ജർമനി, നെതർലൻഡ്സ് തുടങ്ങിയ യൂറോപ്യൻ വമ്പൻമാർ പ്രീക്വാർട്ടർ കാണാതെ നോക്ക് ഔട്ടിൽ പുറത്തുപോയ രണ്ടാം ദിവസത്തിനുശേഷം ഇനി കളത്തിലേക്കിറങ്ങുന്നത് മുൻ ചാമ്പ്യൻമാരായ ഫ്രാൻസ്. എതിരാളികൾ ഫിഫ റാങ്കിങ്ങിൽ 38ാം സ്ഥാനത്തുള്ള സ്വീഡനും. ഗ്രൂപ്പ് ഘട്ടത്തിൽ എതിരാളികൾക്ക് തുടർച്ചയായി സമ്മർദം സൃഷ്ടിച്ച അതേ ആക്രമണ ഫുട്ബോൾതന്നെ സ്വീഡനെതിരെയും തുടരുമെന്നാണ് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് പറയുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ പത്ത് ഗോളുകൾ നേടിയ ഫ്രാൻസ് ആക്രമണത്തിൽ അതിശക്തരാണെന്ന് തെളിയിച്ചെങ്കിലും പ്രതിരോധത്തിൽ ചില പോരായ്മകൾ പ്രകടമായിരുന്നു. കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം എതിരാളികൾക്കും അവസരങ്ങൾ നൽകിയ ടീമാണ് ഫ്രാൻസെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ അതൊന്നും തന്ത്രം മാറ്റാനുള്ള കാരണമല്ലെന്നാണ് ദെഷാംപ്സിന്റെ നിലപാട്. ആക്രമണത്തിലൂടെ എതിരാളിയെ നിയന്ത്രിക്കുകയാണ് ഫ്രാൻസിന്റെ വിജയസൂത്രമെന്ന് ദെഷാംപ്സ് പറഞ്ഞിട്ടുണ്ട്.
ഗ്രൂപ്പ് ഐയിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ആധിപത്യം പുലർത്തിയ ഫ്രാൻസ് യഥാക്രമം സെനഗലിനെ 3-1 നും, ഇറാഖിനെ 3-0 നും, നോർവേയെ 4-1 നും തകർത്തുവിട്ടു. ആകെ 10 ഗോളുകൾ അടിച്ചുകൂട്ടിയ ഫ്രഞ്ച് പടയ്ക്കായി എംബാപ്പെയും ഒസ്മാൻ ഡെംബെലെയും നാല് ഗോളുകൾ വീതം നേടി മിന്നും ഫോമിലാണ്. ഈ അപരാജിത കുതിപ്പോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായിക്കൊണ്ടാണ് ഫ്രാൻസ് റൗണ്ട് ഓഫ് 32 നോക്കൗട്ട് പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്.
വിംഗുകളിലൂടെയുള്ള അതിവേഗ ആക്രമണ ശൈലിയാണ് കഴിഞ്ഞ മത്സരങ്ങളിൽ ഫ്രാൻസിന് വലിയ വിജയം സമ്മാനിച്ചത്. വിംഗർമാരായ എംബാപ്പെയുടെയും ഡെംബെലെയുടെയും അസാധ്യമായ വേഗത ഉപയോഗിച്ച് എതിരാളികളുടെ ഡിഫൻസിനെ തകർക്കുന്നതായിരുന്നു ഫ്രാൻസിന്റെ പ്രധാന തന്ത്രം. അതോടൊപ്പം മധ്യനിരയിൽ ഔറേലിയൻ ചൗമേനിയും അഡ്രിയാൻ റാബിയോട്ടും ചേർന്ന് പന്ത് വേഗത്തിൽ തിരിച്ചുപിടിച്ച് കളി നിയന്ത്രിച്ചതും ടീമിന് വലിയ മേധാവിത്വം നൽകി. സ്വീഡനെതിരെയുള്ള ഇന്നത്തെ നിർണായക മത്സരത്തിലും ഈ വിംഗുകളിലൂടെയുള്ള ആക്രമണ തന്ത്രം തന്നെയായിരിക്കും ഫ്രാൻസ് പുറത്തെടുക്കുക.
സ്വീഡനെ ദെഷാംപ്സ് ഒരിക്കലും നിസാരമായി കാണില്ലെന്നുറപ്പാണ്. ശാരീരിക മികവ്, സെറ്റ് പീസുകളിലെ അപകടസാധ്യത, മുന്നേറ്റനിരയിലെ നിലവാരം എന്നിവ സ്വീഡനെ ഏത് സമയത്തും മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ ആക്രമണം തുടർന്നാലും പ്രതിരോധത്തിലെ പിഴവുകൾ ഫ്രാൻസിന് വലിയ വില നൽകേണ്ട സാഹചര്യം സൃഷ്ടിച്ചേക്കാം.
സ്വീഡൻ പരിശീലകൻ ഗ്രഹാം പോട്ടറുടെ പ്രതികരണവും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെ നേരിടാൻ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരുമെന്ന് അദ്ദേഹം പറയുമ്പോൾ, സ്വീഡൻ യാഥാർഥ്യം തിരിച്ചറിഞ്ഞാണ് മത്സരത്തിനിറങ്ങുന്നതെന്ന് വ്യക്തമാകും. അലക്സാണ്ടർ ഹിയന്റെ അഭാവം പ്രതിരോധത്തിൽ തിരിച്ചടിയായാലും പ്രസിങ്ങ് പോരാട്ടത്തിലൂടെയാണ് ഫ്രാൻസിനെ വെല്ലുവിളിക്കാൻ സ്വീഡൻ ശ്രമിക്കുക.
France enter the FIFA World Cup Round of 32 determined to stick with their aggressive attacking approach despite the recent knockout exits of European heavyweights Germany and the Netherlands. Coach Didier Deschamps believes France's pace, creativity and ability to constantly threaten opponents remain their biggest strengths. Les Bleus dominated Group I, beating Senegal, Iraq and Norway while scoring 10 goals, with Kylian Mbappé and Ousmane Dembélé netting four each. However, defensive lapses remain a concern. Sweden coach Graham Potter admits his side must produce the performance of their lives, relying on pressing and teamwork despite defender Alexander Hien's absence.