2026 ലോകകപ്പോടുകൂടി ഫിഫ ഫുട്ബോളിൽ കൂടുതൽ നിയമങ്ങൾ കൊണ്ടുവന്നത് നേരത്തെതന്നെ ചർച്ചയായിരുന്നു. 48 രാജ്യങ്ങളുടെ പങ്കാളിത്വം, വായ മൂടി സംസാരിച്ചാൽ ചുവപ്പ് കാർഡ്, പ്രതിഷേധിച്ച് മൈതാനം വിട്ടാലും റെഡ് കാർഡ്, ത്രോ-ഇന്നിനും ഗോൾകിക്കിനും അഞ്ച് സെക്കൻഡ് കൗണ്ട്ഡൗൺ, സബ്സ്റ്റിറ്റ്യൂഷൻ ബോർഡ് ഉയർത്തിക്കാണിച്ചതിന് ശേഷം താരം 10 സെക്കൻഡിൽ കളം വിടണം, ഹൈഡ്രേഷൻ ബ്രേക്ക് തുടങ്ങി ഒട്ടേറെ നിയമങ്ങളാണ് ഈ ലോകകപ്പോടുകൂടി ഫിഫ ആവിഷ്കരിച്ചത്.
ഇക്കുറി നടപ്പിലാക്കിയ മറ്റൊരു നിയമമായിരുന്നു മിസ്റ്റേക്കൺ ഐഡന്റിറ്റിയെന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ യുഎസ്–പരാഗ്വേ മത്സരത്തിൽ ഇത് നടപ്പിലാക്കിയിരുന്നുവെങ്കിലും ഇന്നത്തെ അർജന്റീന–സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിലാണ് ഈ നിയമം കൂടുതൽ ചർച്ചയായത്. സ്വിറ്റ്സർലൻഡ് താരമായ ബ്രീൽ എംബോളോയ്ക്ക് ലഭിച്ച രണ്ടാം മഞ്ഞക്കാർഡും തുടർന്നുള്ള ചുവപ്പുകാർഡും സ്വിറ്റ്സർലൻഡിന്റെ ലോകകപ്പ് യാത്ര അവസാനിപ്പിച്ചു എന്നുവേണം പറയാൻ.
72ാം മിനിറ്റിൽ എംബോളോയെ ഫൗൾ ചെയ്തതിന് അർജന്റീനയുടെ ലിയാൻഡ്രോ പാരഡസിന് റഫറി ജോവോ പിൻഹെയ്‌റോ ആദ്യം യെല്ലോ കാർഡ് കാണിച്ചു. എന്നാൽ വാർ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പാരഡസ് ഫൗൾ ചെയ്തിട്ടില്ലെന്നും, മറിച്ച് എംബോളോ അഭിനയിച്ച് വീണതാണെന്നും കണ്ടെത്തി. ഇതോടെ പാരഡസിന് നൽകിയ മഞ്ഞക്കാർഡ് റദ്ദാക്കുകയും എംബോളോക്ക് യെല്ലോ കാർഡ് നൽകുകയും ആയിരുന്നു. നേരത്തേ ഒരു യെല്ലോ കാർഡ് ഉണ്ടായിരുന്നതിനാൽ അത് രണ്ടാം മഞ്ഞക്കാർഡായി മാറി. തുടർന്ന് ചുവപ്പുകാർഡ് കണ്ട് എംബോളോ പുറത്താവുകയും സ്വിറ്റ്സർലൻഡ് പത്ത് പേരായി ചുരുങ്ങുകയും ചെയ്തു. നിശ്ചിതസമയത്ത് സമനില പിടിച്ചുനിന്നെങ്കിലും, പത്തുപേരുമായി കളിച്ച് മുമ്പത്തെ പോരാട്ടം നടത്താൻ കഴിയാതെ രണ്ട് ഗോൾ വഴങ്ങി സ്വിറ്റ്സർലൻഡ് 3-1ന് പുറത്താവുകയായിരുന്നു.
ഒരു കുറ്റത്തിന് തെറ്റായ താരത്തിന് റഫറി മഞ്ഞയോ ചുവപ്പോ കാർഡ് കാണിക്കുന്നതാണ് മിസ്റ്റേക്കൺ ഐഡന്റിറ്റി. മുമ്പ് റഫറിയുടെ ഇത്തരം പിഴവ് തിരുത്താനുള്ള അവസരം പരിമിതമായിരുന്നു. എന്നാൽ 2026 ലോകകപ്പിൽ പ്രാബല്യത്തിൽവന്ന പുതിയ വാർ പ്രോട്ടോക്കോൾ പ്രകാരം, വീഡിയോ പരിശോധനയിലൂടെ യഥാർഥ കുറ്റക്കാരനെ തിരിച്ചറിഞ്ഞ് കാർഡ് ശരിയായ താരത്തിലേക്ക് മാറ്റാൻ കഴിയും.
ഈ നിയമം ആദ്യമായി ഉപയോഗിച്ചത് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ യുഎസ്–പരാഗ്വേ മത്സരത്തിലായിരുന്നു. അന്ന് അമേരിക്കൻ താരം ടിം റീം ഫൗൾ ചെയ്തെന്നാരോപിച്ച് യെല്ലോ കാർഡ് കണ്ടിരുന്നു. പിന്നീട് വാർ പരിശോധിച്ചപ്പോൾ പരാഗ്വേയുടെ മിഗ്വേൽ അൽമിറോൺ ഡൈവ് ചെയ്താണ് ഫൗൾ നേടിയെടുക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്തി. ഇതോടെ റീമിന്റെ യെല്ലോ കാർഡ് റദ്ദാക്കുകയും അൽമിറോണിന് മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. എന്നാൽ അൽമിറോണിന് അത് ആദ്യ യെല്ലോ മാത്രമായതിനാൽ മത്സരം തുടരാൻ സാധിച്ചു. സംഭവം പെനാൽറ്റി ബോക്സിലായിരുന്നില്ലെന്നും യെല്ലോ കാർഡ് കൊടുക്കേണ്ട വിഷയമല്ലെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.
The 2026 FIFA World Cup introduced several new rules, including the expanded 48-team format, stricter disciplinary measures, countdowns for restarts, quicker substitutions, hydration breaks, and the new VAR "mistaken identity" protocol. The rule drew major attention in Argentina's quarterfinal against Switzerland when Breel Embolo's dive led to Leandro Paredes' yellow card being overturned and transferred to Embolo, resulting in his second booking and dismissal. Switzerland eventually lost 3-1, while the decision sparked debate over whether the incident warranted a yellow card.