണ് അലിറേസയുടെ പേരിലുള്ളത്. 2016 ഒക്ടോബറില്‍ ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തില്‍ കൈകൊണ്ട് അലിറേസ എറിഞ്ഞ പന്ത് ചെന്നുവീണത് 200.14 അടി (61.002 മീറ്റര്‍) ദൂരത്താണ്. ഇതാണ് ഫുട്‌ബോളിലെ ഏറ്റവും നീളമേറിയ ത്രോ ആയി രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ പെര്‍സെപോളിസിന് വേണ്ടി കളിക്കുമ്പോള്‍ 255.95 അടി (78.014 മീറ്റര്‍) ദൂരത്തേക്ക് പന്ത് അടിച്ചകറ്റി ഏറ്റവും നീളമേറിയ ഡ്രോപ്പ് കിക്കിന്റെ റെക്കോര്‍ഡും അലിറേസ സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേഴ്‌സന്റെ 75 മീറ്റര്‍ കിക്കിന്റെ റെക്കോര്‍ഡ് മൂന്ന് മീറ്ററിലധികം ദൂരം മറികടന്നാണ് അലിറേസ ചരിത്രം തിരുത്തിയത്.

ലോകകപ്പ് വേദികളിലെ വീരനായകന്‍

ഇത് അലിറേസയുടെ മൂന്നാമത്തെ ലോകകപ്പാണ്. 2018-ലെ റഷ്യന്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി തട്ടിയകറ്റി അലിറേസ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ 2026 ലോകകപ്പില്‍, കടുത്ത രാഷ്ട്രീയ-യാത്രാ പ്രതിസന്ധികള്‍ക്കിടയിലും ഇറാന്റെ കാവല്‍ക്കാരനായി അവന്‍ ഉറച്ചുനില്‍ക്കുന്നു. വിസ നിയന്ത്രണങ്ങള്‍ കാരണം അമേരിക്കയില്‍ ബേസ് ക്യാമ്പ് ചെയ്യാന്‍ കഴിയാതെ, മെക്‌സിക്കോയില്‍ താമസിച്ച്, മത്സരത്തിന് വെറും 24 മണിക്കൂര്‍ മുന്‍പ് മാത്രം അമേരിക്കയിലേക്ക് യാത്ര ചെയ്യേണ്ടി വരുന്ന കടുത്ത ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് ഇറാന്‍ ടീം കടന്നുപോകുന്നത്.

ബെല്‍ജിയത്തിനെതിരായ മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ റൊമേലു ലുകാകുവമായി കൂട്ടിയിടിച്ച് നെഞ്ചിന് പരിക്കേറ്റിട്ടും കളം വിടാന്‍ അലിറേസ തയ്യാറായില്ല. മാക്‌സിം ഡി കുയ്പ്പറിന്റെ ഗോളുറച്ച ഷോട്ട് ഉള്‍പ്പെടെ തടുത്തിട്ട അലിറേസ ഇറാന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിച്ചു. തെരുവിന്റെ കാഠിന്യത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും ലോകത്തിന്റെ വലിയ മൈതാനങ്ങളിലേക്ക് പൊരുതിക്കയറിയ അലിറേസ ബെയ്റാന്‍വന്ദ് വെറുമൊരു ഗോള്‍കീപ്പറല്ല; തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത ഒരു ജനതയുടെ പ്രതീകമാണ്.

Critics who predicted that the 48-team FIFA World Cup would be dull have been proven wrong, as smaller nations are now consistently challenging football giants. A standout moment occurred recently in Los Angeles, where Iran held the ninth-ranked Belgium to a draw. The hero of the match was Iranian goalkeeper Alireza Beiranvand.

Standing 6'4" tall, Beiranvand produced a masterclass, denying Belgium seven potential goals. While he rightfully earned the "Player of the Match" award, his expression reflected more than just a 90-minute performance—it represented a lifetime of struggle and survival. His remarkable seven saves have once again brought international attention to his inspiring journey, which serves as a testament to unrelenting perseverance and fighting spirit.