ഉസ്ബെക്കിസ്ഥാനും കൊളംബിയയും തമ്മിലുള്ള മത്സരം ഇന്ന് കഴിഞ്ഞതോടെ ലോകകപ്പ് 2026ലെ ആദ്യ റൗണ്ട് പൂർത്തിയായി. പല അപ്രതീക്ഷിത മത്സരങ്ങളാണ് അമേരിക്കയിലും മെക്സികോയിലും കാനഡയിലുമായി നടന്ന ആദ്യ റൗണ്ടിൽ കാണാൻ സാധിച്ചത്. ചില ടീമുകൾ പ്രതീക്ഷിച്ചതിനേക്കാൾ ഉയരുകയും മുൻചാമ്പ്യൻമാരായ ടീമുകൾ തങ്ങളുടെ നില താഴ്ത്തിക്കളിക്കുകയും ചെയ്തതായിരുന്നു ഒരാഴ്ച്ചയിലെ അവലോകനം. ലോകകപ്പിൽ ആദ്യമായി പങ്കെടുത്ത നാല് ടീമുകളായിരുന്നു കേപ് വെർഡെ, കുറസോവ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ. ആദ്യ അങ്കത്തിനെത്തിയ നാല് ടീമുകളുടെ പ്രകടനങ്ങൾ വിലയിരുത്താം.
കേപ് വെർഡെ:
സ്പെയിനെ ഗോൾ രഹിത സമനിലയിൽ തളച്ച് ആഫ്രിക്കൻ കരുത്തരായി മാറിയ കേപ് വെർഡെയെയാണ് ആദ്യം എടുത്തു പറയേണ്ടത്. മുൻ ലോക ചാമ്പ്യൻമാരായ സ്പെയിനെ പിടുച്ചുകെട്ടുന്നതായിരുന്നു അറ്റ്ലാന്റാ സ്റ്റേഡിയത്തിൽലെ കേപ് വെർഡെയുടെ പ്രകടനം. നാൽപതുവയസുകാരനായ ഗോൾ കീപ്പർ വെസീഞ്ഞോയുടെ പ്രകടനം വിലമതിക്കാനാകാത്തതായിരുന്നു. ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള സ്പെയിനിലെ മേജർ താരങ്ങളെല്ലാം അണിനിരന്നെങ്കിലും കുഞ്ഞൻ ദ്വീപ് രാജ്യത്തിനെതിരെ ഗോൾ നേടാനായില്ല. പ്രതിരോധ നിര കാത്തതിൽ സ്റ്റോപ്പിറയുടെ പങ്കും എടുത്തുപറയേണ്ടതാണ്.
കുറസാവോ:
നോർത്ത് അമേരിക്കൻ ലോകകപ്പിൽ പങ്കെടുക്കുന്ന ഏറ്റവും ചെറിയ രാജ്യംകൂടിയാണ് കുറസാവോ. കേവലം ഒന്നര ലക്ഷം ജനങ്ങൾ മാത്രമാണ് കരീബിയൻ സമുദ്രത്തിനിടയിലെ ഈ ദ്വീപ് രാജ്യത്ത് താമസിക്കുന്നത്. ശക്തരായ സ്ക്വാഡായിരുന്നിട്ടും കന്നി അങ്കത്തിലെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽനടന്ന മത്സരത്തിൽ ജർമനിക്കെതിരെ നിരാശാജനകമായ ഫലമായിരുന്നു കുറസാവോക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ജർമ്മനിയുടെ അതിവേഗ പാസിംഗിനും ആക്രമണത്തിനും മുന്നിൽ കരീബിയൻ പ്രതിരോധം തകർന്നു തരിപ്പണമായി. 7-1 എന്ന വലിയ സ്കോറിനാണ് ഡിക്ക് അഡ്വക്കാറ്റിന്റെ സംഘത്തിന് പരാജയം സമ്മതിച്ചതിക്കേണ്ടിവന്നത്. എങ്കിലും ശക്തരായ ജർമ്മനിക്കെതിരെ ഒരു ലോകകപ്പ് ഗോൾ നേടാനായത് കുറസാവോയുടെ ചരിത്ര നിമിഷമാണ്. മിഡ്ഫീൽഡിൽ ജുനിഞ്ഞോ ബകുന, വിങ്ങർ ലിയാൻഡ്രോ ബകുന എന്നിവരാണ് തോൽവിയിലും ടീമിന്റെ ഏക ഗോളിന് വഴിയൊരുക്കിയത്.
