World Cup 2026

ഗോൾഡൻ ബൂട്ട് പോരിൽ മെസിക്കൊപ്പം എംബാപ്പെ; ആര് തൂക്കും?

ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനാണ് ഗോൾഡൻ ബൂട്ട് പുരസ്‌കാരം

Sports Desk

ഫിഫ ലോകകപ്പ് നോക്കൗട്ട് ഘട്ടം പുരോഗമിക്കുമ്പോൾ ഗോൾഡൻ ബൂട്ടിനായുള്ള മത്സരവും കനക്കുന്നു. അർജന്റീന നായകനും ഇതിഹാസതാരവുമായി ലയണൽ മെസിയും ഫ്രാൻസിന്റെ സൂപ്പർതാരം കിലിയെൻ എംബാപ്പെയുമാണ് ഗോൾഡൻ ബൂട്ട് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ.

ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനാണ് ഗോൾഡൻ ബൂട്ട് പുരസ്‌കാരം. നിലവിൽ പരിചയസമ്പന്നരായ ഇതിഹാസങ്ങളും പുതിയ തലമുറയിലെ സൂപ്പർതാരങ്ങളും തമ്മിലാണ് കടുത്ത മത്സരം. ഗോൾ തുല്യമായാൽ അസിസ്റ്റുകളും പിന്നീട് കളിച്ച മിനിറ്റുകളുമാണ് വിജയിയെ നിർണയിക്കുന്ന മാനദണ്ഡങ്ങൾ.

1. ലയണൽ മെസി (അർജന്റീന) - 6 ഗോളുകൾ

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ മെസി നേടി കഴിഞ്ഞു. കേപ് വെർദെയ്‌ക്കെതിരെയാണ് അർജന്റീനയുടെ റൗണ്ട് 32 മത്സരം. സമ്മർദ്ദങ്ങളില്ലാതെ കളിക്കുന്ന മെസിയെയാണ് ഈ ലോകകപ്പിൽ ഉടനീളം കാണുന്നത്. 2022 ലെ കിരീട നേട്ടം ഇത്തവണത്തെ മെസിയുടെ കളിയെ വളരെ പോസിറ്റീവ് ആയി സ്വാധീനിച്ചിട്ടുണ്ട്. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ചവൻ താൻ തന്നെയെന്ന് ഈ 39-ാം വയസ്സിലും പ്രകടനം കൊണ്ട് അടിവരയിടുകയാണ് താരം. അസാധാരണമായ ഫിനിഷിംഗ് മികവ്, സെറ്റ് പീസുകളിൽ നിന്നും ഗോൾ കണ്ടെത്തൽ, പരിചയസമ്പത്ത്, നേതൃശേഷി എന്നിവയാണ് മെസിയെ ഈ ലോകകപ്പിൽ മികച്ചതാക്കുന്നത്.

2. കിലിയെൻ എംബാപ്പെ (ഫ്രാൻസ്) - ആറ് ഗോളുകൾ, രണ്ട് അസിസ്റ്റുകൾ

ഗോളുകളിൽ മെസിക്കൊപ്പം ആണെങ്കിലും അസിസ്റ്റിൽ മുൻപനാണ് ഫ്രാൻസിന്റെ കിലിയെൻ എംബാപ്പെ. അതിവേഗ കൗണ്ടർ അറ്റാക്കുകളാണ് എംബാപ്പെയെ വ്യത്യസ്തനാക്കുന്നത്. നാല് മത്സരങ്ങളിൽ നിന്നാണ് എംബാപ്പെയുടെ ആറ് ഗോളുകൾ. ബോക്‌സിനുള്ളിൽ ആക്രമിച്ചു കളിക്കാനുള്ള ശൈലി, ഇരുകാലുകളിലും ഷൂട്ടിംഗ് മികവ്, അസിസ്റ്റുകളിലും നിർണായക സംഭാവന തുടങ്ങി എംബാപ്പെയെ എക്‌സ് ഫാക്ടർ ആക്കുന്ന ഘടകങ്ങൾ ഒന്നിലേറെ. മാത്രമല്ല ലോകകപ്പിൽ താരം 18 ഗോളുകൾ നേടിക്കഴിഞ്ഞു. ആകെ ലോകകപ്പ് ഗോളുകളിൽ 19 ഗോളുകളുള്ള മെസി മാത്രമാണ് എംബാപ്പെയ്ക്കു മുന്നിലുള്ളത്.

3. എർലിങ് ഹാലണ്ട് (നോർവേ) - 5 ഗോളുകൾ

ആദ്യ ലോകകപ്പ് കളിക്കുന്ന എർലിങ് ഹാലണ്ട് ഇതിനകം തന്നെ നാല് കളികളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്. ഉയരക്കൂടുതൽ ഉള്ളതിനാൽ ബോക്‌സിനുള്ളിലെ ഹെഡർ മികവ്, ശാരീരിക ക്ഷമത, ഫിനിഷിങ് മികവ് എന്നിവയെല്ലാം ഹാലണ്ടിനെയും ഈ ലോകകപ്പിലെ ഗോൾവേട്ടക്കാരൻ ആക്കാൻ സാധ്യതയുള്ളതാണ്.

4. ഒസ്മാൻ ഡെംബലെ (ഫ്രാൻസ്) - 4 ഗോളുകൾ

ഫ്രാൻസിന്റെ ആക്രമണനിരയിലെ മറ്റൊരു പ്രധാന ആയുധമാണ് ഒസ്മാൻ ഡെംബെലെ. വേഗതയും ഡ്രിബ്ലിംഗും കൊണ്ട് പ്രതിരോധത്തെ തകർക്കുന്ന താരം ഗോളുകളും അസിസ്റ്റുകളും ഒരുപോലെ സംഭാവന ചെയ്യുന്നു. ആക്രമിച്ചു കളിക്കാനുള്ള കഴിവും വേഗതയും ഡെംബലയെ വേറിട്ടുനിർത്തുന്നു. എംബാപ്പെ - ഡെംബലെ കൂട്ടുകെട്ടാണ് ഫ്രാൻസിന്റെ ഏറ്റവും വലിയ കരുത്ത്. ഇതിനോടകം നാല് ഗോളുകൾ ഡെംബലെ നേടിക്കഴിഞ്ഞു.

5. വിനീഷ്യസ് ജൂനിയർ (ബ്രസീൽ) - 4 ഗോളുകൾ

ഈ ലോകകപ്പിൽ ബ്രസീലിന്റെ വജ്രായുധം. നാല് കളികളിൽ നിന്ന് നാല് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് റേസിൽ അഞ്ചാം സ്ഥാനത്ത്. അസാധാരണ വേഗതയും കൃത്യമായ ഫിനിഷിങ്ങുമാണ് ഏറ്റവും വലിയ കഴിവ്. എത്ര വലിയ പ്രതിരോധ നിരയെയും കബളിപ്പിച്ച് മുന്നേറാനുള്ള അസാധ്യ പാഠവം വിനിക്കുണ്ട്. കൗണ്ടർ അറ്റാക്കുകളിൽ നിർണായക സാന്നിധ്യം കൂടിയാണ് വിനീഷ്യസ് ജൂനിയർ.

The race for the 2026 FIFA World Cup Golden Boot has become an intense battle between football's biggest icons. As of July 1, 2026, both Lionel Messi and Kylian Mbappé are tied at the top of the scoring charts with six goals each. While their goal tallies are identical, Mbappé currently holds a slight advantage due to his two tournament assists, which serve as the primary tiebreaker according to FIFA regulations. If a deadlock remains, the award is decided by the fewest minutes played, making efficiency a crucial factor in the coming rounds.