World Cup 2026

ലോകകപ്പിലെ വേ​ഗമേറിയ ​ഗോൾ സ്കോറർ; നായകനിൽനിന്ന് തുർക്കിയുടെ കണ്ണിലെ കരടായി മാറിയ ഹാകൻ സുകൂർ

2002 ലോകകപ്പിൽ ദക്ഷിണ കൊറിയക്കെതിരായ മൂന്നാം സ്ഥാന മത്സരത്തിൽ വെറും 11 സെക്കൻഡിൽ ഗോൾ നേടി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ റെക്കോർഡ് നേടുകയായിരുന്നു ഹാകൻ സുകൂർ

Sports Desk

ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന തുർക്കി-പരാഗ്വേ മത്സരത്തിനിടെ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളിന്റെ ഉടമയും തുർക്കിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനുമായ ഹാകൻ സുകൂറിന്റെ പേര് സ്റ്റേഡിയത്തിലെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ ആർപ്പുവിളിയോടെയാണ് സ്വീകരിച്ചത്. ഫിഫയുടെ ഔദ്യോഗിക ട്രാക്ക് റെക്കോർഡിന്റെ ഭാഗമായാണ് സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ അദ്ദേഹത്തിന്റെ പേര് രണ്ടുതവണ കാണിച്ചത്.

തുർക്കി മൂന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത 2002 ലോകകപ്പിലായിരുന്നു താരത്തിന്റെ വേ​ഗമേറിയ ​ഗോൾ പിറന്നത്. ദക്ഷിണ കൊറിയക്കെതിരായ മൂന്നാം സ്ഥാന മത്സരത്തിൽ വെറും 11 സെക്കൻഡിൽ ഗോൾ നേടി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ റെക്കോർഡ് നേടുകയായിരുന്നു. എന്നാൽ ഫുട്ബോൾ കരിയറിന് ശേഷം രാഷ്ട്രീയത്തിലേക്ക് കടന്ന സുകൂറിന്റെ ജീവിതം വലിയ വിവാദങ്ങളിലേക്ക് വഴിമാറി. ഫെത്തുല്ല ഗുലൻ പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച നീക്കത്തിൽ പങ്കുണ്ടെന്നും തുർക്കി ഭരണകൂടം ആരോപിച്ചു. ആരോപണങ്ങൾ സുകൂർ നിഷേധിച്ചെങ്കിലും 2016ൽ അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു.

ഇതിനിടെ അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി. വടക്കൻ കാലിഫോർണിയയിൽ കുടുംബത്തോടൊപ്പം താമസമാക്കിയ സുകൂർ കഫേ നടത്തുകയും കാർ ഡ്രൈവറായി ജോലി ചെയ്യുകയും പിന്നീട് ഫുട്ബോൾ സ്കൂൾ ആരംഭിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിനും കുടുംബത്തിനും തുർക്കിയിലേക്ക് മടങ്ങാൻ സാധിച്ചിട്ടില്ല.

2022 ലോകകപ്പിനിടെ ഒരു തുർക്കിഷ് ബ്രോഡ്കാസ്റ്റർ സുകൂറിന്റെ പേര് പരാമർശിച്ചതിന് പിന്നാലെ കമന്റേറ്ററെ ജോലിയിൽ നിന്ന് പുറത്താക്കിയ സംഭവം വരെ ഉണ്ടായിരുന്നു. അതിനാൽ തന്നെ തുർക്കിയുടെ ലോകകപ്പ് മത്സരം സ്വന്തം വീടിന് സമീപം നടന്നിട്ടും അദ്ദേഹം സ്റ്റേഡിയത്തിൽ നേരിട്ടെത്താൻ മടിച്ചു. തുർക്കിയുടെ സുരക്ഷാ ഏജൻസികളിലെ അംഗങ്ങൾ അവിടെ ഉണ്ടാകുമെന്ന ആശങ്കയാണ് കാരണമായി പറയപ്പെടുന്നത്.

ഒരു കാലത്ത് തുർക്കിയുടെ ദേശീയ നായകനായിരുന്ന സുകൂർ ഇന്ന് സ്വന്തം രാജ്യത്ത് വിവാദ വ്യക്തിയാണ്. അദ്ദേഹത്തിന് ലഭിച്ച ബഹുമാന ഡോക്ടറേറ്റ് റദ്ദാക്കുകയും ​ഗലാറ്റസറൈ ക്ലബിലെ അംഗത്വം എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. ക്ലബിന്റെ 2000ലെ യൂറോപ്യൻ വിജയത്തെക്കുറിച്ചുള്ള ഔദ്യോഗിക ഉള്ളടക്കങ്ങളിൽപോലും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.

Former Turkish football icon Hakan Şükür, the owner of the fastest goal in FIFA World Cup history and Turkey’s all-time leading scorer, drew loud cheers when his name appeared on the stadium screen during Turkey’s World Cup match against Paraguay. Fans hoped to see their former hero in person. Şükür set the record with an 11-second goal against South Korea in 2002. However, after entering politics, he became a controversial figure in Turkey, went into exile in the United States, and has been unable to return home since 2016.