ആധുനിക ഫുട്‌ബോളില്‍ കളിക്കാര്‍ക്ക് ശാരീരികക്ഷമത നിലനിര്‍ത്താന്‍ മത്സരത്തിനിടയില്‍ കൃത്യമായ ഇടവേളകളില്‍ 'ഹൈഡ്രേഷന്‍ ബ്രേക്കുകള്‍' നല്‍കുന്നത് നാം കാണാറുണ്ട്. എന്നാല്‍ 32 വര്‍ഷം മുന്‍പ്, ഫുട്‌ബോള്‍ ലോകം ഇതിന് നേര്‍വിപരീതമായ അധ്യായത്തിന് സാക്ഷ്യം വഹിച്ചിരുന്നു. കളി നടക്കുന്നതിനിടയില്‍ താരങ്ങള്‍ ഒരു സിപ്പ് വെള്ളം കുടിക്കുന്നത് പോലും അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ കര്‍ശനമായി വിലക്കിയ ആ 1994-ലെ യുഎസ് ലോകകപ്പിന്റെ ഓര്‍മകളിലേക്ക്.
1994-ല്‍ അമേരിക്ക ആദ്യമായി ലോകകപ്പിന് വേദിയായപ്പോള്‍ രാജ്യം കടുത്ത ഒരു ചരിത്ര ഉഷ്ണതരംഗത്തിലൂടെയാണ് കടന്നുപോയിരുന്നത്. ഉച്ചസമയത്ത് കളി നടന്നിരുന്ന സ്റ്റേഡിയങ്ങളിലെ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസിനും മുകളിലായിരുന്നു. കാലിഫോര്‍ണിയയിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സര സമയത്താകട്ടെ ചൂട് 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നു. കോണ്‍ക്രീറ്റ് പാളികള്‍ കൊണ്ട് നിര്‍മ്മിച്ച സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ കളി കടുക്കുമ്പോള്‍ കളിക്കാര്‍ കടുത്ത നിര്‍ജ്ജലീകരണം നേരിട്ടു.
എന്നാല്‍ ഈ കഠിനമായ അവസ്ഥയിലും ഫിഫയുടെ നിലപാട് വിചിത്രമായിരുന്നു. പന്ത് കളിക്ക് പുറത്തുപോകുമ്പോള്‍ പോലും കളിക്കാര്‍ വെള്ളം കുടിക്കുന്നത് ഫിഫയുടെ നിയമങ്ങള്‍ വിലക്കി. മത്സരത്തിന്റെ വേഗത കുറയുമെന്നതായിരുന്നു ഇതിന് ഫിഫ പറഞ്ഞ ന്യായം.
ഈ ക്രൂരമായ നിയമത്തിനെതിരെ ആദ്യമായി പരസ്യമായി രംഗത്തുവന്നത് അയര്‍ലന്‍ഡിന്റെ ഇതിഹാസ പരിശീലകനും 1966-ലെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോയുമായ ജാക്ക് ചാര്‍ട്ടനായിരുന്നു. ജൂണ്‍ 18-ന് ന്യൂജേഴ്സിയില്‍ കരുത്തരായ ഇറ്റലിക്കെതിരെ അയര്‍ലന്‍ഡ് ചരിത്ര വിജയം നേടിയ മത്സരത്തില്‍, കളി ജയിച്ചിട്ടും ചാര്‍ട്ടന്‍ സൈഡ്ലൈനില്‍നിന്ന് ആക്രോശിക്കുകയായിരുന്നു.കാരണം, കടുത്ത ചൂടില്‍ തന്റെ കളിക്കാര്‍ ദാഹിച്ചുവലയുന്നത് അദ്ദേഹത്തിന് കണ്ടുനില്‍ക്കാനായില്ല. മത്സരത്തിന്റെ 24-ാം മിനിറ്റില്‍ കളിക്കാര്‍ ടച്ച്ലൈനിന് അടുത്തെത്തുമ്പോഴൊക്കെ ചാര്‍ട്ടന്‍ അവര്‍ക്ക് നേരെ വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുത്തു. ഫിഫയുടെ വിലക്ക് ലംഘിച്ചതിന് നാലാം ഒഫീഷ്യല്‍ അദ്ദേഹത്തെ പലതവണ വിലക്കിയെങ്കിലും അദ്ദേഹം പിന്മാറിയില്ല. ഒരു ഘട്ടത്തില്‍ ദേഷ്യം സഹിക്കാനാകാതെ ചാര്‍ട്ടന്‍ തുറന്ന വാട്ടര്‍ ബോട്ടില്‍ നിലത്തടിച്ചുടയ്ക്കുന്ന ദൃശ്യങ്ങള്‍ ടിവിയിലൂടെ ലോകം മുഴുവന്‍ കണ്ടു.
