World Cup 2026

സ്വീഡന്റെ രക്ഷകനായി എലാങ്ക, ജപ്പാനൊപ്പം റൗണ്ട് ഓഫ് 32 ടിക്കറ്റ്; നോക്കൗട്ടില്‍ ജപ്പാന്റെ എതിരാളികള്‍ ബ്രസീല്‍

56-ാം മിനിറ്റില്‍ സെല്‍റ്റിക് താരം ഡെയ്സന്‍ മെയേഡയിലൂടെ ജപ്പാന്‍ ലീഡ് എടുത്തു. അയാസെ ഉവേദയും റിറ്റ്‌സു ഡോവനും തമ്മില്‍ നടത്തിയ മനോഹരമായൊരു വണ്‍-ടു പാസിങ്ങിനൊടുവില്‍ ഡോവന്‍ നല്‍കിയ പാസ് സ്വീകരിച്ചാണ് മെയേഡ ഗോള്‍ നേടിയത്

Sports Desk

സ്വീഡന്‍-ജപ്പാന്‍ കളി സമനിലയില്‍ കലാശിച്ചെങ്കിലും രണ്ട് കൂട്ടര്‍ക്കും നിരാശപ്പെടേണ്ടി വന്നില്ല. മത്സരത്തിന്റെ ആദ്യ പകുതി തികച്ചും വിരസമായിരുന്നു. ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ സംതൃപ്തരാണെന്ന മട്ടിലായിരുന്നു കളി. കളിയില്‍ ഒട്ടും ആവേശം പ്രകടമായിരുന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കഥ മാറി. 56-ാം മിനിറ്റില്‍ സെല്‍റ്റിക് താരം ഡെയ്സന്‍ മെയേഡയിലൂടെ ജപ്പാന്‍ ലീഡ് എടുത്തു. അയാസെ ഉവേദയും റിറ്റ്‌സു ഡോവനും തമ്മില്‍ നടത്തിയ മനോഹരമായൊരു വണ്‍-ടു പാസിങ്ങിനൊടുവില്‍ ഡോവന്‍ നല്‍കിയ പാസ് സ്വീകരിച്ചാണ് മെയേഡ ഗോള്‍ നേടിയത്.

ജപ്പാന്റെ ഗോള്‍ പിറന്ന് ആറ് മിനിറ്റിനുള്ളില്‍ ആന്റണി എലാങ്ക സ്വീഡനായി സമനില ഗോള്‍ മടക്കി. ഈ ലോകകപ്പില്‍ ആദ്യമായി ആദ്യ ഇലവനില്‍ ഇടം നേടിയ ന്യൂകാസില്‍ യുണൈറ്റഡ് വിങര്‍ എലാങ്ക, ഇടതുഭാഗത്തുനിന്ന് ബോക്‌സിലേക്ക് കയറി തൊടുത്ത ശക്തമായൊരു ലോങ് റേഞ്ച് ഷോട്ട് ജപ്പാന്‍ ഗോള്‍കീപ്പര്‍ സിയോണ്‍ സുസുക്കിയെ കാഴ്ചക്കാരനാക്കി വലയില്‍ തുളച്ചുകയറി. രണ്ടാം പകുതിയിലെ വാട്ടര്‍ ബ്രേക്കിന് ശേഷം കളിയുടെ വേഗത അല്പം കുറഞ്ഞു. എങ്കിലും ഇഞ്ചുറി ടൈമില്‍ എലാങ്കയും അലക്‌സാണ്ടര്‍ ഇസാക്കും ഉതിര്‍ത്ത രണ്ട് മികച്ച ഷോട്ടുകള്‍ സുസുക്കി സമര്‍ത്ഥമായി തടുത്തതോടെ കളി സമനിലയില്‍ കലാശിക്കുകയായിരുന്നു. രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് 5-1 ന് തകര്‍ന്നടിഞ്ഞ സ്വീഡന്, കഠിനാധ്വാനികളായ ജപ്പാനെതിരെ ഒരു പോയിന്റ് നേടുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായി പുറത്തായ സ്വീഡനെ, നേഷന്‍സ് ലീഗ് റാങ്കിംഗിന്റെ കരുത്തില്‍ പ്ലേ-ഓഫ് വഴിയാണ് മുഖ്യ പരിശീലകനായ ഗ്രഹാം പോട്ടര്‍ ഈ ടൂര്‍ണമെന്റിലേക്ക് എത്തിച്ചത്. ഡച്ചുകാര്‍ക്കെതിരായ കനത്ത പരാജയത്തിന് ശേഷവും മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ പോയപ്പോഴും ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ പോട്ടര്‍ക്ക് കഴിഞ്ഞു. തോല്‍വി അവരെ ടൂര്‍ണമെന്റില്‍ നിന്ന് തന്നെ പുറത്താക്കിയേക്കാമായിരുന്ന സാഹചര്യത്തിലായിരുന്നു ഈ പോരാട്ടവീര്യം.

