World Cup 2026

ക്രൊയേഷ്യയെ തകർത്തവർക്ക് ഘാനക്കെതിരെ അടിപതറി, താരനിരയുണ്ടായിട്ടും ഇം​ഗ്ലണ്ട് വീണതെവിടെ?

മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ഇം​ഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാം പറഞ്ഞത് ഇതിന് ഞാനല്ല, ഘാന പ്രതിരോധ താരങ്ങളാണ് അർഹരെന്നാണ്

Sports Desk

യൂറോപിലെ ശക്തരായ ക്രൊയേഷ്യയെ 4-2ന് തോൽപിച്ച ഇം​ഗ്ലണ്ടിന് ഫിഫ റാങ്കിങ്കിൽ 73ാം സ്ഥാനത്തുള്ള ഘാനയെ എളുപ്പത്തിൽ തളക്കാമെന്നായിരുന്നു പരിശീലകൻ തോമസ് ടുച്ചേൽ കണക്ക് കൂട്ടിയിരുന്നത്. എന്നാൽ മത്സരഫലം മറ്റൊന്നായിരുന്നു. ശക്തമായ സ്ക്വാഡുണ്ടായിട്ടും ഘാനക്കെതിരെ ഒരു ​ഗോൾ നേടാൻപോലും ഇം​ഗ്ലണ്ടിനായില്ല. മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ഇം​ഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാം പറഞ്ഞത് ഇതിന് ഞാനല്ല, ഘാന പ്രതിരോധ താരങ്ങളാണ് അർഹരെന്നാണ്.

ഘാനയുടെ കടുപ്പമേറിയ പ്രതിരോധക്കോട്ട തകർക്കാൻ സാധിക്കാത്തതാണ് സമനിലക്ക് കാരണമായത്. മത്സരത്തിൽ 78 ശതമാനം പൊസിഷൻ ഇംഗ്ലണ്ടിനുണ്ടായിരുന്നെങ്കിലും, ഘാനയുടെ ബോക്സിനുള്ളിലേക്ക് മികച്ച പാസുകൾ നൽകാൻ മിഡ്ഫീൽഡർമാർക്ക് സാധിച്ചില്ല. ജൂഡ് ബെല്ലിങ്ഹാം അൽപം ഫോം പുറത്തെടുത്തെങ്കിലും ഡെക്ലാൻ റൈസിന് കളി പ്രതീക്ഷിച്ചത്ര നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

ഇംഗ്ലണ്ട് ആകെ 19 ഷോട്ടുകൾ ഉതിർത്തതിൽ വെറും 4 എണ്ണം മാത്രമാണ് ടാർഗറ്റിലേക്ക് എത്തിയത്. കളിയുടെ 87-ാം മിനിറ്റിൽ പകരക്കാരനായി വന്ന നിക്കോ ഒറെയ്‌ലിയുടെ ഹെഡ്ഡർ ബാറിലിടിച്ചു മടങ്ങി. റീബൗണ്ടായി ലഭിച്ച പന്ത് ഗോൾകീപ്പർ പോലുമില്ലാത്ത ഓപ്പൺ പോസ്റ്റിലേക്ക് അടിച്ചുകയറ്റാൻ നായകൻ ഹാരി കെയ്നിന് സാധിച്ചില്ല. പന്ത് ക്രോസ്സ് ബാറിന് മുകളിലൂടെയാണ് പോയത്.

ഘാനയുടെ കോച്ച് കാർലോസ് ക്വിറോസ് ഒരുക്കിയ പ്രതിരോധ തന്ത്രമാണ് ഇംഗ്ലണ്ടിനെ ശരിക്കും പൂട്ടിയത്. തങ്ങളുടെ പ്രതിരോധ നിരയെ ബോക്സിന് തൊട്ടുമുന്നിലായി 5-4-1 ഫോർമേഷനിൽ വളരെ അടുത്തടുത്ത് വിന്യസിച്ചു. ഇംഗ്ലീഷ് വിങ്ങർമാരായ ആൻ്റണി ഗോർഡനും നോനി മഡുകെക്കും ബോക്സിനുള്ളിലേക്ക് കയറാൻ ഘാനയുടെ ഡിഫെൻഡർമാരായ ജെറോം ഒപോകുവും ജോനാസ് അഡ്‌ജെറ്റിയും ഒട്ടും സ്ഥലം അനുവദിച്ചില്ല.

പരിക്കേറ്റ റെഗുലർ കീപ്പർക്ക് പകരം ഇറങ്ങിയ ഘാനയുടെ രണ്ടാം ഗോൾകീപ്പർ ബെഞ്ചമിൻ അസാരെ മികച്ച സേവുകളിലൂടെ ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തി. പ്രതിരോധത്തിൽ ഒതുങ്ങുക മാത്രമല്ല, കൗണ്ടർ അറ്റാക്കുകളിലൂടെ ഇംഗ്ലീഷ് ഡിഫൻസിനെ ഘാന ഭയപ്പെടുത്തുകയും ചെയ്തു. കളി അവസാനിക്കാൻ 10 മിനിറ്റുള്ളപ്പോൾ അബ്ദുൾ ഫതാവുവും പ്രിൻസ് അഡുവും ചേർന്ന് നടത്തിയ മുന്നേറ്റം ഇംഗ്ലണ്ടിനെ ഞെട്ടിച്ചെങ്കിലും നിർഭാഗ്യം കൊണ്ട് ഗോൾ ആയില്ല.

England expected an easy win over Ghana after defeating Croatia 4-2, but were held to a frustrating 0-0 draw. Despite dominating possession with 78% and taking 19 shots, only four were on target. Jude Bellingham, who won Man of the Match, said Ghana’s defenders deserved the award instead. Coach Carlos Queiroz set up a disciplined 5-4-1 defensive block, while goalkeeper Benjamin Asare made crucial saves. Ghana also threatened on counterattacks and nearly snatched a late winner.