'ആദ്യ പകുതിയില്‍ എന്റെ അഞ്ച് കളിക്കാര്‍ക്ക് മുക്കാല്‍ മണിക്കൂറോളമാണ് ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കഴിയാതിരുന്നത്. കളിയില്‍ രണ്ട് പകുതികളിലും 10-15 സെക്കന്‍ഡ് നീളുന്ന മൂന്നോ നാലോ ബ്രേക്കുകള്‍ മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ഇറ്റലിക്കെതിരായ മത്സരത്തിനുശേഷം ചാര്‍ട്ടന്‍ വ്യക്തമാക്കി. തന്റെ കളിക്കാര്‍ക്ക് വേണ്ടി മാത്രമല്ല, എതിരാളികളായ മെക്‌സിക്കന്‍ താരങ്ങള്‍ക്ക് വേണ്ടിയും താന്‍ ഫിഫയ്ക്ക് കത്തെഴുതുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
എന്നാല്‍ ചാര്‍ട്ടന്റെ ഈ ന്യായമായ ആവശ്യത്തോട് ഫിഫ പ്രതികരിച്ചത് പരിഹാസത്തോടെയായിരുന്നു. അന്നത്തെ ഫിഫ ജനറല്‍ സെക്രട്ടറിയായിരുന്ന സെപ് ബ്ലാറ്റര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: 'മറ്റു മാനേജര്‍മാര്‍ക്കൊന്നുമില്ലാത്ത പരാതി അയര്‍ലന്‍ഡ് മാനേജര്‍ക്ക് മാത്രം ഉണ്ടാകുന്നത് യാദൃശ്ചികമല്ല. അദ്ദേഹത്തിന് പ്രശ്‌നം വെള്ളത്തോടല്ല, സ്റ്റേഡിയത്തിലെ ഉദ്യോഗസ്ഥരോടാണ്. കളിയില്‍ വെള്ളം വേണമെങ്കില്‍ അവര്‍ക്ക് കുടിക്കാം, അദ്ദേഹം പരാതി പറയുന്നത് നിര്‍ത്തണം. പക്ഷേ ചാര്‍ട്ടന്‍ മാത്രമല്ല പരാതിക്കാരന്‍ എന്ന് തൊട്ടടുത്ത ദിവസങ്ങളില്‍ വ്യക്തമായി. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ കളിച്ച അമേരിക്കന്‍ താരങ്ങള്‍ മിഷിഗണിലെ സ്റ്റേഡിയത്തെ വിശേഷിപ്പിച്ചത് തങ്ങള്‍ കളിച്ചിട്ടുള്ളതില്‍ വെച്ച് 'ഏറ്റവും മോശം മൈതാനം' എന്നാണ്. മണലിലൂടെ ഓടുന്നതുപോലെയാണ് തങ്ങള്‍ക്ക് തോന്നിയതെന്നും കടുത്ത ചൂടില്‍ ശ്വാസം മുട്ടിയതായും താരങ്ങള്‍ വെളിപ്പെടുത്തി.
ജാക്ക് ചാര്‍ട്ടന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഫിഫയ്ക്ക് തങ്ങളുടെ കടുംപിടുത്തം ഉപേക്ഷിക്കേണ്ടി വന്നു. മത്സരത്തിനിടയില്‍ കളിക്കളത്തിലേക്ക് വാട്ടര്‍ ബാഗുകള്‍ എറിഞ്ഞുകൊടുക്കാന്‍ അവര്‍ അനുവാദം നല്‍കി.ഈ ഒരു പോരാട്ടമാണ് പില്‍ക്കാലത്ത് ഫുട്‌ബോള്‍ നിയമങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെച്ചത്.
കളിക്കാരുടെ ആരോഗ്യം മുന്‍നിര്‍ത്തി ഇന്ന് ലോകത്തെവിടെയും കടുത്ത ചൂടുള്ള സമയങ്ങളില്‍ മത്സരത്തിനിടയില്‍ 'ഹൈഡ്രേഷന്‍ ബ്രേക്കുകള്‍' ഔദ്യോഗികമായിത്തന്നെ അനുവദിക്കപ്പെടുന്നു.32 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് വീണ്ടും അമേരിക്കന്‍ മണ്ണിലേക്ക് തിരിച്ചെത്തുമ്പോള്‍, കളി നടക്കുന്ന കാലാവസ്ഥ എന്തുതന്നെയായാലും ഓരോ പകുതിയുടെയും മധ്യത്തില്‍ (ഏകദേശം 22, 67 മിനിറ്റുകളില്‍) നിര്‍ബന്ധിത വാട്ടര്‍ ബ്രേക്കുകള്‍ ഫിഫ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാക്ക് ചാര്‍ട്ടന്‍ എന്ന ഒറ്റയാള്‍ പോരാളി അന്ന് നടത്തിയ ദാഹയുദ്ധമാണ് ഇന്ന് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മാനുഷികമായ ഒരു നിയമ മാറ്റത്തിന് കാരണമായത്.
English Summary: During the 1994 FIFA World Cup in the United States, players were forced to compete in extreme heat, with temperatures often exceeding 35°C and reaching nearly 38°C during the final at the Rose Bowl. Despite the conditions, FIFA regulations effectively prevented players from drinking water during matches, citing concerns about disrupting the flow of play. Ireland manager Jack Charlton publicly challenged the rule, angrily throwing water bottles to his players and demanding hydration breaks. His protest, joined by growing criticism from players and coaches, eventually forced FIFA to relax its stance. The controversy helped pave the way for today's official hydration breaks in hot-weather matches.