ബ്രസീലിയൻ സൂപ്പർതാരം നെയ്മറിനു ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും നഷ്ടമായേക്കും. പരുക്കിൽ നിന്ന് താരം പൂർണമുക്തി നേടിയിട്ടില്ലെന്ന് ബ്രസീലിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്യുന്നു. മൊറോക്കോയ്‌ക്കെതിരായ ബ്രസീലിന്റെ ആദ്യ ഗ്രൂപ്പ്ഘട്ട മത്സരത്തിൽ നെയ്മറിനു കളിക്കാൻ സാധിച്ചില്ല.
ജൂൺ 19 വെള്ളിയാഴ്ച ഹെയ്തിക്കെതിരെയാണ് ബ്രസീലിന്റെ ഗ്രൂപ്പ്ഘട്ടത്തിലെ രണ്ടാം മത്സരം. ഈ കളിയിൽ നെയ്മർ ഇറങ്ങിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ വലതു തുടയിലെ പരുക്കിൽനിന്ന് പൂർണമായി മുക്തി നേടാൻ നെയ്മറിനു സാധിച്ചിട്ടില്ലെന്നാണ് വിവരം.
മുപ്പത്തിനാലുകാരനായ കാരനായ നെയ്മറിനു മേയ് 17 നു നടന്ന സാന്റോസിനെതിരായ മത്സരത്തിലാണ് പരുക്കേറ്റത്. ഗ്രേഡ് 2 കാഫ് ഇൻജുറി എന്നാണ് ബ്രസീൽ ടീം അറിയിച്ചത്. തിങ്കളാഴ്ച താരത്തെ വിദഗ്ദ പരിശോധനകൾക്കു വിധേയമാക്കിയിരുന്നു. കുറച്ചുദിവസം കൂടി വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടർമാർ വിലയിരുത്തിയത്.
ബ്രസീൽ മെഡിക്കൽ ടീം നെയ്മറിന്റെ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള പരിശ്രമങ്ങൾ നടത്തിവരികയാണ്. നോക്ക് ഔട്ട് സ്റ്റേജിലേക്ക് നെയ്മറിനെ ഒരുക്കാനാണ് ശ്രമം. അതിനാൽ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും താരത്തിനു നഷ്ടമാകുമെന്നും ഇ എസ് പി എൻ റിപ്പോർട്ടിൽ പറയുന്നു.
ലോകകപ്പ് ടീമിനൊപ്പം താരം തുടരുന്നുണ്ടെങ്കിലും സമ്പൂർണ പരിശീലന സെഷനിൽ പങ്കെടുക്കുന്നില്ല. ജിം അടക്കമുള്ള കായികാധ്വാനങ്ങൾക്കും വിലക്കുണ്ട്. പേശികളിൽ ഇപ്പോഴും വേദനയുണ്ടെന്നും പൂർണമായി വേദനയിൽനിന്ന് മുക്തനാകാതെ നെയ്മറിനെ ഇറക്കാൻ സാധിക്കില്ലെന്നുമാണ് വൈദ്യസംഘം ടീം മാനേജ്‌മെന്റിനെ അറിയിച്ചിരിക്കുന്നത്. ജൂൺ 24 ന് സ്‌കോട്ട്‌ലൻഡിനെതിരെയാണ് ബ്രസീലിന്റെ അവസാന ഗ്രൂപ്പ് മത്സരം.
''നെയ്മർ പരുക്കിൽനിന്ന് പൂർണ മുക്തനാകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം അദ്ദേഹം കളിക്കളത്തിലേക്കു തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. കളിമികവ് കൊണ്ട് മാത്രമല്ല പരിചയസമ്പത്ത് കൊണ്ടും ഈ ടീമിനു ഏറെ ഗുണം ചെയ്യാൻ നെയ്മറിനു സാധിക്കും,'' ബ്രസീൽ പരിശീലകൻ കാർലോ അഞ്ചലോട്ടി പറഞ്ഞു.
English Summary: Brazilian superstar Neymar could miss all of the group-stage matches. According to an ESPN report citing Brazilian media, the star has not yet fully recovered from his injury.
Neymar was unavailable for Brazil's opening group-stage match against Morocco. Brazil's second group-stage game is against Haiti on June 19, and there had been speculation that Neymar might return for that match. However, reports indicate that he has still not fully recovered from the injury to his right thigh.