ബ്രസീൽ ദേശീയ ടീം മത്സരങ്ങളിൽ വിജയിക്കുമ്പോൾ പരിശീലകൻ കാർലോ ആൻസലാേട്ടിയെ മാധ്യമങ്ങളും ആരാധകരും മുഖ്യ ഘടകമാക്കാറുണ്ട്. അർജന്റീന ടീമിനും സമാന സ്ഥിതിയാണ്. ലയണൽ സ്കലോണിയുടെ തന്ത്രങ്ങളായിരിക്കും വാർത്തകളുടെ കാതൽ. എന്നാൽ ഫ്രാൻസ് പരിശീലകൻ ദിദിയർ ദംഷാംപ്‌സിനെ അധികമാരും പറഞ്ഞ് കേൾക്കാറില്ല. സിനദിൻ സിദാൻ യുഗത്തിന് ശേഷം അടിമുടി കലാപാന്തരീക്ഷമായിരുന്ന ടീമിനെ ഇന്ന് കാണുന്ന യൂറോപ്യൻ ശക്തരാക്കിയതിൽ മുൻ ലോകകപ്പ് ജേതാവ് കൂടിയായ ദംഷാംപ്‌സിന്റെ കഴിവ് ചെറുതൊന്നുമല്ല.
2012 ജൂലൈയിൽ ദിദിയർ ദെഷാംപ്സ് ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോൾ ഫ്രഞ്ച് ഫുട്ബോൾ അതിന്റെ ഏറ്റവും പ്രയാസകരമായ കാലഘട്ടങ്ങളിലൊന്നിലൂടെയായിരുന്നു കടന്നുപോയിരുന്നത്. 2010 ലോകകപ്പിൽ കളിക്കാരുടെ കലാപം, പരിശീലകനുമായുള്ള തുറന്ന ഏറ്റുമുട്ടൽ, ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകൽ എന്നിവ ഫ്രാൻസിന്റെ പ്രതിച്ഛായയെ തകർത്തിരുന്നു. 2012 യൂറോ കപ്പിലും വലിയ മാറ്റമുണ്ടായില്ല. ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളുണ്ടായിട്ടും ഒരു ടീമെന്ന നിലയിൽ ഫ്രാൻസിന് വ്യക്തിത്വമുണ്ടായിരുന്നില്ല.
2010 ലോകകപ്പ് മത്സരത്തിനിടെ സ്ട്രൈക്കർ നിക്കോളസ് അനെൽക പരിശീലകനായ റേമോണ്ട് ഡൊമെനെച്ചിനോട് ഹാഫ് ടൈമിൽ വാക്കേറ്റമുണ്ടാക്കി. സംഭവത്തിന് പിന്നാലെ അനെൽക്കയെ ടീമിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഫ്രാൻസ് താരങ്ങൾ പരിശീലനം ബഹിഷ്കരിച്ചു. ടീം ബസ് വിട്ടിറങ്ങാൻ പോലും അവർ തയ്യാറായില്ല.
ക്യാപ്റ്റൻ പാട്രിക് ഇവ്രയും പരിശീലകസംഘവും തമ്മിലും തുറന്ന തർക്കമുണ്ടായത് ലോകമെമ്പാടും വലിയ വിവാദമായിരുന്നു. പിന്നീട് ഒരു മത്സരംപോലും ജയിക്കാതെ ഫ്രാൻസ് ഗ്രൂപ്പ് ഘട്ടത്തിൽതന്നെ പുറത്തായി.