വിജയഗോള്‍ നേടാന്‍ കഴിയാത്തതിന്റെ നിരാശ മത്സരാവസാനം എലാങ്കയുടെ മുഖത്ത് വ്യക്തമായിരുന്നെങ്കിലും, സ്വീഡന്‍ കാണിച്ച പ്രതിരോധ മികവ് പോട്ടര്‍ക്ക് ആശ്വാസമായി. നോക്കൗട്ട് ഘട്ടത്തില്‍ എത്തിക്കുക എന്ന തന്റെ ആദ്യ ലക്ഷ്യം അദ്ദേഹം പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ അടുത്ത റൗണ്ടില്‍ ഫ്രാന്‍സിനെയാണ് നേരിടേണ്ടി വരുന്നതെങ്കില്‍, നെതര്‍ലന്‍ഡ്‌സിനെതിരെ കളിച്ചതിനേക്കാള്‍ മികച്ച പ്രതിരോധം അവര്‍ പുറത്തെടുക്കേണ്ടി വരും. എങ്കിലും വിക്ടര്‍ ഗ്യോകെറസ്, ഇസാക്ക്, എലാങ്ക സഖ്യത്തെ കൃത്യമായി ഉപയോഗിക്കാനും പ്രതിരോധം ശക്തമാക്കാനും പോട്ടര്‍ക്ക് കഴിഞ്ഞാല്‍ സ്വീഡനെ ആര്‍ക്കും എഴുതിത്തള്ളാന്‍ കഴിയില്ല.

ജപ്പാന്‍ നേരത്തെ തന്നെ തങ്ങളുടെ നോക്കൌട്ട് യോഗ്യത ഉറപ്പിച്ചിരുന്നു. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായതോടെ തിങ്കളാഴ്ച ഹൂസ്റ്റണില്‍ നടക്കുന്ന നോക്കൗട്ട് പോരാട്ടത്തില്‍ അവര്‍ ബ്രസീലിനെ നേരിടും. ടൂര്‍ണമെന്റിന്റെ ഇത്രയും പ്രാരംഭ ഘട്ടത്തില്‍ നടക്കേണ്ടതില്ലാത്ത, ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു മത്സരമായിരിക്കും ഇത്. യഥാര്‍ത്ഥത്തില്‍, ഗ്രൂപ്പില്‍ ഇതിലും താഴെ എത്തിയിരുന്നെങ്കിലും ജപ്പാന് ഇതിലും മികച്ചൊരു എതിരാളിയെ കിട്ടുമായിരുന്നില്ല.

വരാനിരിക്കുന്ന വലിയ മത്സരത്തെക്കുറിച്ച് പരിശീലകന്‍ മൊറിയാസു തന്റെ ആവേശം മറച്ചുവെച്ചില്ല. 'ജാപ്പനീസ് ഫുട്‌ബോളിന്റെ വളര്‍ച്ചയുടെ തെളിവാണിത്,' കഴിഞ്ഞ വര്‍ഷം ബ്രസീലിനെതിരെ നേടിയ 3-2 വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ അദ്ദേഹം പറഞ്ഞു. 'തീര്‍ച്ചയായും ബ്രസീല്‍ ഒരു മികച്ച ടീമാണ്, എന്നാല്‍ ഞങ്ങള്‍ക്ക് വിജയസാധ്യതയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ അത്ര എളുപ്പത്തില്‍ കീഴടങ്ങുന്നവരല്ലെന്ന് ബ്രസീലിന് തെളിയിച്ചു കൊടുത്തതാണ്, ഇത് ഞങ്ങളുടെ വലിയൊരു മുന്നേറ്റമാണ്', മൊറിയാസു കൂട്ടിച്ചെര്‍ത്തു.

Sweden secured a place in the FIFA World Cup Round of 32 after a 1-1 draw with Japan, with Anthony Elanga emerging as the hero by scoring a crucial equaliser. Japan took the lead in the 56th minute through Daizen Maeda following a well-worked team move, but Elanga responded just six minutes later with a stunning long-range strike. Both sides created late chances, but Japan goalkeeper Zion Suzuki made key saves to preserve the draw.