ജോർദാൻ:
ഏഷ്യൻ കപ്പിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായിട്ടാണ് ജോർദാൻ ഓസ്ട്രിയക്കെതിരെ സാൻ ഫ്രാൻസിസ്കോയിൽ കളത്തിലിറങ്ങിയത്. കളിയിലുടനീളം മികച്ച പാസുകളുമായി യൂറോപ്യൻ കരുത്തരായ ഓസ്ട്രിയയെ വിറപ്പിച്ചു. ആദ്യ പകുതിയിൽ തുല്യശക്തികളുടെ പോരാട്ടമാണ് കണ്ടത്. എന്നാൽ രണ്ടാം പകുതിയിൽ ഓസ്ട്രിയയുടെ ശാരീരികക്ഷമതയും അനുഭവസമ്പത്തും ജോർദാന്റെ പ്രതിരോധത്തെ തളർത്തി. കഠിനമായി പോരാടിയിട്ടും 3-1 എന്ന സ്കോറിന് ജോർദാന് തോൽവി വഴങ്ങേണ്ടി വന്നു. ഫ്രഞ്ച് ക്ലബ്ബായ റെന്നസിന് വേണ്ടി കളിക്കുന്ന സൂപ്പർ വിങ്ങർ മൂസ അൽ-താമാരിയാണ് ജോർദാന്റെ ഏറ്റവും വലിയ ആയുധം. തന്റെ വേഗതയും ഡ്രിബ്ലിംഗ് മികവും കൊണ്ട് ഓസ്ട്രിയൻ പ്രതിരോധത്തെ പലപ്പോഴും അദ്ദേഹം പരീക്ഷിച്ചു.
ഉസ്ബെക്കിസ്ഥാൻ:
ഇറ്റലിക്കായി 2006ൽ ലോകകപ്പ് നേടിയ ടീമിലുൾപ്പെട്ട ഫാബിയോ കന്നവാരോ എന്ന ഇതിഹാസ പരിശീലകന്റെ കീഴിൽ കന്നി അങ്കത്തിനിറങ്ങിയ ഉസ്ബെക്കിസ്ഥാനും പരാജയപ്പെട്ടു. ദക്ഷിണ അമേരിക്കൻ കരുത്തരായ കൊളംബിയക്കെതിരെ തുടക്കത്തിൽ ഗോൾ വഴങ്ങേണ്ടി വന്നു. 'വൈറ്റ് വോൾവ്സ്' എന്ന് വിളിപ്പേരുള്ള ഉസ്ബെക്ക് പട രണ്ടാം പകുതിയിൽ കൊളംബിയൻ വല കുലുക്കി മത്സരം 1-1ന് സമനിലയിലാക്കി. ബയേൺ മ്യൂണികിന്റെ ലൂയിസ് ഡയസിന്റെ നേതൃത്വത്തിൽ കൊളംബിയ വീണ്ടും ആക്രമണം അഴിച്ചുവിട്ടതോടെ 3-1 ന് ഉസ്ബെക്കിസ്ഥാൻ തോൽവി സമ്മതിക്കേണ്ടിവന്നു. രാജ്യത്തിന്റെ ഭാവി വാഗ്ദാനമായ 22 കാരനായ മിഡ്ഫീൽഡർ അബ്ബോസ്ബെക് ഫയ്സുല്ലേവ് ആണ് ഈ കളിയിൽ ഗോൾ നേടിയത്. ഒപ്പം പ്രതിരോധ നിരയിലെ യുവതാരം അബ്ദുകാദിർ ഖുസനോവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
The first round of the 2026 FIFA World Cup ended with all four debutants—Cape Verde, Curacao, Jordan and Uzbekistan—failing to win. Cape Verde impressed with a draw against Spain, while Curacao, Jordan and Uzbekistan suffered defeats. Despite the results, all four teams showed promise, producing memorable moments and proving they can compete on football’s biggest stage.