World Cup 2026

ലോകകപ്പ് വേദികൾക്ക് പുറത്ത് പ്രതിഷേധം കടുക്കും; തിരോധാന കേസുകളിൽ വിയർക്കേണ്ടിവരുന്ന മെക്സികോ

മനുഷ്യരെ കാണാതാകുന്ന കേസുകളിൽ കുപ്രസിദ്ധമായ രാജ്യമാണ് മെക്സികോ

Sports Desk

2026 ലോകകപ്പ് ഉദ്ഘാടന വേദിയാകുന്ന മെക്സികോയിലെ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയം ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ആദ്യമായി മൂന്ന് ലോകകപ്പുകൾക്ക് വേദിയാകുന്ന സ്റ്റേഡിയമെന്ന ബഹുമതിയും പെലെ മൂന്നാം വേൾ‍ഡ് കപ്പ് നേടിയതും മറഡോണയുടെ ദൈവത്തിന്റെ ​ഗോൾ പിറന്നതുമായ ചരിത്രം 'മാ‍ഡിസം ഡിജിറ്റൽ'തന്നെ പലതവണകളിലായി എഴുതിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ചരിത്ര സ്റ്റേഡിയത്തെ ചുറ്റിപ്പറ്റി മെക്സികോയിൽ നടക്കുന്ന പ്രതിഷേധമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മനുഷ്യരെ കാണാതാകുന്ന കേസുകൾക്ക് കുപ്രസിദ്ധമായ രാജ്യമാണ് മെക്സികോ. കാണാതായവരുടെ കുടുംബാം​ഗങ്ങളും മനുഷ്യാവകാശ പ്രവർത്തകരും വർഷങ്ങളായി പ്രതിഷേധങ്ങളും സമരങ്ങളും നടത്താറുണ്ട്. അത്തരമൊരു പ്രതിഷേധമാണ് നിലവിൽ എസ്റ്റാഡിയോ ആസ്ടെക്ക പരിസരത്ത് നടക്കുന്നത്. ലോക സഞ്ചാരികളുടേയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും സാനിധ്യം മുൻനിർത്തി വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയിരിക്കുകയാണ് മനുഷ്യാവകാശ പ്രവർത്തകർ. മെക്സിക്കൻ സിറ്റിയിൽ പ്രതിഷേധം സംഘടിപ്പിക്കുകയും കാണാതായവരുടെ പടങ്ങളും വിഷയത്തിൽ സർക്കാറിന്റെ അലംഭാവം വിവരിച്ചും സ്റ്റേഡിയത്തിനുചുറ്റം പ്രതിഷേധക്കാർ കഴിഞ്ഞ ദിവസം പോസ്റ്ററുകൾ പതിച്ചു.

ഔദ്യോഗിക കണക്കുകൾ പ്രകാരം മെക്സിക്കോയിൽ ഒന്നര ലക്ഷത്തോളം ആളുകളെ കാണാതായിട്ടുണ്ട്. എന്നാൽ യഥാർത്ഥ സംഖ്യ ഇതിലും വളരെ കൂടുതലാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. 2006ൽ സർക്കാർ മയക്കുമരുന്ന് മാഫിയകൾക്കെതിരെ സൈനിക നടപടി ആരംഭിച്ചതു മുതലാണ് മെക്സികോയിൽ ഈ പ്രതിസന്ധി രൂക്ഷമായത്. മെക്സിക്കോ സിറ്റിയിൽമാത്രം 3,022 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തങ്ങളുടെ സായുധ സംഘങ്ങളിലേക്ക് യുവാക്കളെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുന്ന മയക്കുമരുന്ന് മാഫിയയാണ് ആളുകളെ കാണാതാകുന്നതിന് പ്രധാന കാരണമെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളാക്കാനും തോട്ടങ്ങളിലും ഖനികളിലും നിർബന്ധിത ജോലികൾക്കായും മനുഷ്യരെ കടത്തുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു. പൊലീസും രാഷ്ട്രീയ നേതാക്കളും മാഫിയകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.

കാണാതായവരെ കണ്ടെത്തുന്നതിൽ മെക്സിക്കൻ സർക്കാർ പരാജയപ്പെട്ടതിനെ തുടർന്ന് കുടുംബാ​​ഗങ്ങളും മനുഷ്യാവകാശ പ്രവർത്തകരും തിരച്ചിൽ സംഘങ്ങൾ രൂപീകരിച്ചിരുന്നു. മരുഭൂമികളിലും കാടുകളിലും തിരച്ചിൽ നടത്തി മാഫിയ സംഘങ്ങൾ ആളുകളെ കൊന്നുതള്ളിയ നൂറുകണക്കിന് രഹസ്യ ശ്മശാനങ്ങൾ കണ്ടെത്തിയത് മുമ്പ് മെക്സികോയിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. എന്നാൽ മയക്കുമരുന്ന് സംഘങ്ങളുടെ രഹസ്യങ്ങൾ പുറത്താക്കിയതിൽ പത്തിലധികം സന്നദ്ധ പ്രവർത്തകരെ മാഫിയകൾ കഴിഞ്ഞ വർഷങ്ങളിൽ കൊന്നൊടുക്കി വീണ്ടും ഭീതി സ‍ൃഷ്ടിക്കുകയാണ് ചെയ്തത്.

രാജ്യത്ത് മിസ്സിങ് കേസുകൾ വർധിക്കുമ്പോൾ നടപടിയെടുക്കാതെ കോടിക്കണക്കിന് ഡോളർ ചെലവിട്ട് ലോകകപ്പ് നടത്തുന്നതിനെ പ്രതിഷേധക്കാർ എതിർക്കുന്നു. മെക്സിക്കോയുടെ അക്രമം നിറഞ്ഞ യഥാർത്ഥ ചിത്രം മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. കാണാതായ കേസുകളിൽ 2 ശതമാനത്തിൽ താഴെ മാത്രമാണ് കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത്. ബാക്കി 98% കേസുകളിലും അന്വേഷണം നടക്കുന്നില്ലെന്നും മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു.

English Summary: Human rights activists have staged protests around Mexico City's Estadio Azteca to draw attention to the country's missing persons crisis ahead of the 2026 World Cup. More than 150,000 people are officially listed as missing, with activists blaming drug cartels, corruption, and government inaction. Families of the missing have even formed search groups that uncovered hundreds of secret mass graves across the country.