World Cup 2026

ഡി ബ്രൂയിനെക്ക് നിർഭാഗ്യം; ഹാനിയുടെ സെൽഫ് ഗോളിൽ ഈജിപ്തിനെതിരെ ബെൽജിയത്തിന് സമനില (1-1)

സൂപ്പർ താരം മുഹമ്മദ് സലാ, ഒമർ മർമോഷ്, മൊസ്തഫ സിക്കോ, അഷൂർ എന്നിവർ മികച്ച ഒത്തിണക്കത്തോടെ കളിച്ചതോടെ ബെൽജിയൻ പ്രതിരോധം പലപ്പോഴും വിറച്ചു

Sports Desk

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി ഉദ്ഘാടന മത്സരത്തിൽ കരുത്തരായ ബെൽജിയവും ഈജിപ്തും പോയിന്റുകൾ പങ്കുവെച്ചു. വാഷിംഗ്ടണിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ (1-1) പിരിയുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതി പൂർണ്ണമായും ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്നു. സൂപ്പർ താരം മുഹമ്മദ് സലാ, ഒമർ മർമോഷ്, മൊസ്തഫ സിക്കോ, അഷൂർ എന്നിവർ മികച്ച ഒത്തിണക്കത്തോടെ കളിച്ചതോടെ ബെൽജിയൻ പ്രതിരോധം പലപ്പോഴും വിറച്ചു.

19-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് ഇമാം അഷൂർ ഈജിപ്തിനായി വല കുലുക്കിയത്. സലായുടെ 34-ാം ജന്മദിനത്തിൽ പിറന്ന ഈ ഗോൾ അവർക്ക് വലിയ ആവേശമാണ് നൽകിയത്. മറുവശത്ത്, കൃത്യമായി പാസുകൾ നൽകാൻ പോലും പാടുപെട്ട ബെൽജിയത്തിന് ആദ്യ 45 മിനിറ്റിൽ ഓൺ-ടാർഗെറ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിഞ്ഞില്ല എന്നത് അവരുടെ മോശം പ്രകടനത്തിന്റെ തെളിവായി.

രണ്ടാം പകുതിയിൽ ബെൽജിയം കൂടുതൽ ഉണർന്നു കളിച്ചു. ബോക്സിന് പുറത്ത് നിന്നും മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂയിനെ എടുത്ത മനോഹരമായ ഒരു ഫ്രീ-കിക്ക് ഈജിപ്ഷ്യൻ ഗോൾകീപ്പറെയും പ്രതിരോധ മതിലിനെയും കാഴ്ചക്കാരാക്കിയെങ്കിലും നിർഭാഗ്യവശാൽ പോസ്റ്റിൽ തട്ടിത്തെറിച്ചു.

തുടർന്ന് നാപ്പോളി സ്ട്രൈക്കറായ റോമെലു ലുകാകു പകരക്കാരനായി ഗ്രൗണ്ടിലിറങ്ങിയതാണ് മത്സരത്തിന്റെ ഗതി തിരിച്ചുവിട്ടത്. 66-ാം മിനിറ്റിൽ തോമസ് മ്യൂനിയർ ബോക്സിലേക്ക് നൽകിയ മികച്ചൊരു ലോ ക്രോസ് ലുകാകു ലക്ഷ്യത്തിലെത്തിക്കുമെന്ന് ഉറപ്പായ ഘട്ടത്തിൽ, പന്ത് ക്ലിയർ ചെയ്യാനുള്ള ഈജിപ്ഷ്യൻ ഡിഫൻഡർ മുഹമ്മദ് ഹാനിയുടെ ശ്രമം പിഴക്കുകയും പന്ത് സ്വന്തം വലയിൽ (സെൽഫ് ഗോൾ) കയറുകയും ചെയ്തു. ഇതോടെ ബെൽജിയം മത്സരത്തിൽ ഒപ്പമെത്തി (1-1).

വിജയഗോളിനായി ബെൽജിയം നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഈജിപ്തിന്റെ പ്രതിരോധം കൂടുതൽ കരുത്താർജിച്ചു. ബെൽജിയം പ്ലേ മേക്കർ കെവിൻ ഡി ബ്രൂയിനെയുടെ തകർപ്പൻ ഷോട്ടുകൾ പോസ്റ്റിൽ തട്ടിത്തെറിച്ചത് അവർക്ക് വലിയ നിർഭാഗ്യമായി. പൂർണ്ണ കായികക്ഷമത ഇല്ലാതിരുന്നിട്ടും ലുകാകു ബെൽജിയം മുന്നേറ്റനിരയിൽ വലിയ ചലനങ്ങളുണ്ടാക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഒരു മികച്ച ഹെഡറിലൂടെ ബെൽജിയത്തിനായി വിജയഗോൾ നേടാനുള്ള സുവർണ്ണാവസരം ലുകാകുവിന് ലഭിച്ചെങ്കിലും താരത്തിനത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.

ഗ്രൂപ്പ് ജി-യിലെ പ്രബലരായ ഇരു ടീമുകളും ആദ്യ മത്സരത്തിൽ തന്നെ പോയിന്റുകൾ പങ്കുവെച്ചതോടെ ഗ്രൂപ്പിലെ പോരാട്ടം കൂടുതൽ വാശിയേറിയതായി മാറി. അടുത്ത മത്സരത്തിൽ ബെൽജിയം ഇറാനെ നേരിടുമ്പോൾ, ഈജിപ്ത് ന്യൂസിലാൻഡിനെതിരെ കളത്തിലിറങ്ങും.

Belgium and Egypt played out a thrilling 1-1 draw in their 2026 FIFA World Cup Group G opener in Seattle. Emam Ashour gave Egypt an early lead in the 19th minute following a brilliant link-up with Mohamed Salah. Belgium struggled initially but found their rhythm in the second half. Following a Kevin De Bruyne free-kick that hit the post, substitute Romelu Lukaku's immediate impact forced an own goal from Egyptian defender Mohamed Hany in the 66th minute, rescuing the Red Devils from a shock defeat.