ശേഷം, 2012ലാണ് ഫ്രാൻസ് പരിശീലക കുപ്പായം ദിദിയർ ദംഷാംപ്‌സിനെ ഏൽപ്പിക്കുന്നത്. അന്നത്തെ ആ ടീമിനെയാണ് ദെഷാംപ്സ് പതിയെ ലോക ഫുട്ബോളിലെ ഏറ്റവും വലിയ ശക്തികളിലൊന്നാക്കി മാറ്റിയത്. കളിക്കാരനായിരിക്കെ 1998ൽ ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് കിരീടം ക്യാപ്റ്റനായി ഉയർത്തിയ ദെഷാംപ്സ്, ഇരുപത് വർഷങ്ങൾക്ക് ശേഷം 2018ൽ അതേ രാജ്യത്തെ പരിശീലകനായി വീണ്ടും ലോകചാമ്പ്യന്മാരാക്കി. ലോകകപ്പ് നേടിയ ക്യാപ്റ്റനും പരിശീലകനുമായി മാറിയ ചുരുക്കം ചില ഫുട്ബോൾ ഇതിഹാസങ്ങളിൽ ഒരാളായി ദിദിയർ ദംഷാംപ്‌സ്.
മാത്രമല്ല, 2016 യൂറോ കപ്പിൽ ഫ്രാൻസിനെ ഫൈനലിലെത്തിച്ചു. 2018 ലോകകപ്പ് നേടി. 2021ൽ യുവേഫ നേഷൻസ് ലീഗ് കിരീടവും സ്വന്തമാക്കി. 2022 ലോകകപ്പിൽ പരിക്കുകളുടെ പെരുമഴയ്ക്കിടയിലും ഫ്രാൻസിനെ വീണ്ടും ഫൈനലിലെത്തിച്ചു. 2026 ലോകകപ്പിലും ഫ്രാൻസ് വീണ്ടും കിരീടപ്രതീക്ഷ നിലനിർത്തുന്ന ടീമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി എല്ലാ പ്രധാന ടൂർണമെന്റുകളിലും അവസാന ഘട്ടങ്ങളിലെത്തുന്ന ഏക യൂറോപ്യൻ ടീമെന്ന വിശേഷണവും ദെഷാംപ്സിന്റെ ഫ്രാൻസിനുണ്ട്.
ദെഷാംപ്സിന്റെ ഫുട്ബോൾ പലപ്പോഴും അതിമനോഹരമെന്ന് വിശേഷിപ്പിക്കപ്പെടാറില്ല. എന്നാൽ അതിവിശദമായ പദ്ധതിയും കൃത്യമായ അച്ചടക്കവും എതിരാളികളുടെ ശക്തി മനസ്സിലാക്കി അതിനെ തകർക്കാനുള്ള പ്രായോഗിക സമീപനവുമാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. പോൾ പോഗ്ബ മുതൽ എൻഗോളോ കാന്റെ, ഗ്രീസ്മാൻ മുതൽ കിലിയൻ എംബാപ്പെ വരെയുള്ള സൂപ്പർതാരങ്ങളെ ഒരേ ലക്ഷ്യത്തിനായി കളിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
സ്വീഡനെതിരായ ലോകകപ്പ് മത്സരത്തിൽ ഫ്രാൻസിന്റെ ആദ്യ ഗോൾ നേടിയശേഷം കിലിയൻ എംബാപ്പെ ആഘോഷിക്കാൻ ഓടിയത് ഗാലറിയിലേക്കോ ക്യാമറകളിലേക്കോ ആയിരുന്നില്ല. അമ്മയുടെ വിയോഗത്തെ തുടർന്ന് താൽക്കാലികമായി ഫ്രാൻസിലേക്ക് മടങ്ങി വീണ്ടും ടീമിനൊപ്പം ചേർന്ന ദെഷാംപ്സിന്റെ അടുത്തേക്കായിരുന്നു. ആ ആലിംഗനം ഒരു ഗോൾ ആഘോഷം മാത്രമായിരുന്നില്ല. ഒരു പരിശീലകനും ടീമും തമ്മിലുള്ള വിശ്വാസത്തിന്റെ പ്രകടനമായിരുന്നു.
While coaches like Carlo Ancelotti and Lionel Scaloni often dominate headlines, Didier Deschamps' influence on France is frequently overlooked. He inherited a divided French team in 2012 following the infamous 2010 World Cup mutiny and transformed it into one of world football's most consistent forces. Deschamps guided France to the 2016 Euro final, won the 2018 FIFA World Cup, lifted the 2021 UEFA Nations League and reached the 2022 World Cup final. His tactical discipline and leadership continue to define France's success.