World Cup 2026

'ആരാധകരെ ശാന്തരാകുവിൻ'; ബ്രസീൽ-അർജന്റീന പോരാട്ടം സെമിയിൽ? സാധ്യതകൾ ഇങ്ങനെ

എല്ലാ ലോകകപ്പുകളിലും ഈ എൽ-ക്ലാസിക്കോ മത്സരത്തിനായി ആരാധകർ കാത്തിരിക്കുമെങ്കിലും സമീപകാലത്തൊന്നും നടന്നിട്ടില്ല

Sports Desk

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ കാത്തിരിക്കുന്നത് ചിരവൈരികളായ ബ്രസീലും അർജന്റീനയും ലോകകപ്പ് വേദിയിൽ കൊമ്പുകോർക്കുന്നത് കാണാനാണ്. എല്ലാ ലോകകപ്പുകളിലും ഈ എൽ-ക്ലാസിക്കോ മത്സരത്തിനായി ആരാധകർ കാത്തിരിക്കുമെങ്കിലും സമീപകാലത്തൊന്നും നടന്നിട്ടില്ല. ഇത്തവണ ബ്രസീൽ-അർജന്റീന മത്സരം നടക്കാനുള്ള സാധ്യതകൾ എന്തൊക്കെ?

ലയണൽ മെസിയുടെയും നെയ്മാർ ജൂനിയറിന്റെയും ടീമുകൾ ഈ ലോകകപ്പിൽ ഏറ്റുമുട്ടണമെങ്കിൽ ചുരുങ്ങിയതു സെമി ഫൈനൽ എങ്കിലും ആകണം. അതല്ലാതെ മറ്റു സാധ്യതകളൊന്നും ഇനി ഈ ലോകകപ്പിൽ ഇല്ല. ജപ്പാനെ തോൽപ്പിച്ച് ബ്രസീൽ പ്രീ ക്വാർട്ടറിൽ എത്തിക്കഴിഞ്ഞു. അർജന്റീനയ്ക്കു കേപ് വെർദെയാണ് റൗണ്ട് 32 വിൽ എതിരാളികൾ.

റൗണ്ട് 16 ലേക്ക് എത്തുമ്പോൾ ബ്രസീൽ നേരിടേണ്ടിവരിക ഐവറി കോസ്റ്റിനെയോ നോർവെ ടീമിനെയോ ആയിരിക്കും. ഐവറി കോസ്റ്റ് - നോർവെ റൗണ്ട് 32 മത്സരം ബ്രസീലിന്റെ എതിരാളികളെ നിശ്ചയിക്കും. അർജന്റീന കേപ് വെർദെയെ തോൽപ്പിച്ച് റൗണ്ട് 16 ലേക്ക് എത്തിയാൽ ഓസ്‌ട്രേലിയ-ഈജിപ്ത് റൗണ്ട് 32 പോരാട്ടത്തിലെ വിജയികളെ നേരിടണം. നിലവിലെ ഫോം വെച്ച് ഈജിപ്തിനാണ് കൂടുതൽ സാധ്യത.

ബ്രസീലിനും അർജന്റീനയ്ക്കും ക്വാർട്ടർ വരെ ഏറെക്കുറെ കാര്യങ്ങൾ അനായാസമാണ്. എന്നാൽ ക്വാർട്ടറിലെത്തിയാൽ ഇരു ടീമുകൾക്കും നേരിടേണ്ടിവരിക കരുത്തരായ എതിരാളികളെയായിരിക്കും. അതിൽ തന്നെ ബ്രസീലിനു കാര്യങ്ങൾ കടുകട്ടിയാകാനാണ് സാധ്യത. ഈ ലോകകപ്പിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ഇംഗ്ലണ്ടായിരിക്കും ബ്രസീലിനെതിരെ ക്വാർട്ടറിൽ കളിക്കുക.

മറുവശത്ത് അർജന്റീനയ്ക്ക് എതിരാളികളായി ക്വാർട്ടറിൽ ലഭിക്കാൻ സാധ്യത കൊളംബിയയെയാണ്. ഗ്രൂപ്പ് കെയിൽ തോൽവി അറിയാതെ പോർച്ചുഗലിനെ അടക്കം സമനിലയിൽ തളച്ചാണ് കൊളംബിയ എത്തുന്നത്. അതിനാൽ നോക്ക്ഔട്ടിലെ അർജന്റീനയുടെ ഏറ്റവും കടുപ്പമേറിയ പോരാട്ടമായിരിക്കും കൊളംബിയയ്‌ക്കെതിരായ മത്സരം.

ക്വാർട്ടറിൽ ബ്രസീൽ ഇംഗ്ലണ്ട് കടമ്പ കടക്കുകയും അർജന്റീന കൊളംബിയയെ വീഴ്ത്തുകയും ചെയ്താൽ സെമി ഫൈനലിൽ ബ്രസീൽ-അർജന്റീന ക്ലാഷ് കാണാം...!

A Brazil–Argentina clash is one of the most anticipated fixtures in world football, but the two South American giants have rarely met in recent FIFA World Cups. With both teams progressing through the knockout stages, fans are once again wondering whether the iconic rivalry could be renewed on the biggest stage. Their chances of meeting depend entirely on the tournament bracket and both sides advancing through their respective knockout matches.