കടുത്ത യാത്രാനിയന്ത്രണങ്ങളും വിവേചനപരമായ നടപടികളും നേരിട്ടിട്ടും, ഫുട്ബോൾ മൈതാനത്ത് മാന്യതയുടെ പുതിയ പാഠങ്ങൾ പഠിപ്പിച്ച് ഇറാൻ ടീം ലോകകപ്പ് വേദിയിൽ നിന്നും മടങ്ങുന്നു. അമേരിക്കയുടെ കർശനമായ യാത്രാനിയന്ത്രണങ്ങൾക്കും മത്സരശേഷം ഉടൻ മടങ്ങണമെന്ന അധികൃതരുടെ നിർദ്ദേശങ്ങൾക്കുമിടയിലും, തങ്ങളെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ട് ഇറാൻ ടീം ഡ്രെസ്സിങ് റൂമിൽ ഉപേക്ഷിച്ച കൈപ്പടയിലെഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വൻ വെല്ലുവിളികളാണ് ഇറാൻ ടീം ഇത്തവണത്തെ ലോകകപ്പിൽ നേരിട്ടത്. ടീമിനോടുള്ള അമേരിക്കയുടെ വിവേചനപരമായ സമീപനത്തിനെതിരെ ഫിഫ സ്വീകരിച്ച മൗനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ബെൽജിയത്തിനെതിരായ മത്സരശേഷം വിശ്രമം പോലും അനുവദിക്കാതെ അമേരിക്ക വിടാൻ അധികൃതർ നിർദ്ദേശം നൽകിയപ്പോഴാണ് തങ്ങളെ പിന്തുണച്ചവർക്കായി ടീം ഒരു കുറിപ്പ് കരുതിവെച്ചത്.
കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ:
"ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രപാരമ്പര്യമുള്ള പ്രാചീന പേർഷ്യയിൽ നിന്ന് ഇന്നത്തെ പരിഷ്കൃത ഇറാനിലേക്കുള്ള യാത്രയിൽ, ഇറാന്റെ ആത്മവീര്യം ഇന്നും അചഞ്ചലമായി നിലനിൽക്കുന്നു. അഭിമാനത്തോടെയാണ് ഞങ്ങൾ ലോസ് ആഞ്ചലസിലെത്തിയത്. മാന്യതയോടെ മത്സരിച്ചു, അന്തസ്സോടെ മടങ്ങുകയാണ്. ഞങ്ങൾക്ക് നൽകിയ ആത്മാർത്ഥമായ ആതിഥേയത്വത്തിന് ലോസ് ആഞ്ചലസിനോട് നന്ദി അറിയിക്കുന്നു," ടീം കത്തിൽ കുറിച്ചു.
മത്സരത്തിലുടനീളം തങ്ങൾക്ക് പിന്തുണ നൽകിയ ആരാധകർക്ക് നന്ദി അറിയിക്കാനും ടീം മറന്നില്ല. "ഈ 180 മിനിറ്റുകൾ മുഴുവൻ ഇറാനുവേണ്ടി ഹൃദയവും ശബ്ദവും ആത്മാവും സമർപ്പിച്ച ഓരോ ഇറാനിയനോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി. ലോകത്തെ എല്ലാ രാഷ്ട്രങ്ങൾക്കിടയിലും സമാധാനവും പരസ്പര ബഹുമാനവും സൗഹൃദവും എന്നും നിലനിൽക്കട്ടെ,"- കത്തിൽ കുറിച്ചു.
പ്രതികൂല സാഹചര്യങ്ങളിലും അടിയറവ് പറയാത്ത ഇറാൻ ടീമിന്റെ ആത്മവീര്യത്തെയും മാന്യതയെയും ലോകമെമ്പാടുമുള്ള കായിക പ്രേമികൾ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിക്കുകയാണ്. അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ ബെൽജിയത്തെ ഗോൾ രഹിത സമനിലയിലാണ് ഇറാൻ തളച്ചത്. ഇറാൻ ഗോൾ കീപ്പർ അലിറെസ ബെയ്റൻവാണ്ട് എന്ന മുപ്പത്തിമൂന്നുകാരന്റെ ഗംഭീര സേവുകളാണ് ഇറാന്റെ രക്ഷയ്ക്കെത്തിയത്.
Amidst severe travel restrictions and challenging circumstances during their World Cup campaign, the Iranian national football team won hearts with a gesture of dignity and grace. Facing intense pressure from American authorities—including being ordered to depart immediately after their match without rest—the team left a handwritten note in the locker room for their hosts and supporters.