World Cup 2026

ഒരു ലോകകപ്പോടെ റഫറിക്ക് ലഭിക്കുന്നത് ഒരു കോടിയിലധികം രൂപ, അറിയാം റഫറിമാർക്ക് ഫിഫ നൽകുന്ന വേതന കണക്ക്

റഫറിമാർക്ക് എല്ലാ മാസവും ശമ്പളം നൽകുന്ന ഫെഡറേഷനല്ല ഫിഫ. ഓരോ ടൂർണ്ണമെന്റിനും നിശ്ചിത അലവൻസ് രീതിയിലാണ് റഫറിമാർക്ക് ഫിഫ പണം നൽകുന്നത്

Sports Desk

90 മിനിറ്റിലധികം തുടർച്ചയായി ഓടിനടന്ന് കളി നിയന്ത്രിക്കുന്ന റഫറമാർക്ക് ഫിഫ നൽകുന്ന ശമ്പളമെന്തായിരിക്കും? പലർക്കും സംശയവും കൗതുകവുമുള്ള കാര്യമാണ് ഫിഫയുടെ വേതന കണക്കുകൾ. റഫറിമാർക്ക് എല്ലാ മാസവും ശമ്പളം നൽകുന്ന ഫെഡറേഷനല്ല ഫിഫ. ഓരോ ടൂർണ്ണമെന്റിനും നിശ്ചിത അലവൻസ് രീതിയിലാണ് റഫറിമാർക്ക് ഫിഫ പണം നൽകുന്നത്.

2022 ഖത്തർ ലോകകപ്പിലെ പ്രതിഫല ഘടന പ്രകാരം, പ്രധാന റഫറിമാർക്ക് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള അടിസ്ഥാന പ്രതിഫലമായി ഏകദേശം 60 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. ഇതിനുപുറമേ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിനും ഏകദേശം 2.85 ലക്ഷം രൂപ വീതവും ലഭിക്കും. പ്രീക്വാർട്ടർ മുതൽ ഫൈനൽ വരെയുള്ള നോക്കൗട്ട് മത്സരങ്ങൾക്ക് 9.5 ലക്ഷം രൂപ വീതവുമാണ് ലഭിക്കുന്നത്. ഇതോടെ കൂടുതൽ മത്സരങ്ങൾ നിയന്ത്രിക്കുന്ന ഒരു റഫറിക്ക് ഒരു ലോകകപ്പിലൂടെ മാത്രം ഒരു കോടിയിലധികം രൂപ സമ്പാദിക്കാനാകും. ഇതിന് പുറമെ യാത്ര, താമസം, ഭക്ഷണം, പരിശീലന ക്യാമ്പുകൾ എന്നിവയുടെ മുഴുവൻ ചെലവും ഫിഫ വഹിക്കും.

അസിസ്റ്റന്റ് റഫറിമാർക്കും വീഡിയോ അസിസ്റ്റന്റ് റഫറിമാർക്കും പ്രത്യേക പ്രതിഫലമുണ്ട്. ഇവർക്കും ലക്ഷക്കണക്കിന് രൂപയാണ് ടൂർണമെന്റിനിടെ ലഭിക്കുന്നത്. അസിസ്റ്റന്റ് റഫറിമാരുടെ ലോകകപ്പ് വേതനം 2022ലേത് പ്രകാരം, ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള അടിസ്ഥാന പ്രതിഫലമായി ഏകദേശം 35–40 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഓരോ ഗ്രൂപ്പ് മത്സരത്തിനും ഏകദേശം 2 ലക്ഷം രൂപ, നോക്കൗട്ട് മത്സരങ്ങൾക്ക് 6–7 ലക്ഷം രൂപ വരെയും നേടാൻ കഴിയും. വീഡിയോ അസിസ്റ്റന്റ് റഫറിമാർക്കും സമാനമായ പ്രതിഫല ഘടനയാണ് ഉണ്ടായിരുന്നത്. ഇതിന് പുറമെ റഫറിമാർക്ക് ലഭിക്കുന്നപോലെ യാത്ര, താമസം, ഭക്ഷണം, പരിശീലന ക്യാമ്പുകൾ എന്നിവയുടെ മുഴുവൻ ചെലവും ഫിഫ വഹിക്കും.

റഫറിയെ ഫിഫ നേരിട്ട് തിരഞ്ഞെടുക്കുന്നതല്ല. ഓരോ രാജ്യത്തെയും ദേശീയ ഫുട്ബോൾ അസോസിയേഷനുകളാണ് മികച്ച റഫറിമാരെ നാമനിർദ്ദേശം ചെയ്യുന്നത്. തുടർന്ന് ഫിറ്റ്നസ്, മത്സരപരിചയം, തീരുമാനങ്ങളിലെ കൃത്യത, നിയമപരിജ്ഞാനം തുടങ്ങിയവ കർശനമായി വിലയിരുത്തിയ ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കുന്നത്. ഒരു ലോകകപ്പ് മത്സരത്തിൽ റഫറിമാർ ശരാശരി 10 മുതൽ 13 കിലോമീറ്റർ വരെ ഓടാറുണ്ട്. അതിനാൽ താരങ്ങളെപ്പോലെതന്നെ കർശനമായ ശാരീരികക്ഷമതാ പരിശോധനകളും മെഡിക്കൽ പരിശോധനകളും ഇവർ വിജയിക്കണം.

ഇന്ന് ഫുട്ബോൾ റഫറിയിംഗ് വലിയ കരിയർ സാധ്യതകളുള്ള മേഖലയായി വളർന്നിട്ടുണ്ട്. പ്രായപരിധിയും യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്ന ആർക്കും റഫറിയാകാൻ അവസരമുണ്ട്. ദേശീയ ഫുട്ബോൾ അസോസിയേഷനുകൾ നടത്തുന്ന റഫറി കോഴ്‌സും നിയമപരീക്ഷയും വിജയിച്ച് കർശനമായ ശാരീരികക്ഷമതാ (ഫിറ്റ്നസ്) പരിശോധനകൾ പാസായാൽ പ്രാദേശിക മത്സരങ്ങളിൽ നിന്ന് തുടങ്ങി ദേശീയ, അന്താരാഷ്ട്ര തലങ്ങളിലേക്കും ഉയരാം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ഒടുവിൽ ലോകകപ്പ് പോലുള്ള വമ്പൻ ടൂർണമെന്റുകളിൽ വരെ റഫറിയാകാനുള്ള അവസരവും ലഭിക്കും.

FIFA does not pay referees a monthly salary. Instead, officials receive tournament-based allowances. At the 2022 FIFA World Cup, main referees earned around ₹60 lakh as a base fee, plus about ₹2.85 lakh per group-stage match and ₹9.5 lakh for each knockout game, allowing top officials to earn over ₹1 crore during the tournament. Assistant referees and VAR officials also received substantial payments. FIFA additionally covered travel, accommodation, meals and training, while referees were selected through rigorous fitness, experience and performance evaluations.