World Cup 2026

ലോകകപ്പിലും എൽ ക്ലാസികോ? റയലിന്റെ എംബാപെയും ബാഴ്സലോണയുടെ ലാമിൻ യമാലും നേർക്കുനേർ വരുമ്പോൾ

മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആധിപത്യം പുലർത്തിയ ഫുട്ബോൾ യുഗത്തിനുശേഷം ലോകഫുട്ബോളിനെ നയിക്കാൻ എത്തുന്ന രണ്ട് താരങ്ങളാണ് ഡാലസ് സ്റ്റേഡിയത്തിൽ നേർക്കുനേർ വരുന്നത്

Sports Desk

2026 ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരം നടക്കുന്നത് ലാലി​ഗയിലെ എൽ ക്ലാസികോ പാേരാട്ടത്തിനെ ഓർമിപ്പിക്കും വിധമായിരിക്കും. ഒരു വശത്ത് ഫ്രാൻസിനെ നയിക്കുന്ന കിലിയൻ എംബാപ്പെ. മറുവശത്ത് സ്പെയിൻ സൂപ്പർ താരം ലാമിൻ യമാൽ. രണ്ടുപേരും ബദ്ധവൈരികളായ റയൽ മാഡ്രിഡിന്റേയും ബാഴ്സലോണയുടേയും മുഖങ്ങൾ. മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആധിപത്യം പുലർത്തിയ ഫുട്ബോൾ യുഗത്തിനുശേഷം ലോകഫുട്ബോളിനെ നയിക്കാൻ എത്തുന്ന രണ്ട് താരങ്ങളാണ് ഡാലസ് സ്റ്റേഡിയത്തിൽ നേർക്കുനേർ വരുന്നത്.

എൽക്ലാസികോ പോരാട്ടം മാത്രമായിരിക്കില്ല ആദ്യ സെമിഫൈനൽ പോരാട്ടിൽ നടക്കുന്നത്. ഇരു ടീമുകൾക്കും ഇത് അഭിമാന പോരാട്ടംകൂടിയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഫ്രാൻസും സ്പെയിനും ഏറ്റുമുട്ടിയ വലിയ മത്സരങ്ങളിലെല്ലാം യമാലിന്റെ സ്പെയിനാണ് മേൽക്കൈ നേടിയത്. 2024 യൂറോ സെമിയിൽ ഫ്രാൻസിനെ 2-1ന് തോൽപ്പിച്ച സ്പെയിനിനായി 16-ാം വയസ്സിൽ യമാലാണ് ചരിത്രഗോൾ നേടിയത്. തുടർന്ന് 2025 യുവേഫ നേഷൻസ് ലീഗിലും സ്പെയിൻ 5-4ന് ജയിച്ചപ്പോൾ യമാൽ ഇരട്ടഗോളുമായി തിളങ്ങി. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പ് സെമിഫൈനൽ എംബാപ്പെക്ക് പ്രതികാരപ്പോരാട്ടം കൂടിയാണ്.

വ്യക്തിഗത നേട്ടങ്ങളുടെ കാര്യത്തിലും അടുത്ത മത്സരം ആവേശകരമാണ്. ലോകകപ്പിൽ എംബാപ്പെ ഗോളടിച്ച് കുതിക്കുകയാണ്. എട്ട് ​ഗോളുകളുമായി ​ഗോൾഡൻ ബൂട്ട് റേസിങ്ങിലാണ് ഇരുപത്തേഴുകാരൻ. ലോകകപ്പ് ചരിത്രത്തിലെ സർവകാല ഗോൾ റെക്കോർഡിനോട് ഒരു ഗോൾ മാത്രം അകലെയാണ് ഫ്രഞ്ച് നായകൻ. സെമിയിലും ഫൈനലിലും ഗോൾ നേടിയാൽ പുതിയ ചരിത്രമെഴുതാനും എംബാപ്പെക്ക് അവസരമുണ്ട്.

അതേസമയം, 19 വയസ്സ് തികയുംമുമ്പുതന്നെ ലോകകപ്പ് സെമിയിൽ സ്വന്തം രാജ്യത്തെ മുന്നോട്ട് നയിക്കുന്ന അപൂർവ താരങ്ങളിലൊരാളാകുകയാണ് യമാൽ. യൂറോയിലെ റെക്കോർഡുകൾക്ക് പിന്നാലെ ലോകകപ്പിലും തന്റെ പേര് ചരിത്രത്തിൽ കുറിക്കാനാണ് സ്പാനിഷ് യുവതാരത്തിന്റെ ലക്ഷ്യം. മത്സരത്തിന് മുന്നോടിയായി ഫ്രാൻസ് ഞങ്ങളെ ഭയക്കണമെന്ന യമാലിന്റെ പ്രതികരണവും പോരാട്ടത്തിന്റെ വാശി വർധിപ്പിച്ചിട്ടുണ്ട്.

ടീമുകളുടെ നിലവിലെ ഫോമും സെമിഫൈനലിന്റെ ആവേശം കൂട്ടുന്നുണ്ട്. മൊറോക്കോയെ 2-0ന് കീഴടക്കി തുടർച്ചയായ മൂന്നാം ലോകകപ്പ് സെമിയിലെത്തിയ ഫ്രാൻസ് പ്രതിരോധത്തിലും ആക്രമണത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മറുവശത്ത് അവസാന നിമിഷങ്ങളിലെ കംബാക്കിൽ ബെൽജിയത്തെ മറികടന്നാണ് സ്പെയിൻ അവസാന നാലിലെത്തിയത്. പകരക്കാരനായി ഇറങ്ങി വീണ്ടും വിജയഗോൾ നേടിയ മികേൽ മെറീനോ സ്പെയിനിന്റെ സൂപ്പർ സബ് ആയി ചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

The 2026 FIFA World Cup semifinal between France and Spain promises a modern-day El Clasico, with Real Madrid star Kylian Mbappe facing Barcelona sensation Lamine Yamal. Spain has beaten France in their last two major meetings, including Euro 2024 and the 2025 Nations League, making this a revenge mission for Mbappe. While the French captain is chasing the all-time World Cup scoring record, teenage Yamal aims to add another historic milestone. Both teams arrive in excellent form, setting up a blockbuster semifinal.