കുറസാവോയ്ക്കെതിരെയുള്ള 2-0 വിജയത്തോടെ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് തങ്ങളുടെ ആദ്യ ചരിത്ര പ്രവേശനം ഉറപ്പാക്കിയിരിക്കുകയാണ് ഐവറി കോസ്റ്റ്. ടീമിന്റെ വിജയത്തിന് പിന്നാലെ, ഈ നേട്ടം ആഘോഷിക്കാനും വരാനിരിക്കുന്ന മത്സരങ്ങളിലും ടീമിനെ തുടര്‍ന്ന് പിന്തുണയ്ക്കാനും ആരാധകരോട് ഐവറി കോസ്റ്റ് പരിശീലകന്‍ എമേഴ്സ് ഫേ ആവശ്യപ്പെട്ടു. 'ഈ ചരിത്രപരമായ യോഗ്യത നിങ്ങള്‍ ആസ്വദിക്കൂ,' ഫേ പറഞ്ഞു. 'ആഘോഷങ്ങള്‍ കഴിഞ്ഞാല്‍, ടൂര്‍ണമെന്റില്‍ പരമാവധി മുന്നോട്ട് പോകാന്‍ വേണ്ടി ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക. ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ദയവായി തുടരുക,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിക്കോ ടീമിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ചും ഫേ സംസാരിച്ചു. മുന്‍പുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെല്ലാം പരിഹരിച്ചതായും നിക്കോയുടെ പ്രകടനത്തില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'നിക്കോയുമായി ബന്ധപ്പെട്ട ആ അധ്യായം ഇപ്പോള്‍ കഴിഞ്ഞ കാര്യമാണ്. ഞങ്ങള്‍ എപ്പോഴും അവനോട് കാര്യങ്ങള്‍ വ്യക്തമായി സംസാരിച്ചിരുന്നു. എന്തുകൊണ്ടാണ് ആ സമയത്ത് അവനെ ടീമിലേക്ക് തിരഞ്ഞെടുക്കാതിരുന്നതെന്നും, അവനില്‍ നിന്ന് ഞങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്നും ഞങ്ങള്‍ അവനോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ അറിയുന്ന, സ്‌നേഹിക്കുന്ന, എപ്പോഴും ടീമില്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ച ആ പഴയ കളിക്കാരനെ തിരികെ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്',' അദ്ദേഹം പറഞ്ഞു.
നിക്കോളാസ് പെപ്പെ നേടിയ നിര്‍ണായകമായ രണ്ട് ഗോളുകളാണ് 'ലെസ് എലിഫന്റ്‌സിനെ' ഗ്രൂപ്പ് ഇ-യില്‍ രണ്ടാം സ്ഥാനത്തെത്തിച്ചത്. ഇതോടെ കന്നി ലോകകപ്പിനെത്തിയ കുറസാവോയുടെ പോരാട്ടവീര്യത്തിന് അന്ത്യമാവുകയും ആഫ്രിക്കന്‍ കരുത്തരായ ഐവറി കോസ്റ്റ് തങ്ങളുടെ ചരിത്രനേട്ടം സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഐവറി കോസ്റ്റ് വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു. ഇതിന്റെ ഫലം ഏഴാം മിനിറ്റില്‍ തന്നെ ലഭിച്ചു. മിഡ്ഫീല്‍ഡിലൂടെയുള്ള മികച്ചൊരു നീക്കത്തിനൊടുവില്‍ ലഭിച്ച കൃത്യമായ പാസ് സ്വീകരിച്ച് പെപ്പെ കുറക്കാവോ ഗോള്‍കീപ്പര്‍ എലോയ് റൂമിനെ മറികടന്ന് പന്ത് വലയിലാക്കുകയായിരുന്നു.
നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന കുറസാവോയ്ക്ക് ഐവറി കോസ്റ്റിന്റെ തീക്ഷ്ണമായ കളിശൈലിയോട് പൊരുതിനില്‍ക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നു. യൂറിയന്‍ ഗാരിയുടെ ദൂരെയുള്ള നിന്നുള്ള ഒരു ഗോള്‍ ശ്രമം ഉള്‍പ്പെടെ ചില മികച്ച നിമിഷങ്ങള്‍ ഉണ്ടായെങ്കിലും, ഒസ്മാന്‍ ഡിയോമാണ്ടെയും ഒഡിലോണ്‍ കോസൗനുവും നയിച്ച ശക്തമായ ഐവറി കോസ്റ്റ് പ്രതിരോധ നിരയെ ഭേദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ കളിയിലെ വേഗത നിയന്ത്രിച്ച ഐവറി കോസ്റ്റ്, കുറസാവോയുടെ ആക്രമണങ്ങളെ തടയുകയും മിഡ്ഫീല്‍ഡില്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. 64-ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടുവെളിയില്‍ വെച്ച് നടത്തിയ മികച്ചൊരു നീക്കത്തിനൊടുവില്‍ പെപ്പെ ഉതിര്‍ത്ത ശക്തമായ ഷോട്ട് ഗോള്‍കീപ്പര്‍ റൂമിന് യാതൊരു അവസരവും നല്‍കാതെ വലയിലേക്ക് തുളച്ചുകയറി. ഇതോടെ പെപ്പെ ഇരട്ട ഗോള്‍ തികയ്ക്കുകയും ടീമിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു.
ഇരട്ട ഗോളോടെ പുരുഷന്മാരുടെ ഫിഫ ലോകകപ്പില്‍ ഐവറി കോസ്റ്റിനായി ഒന്നിലധികം ഗോളുകള്‍ നേടുന്ന അഞ്ചാമത്തെ മാത്രം കളിക്കാരനായി പെപ്പെ മാറി. തുടര്‍ന്ന് മത്സരം പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കിയ ഐവറി കോസ്റ്റ്, ഫ്രഷ് കളിക്കാരെ കളത്തിലിറക്കി കളി തന്ത്രപരമായി മുന്നോട്ട് കൊണ്ടുപോയി. കുറസാവോ ആശ്വാസ ഗോളിനായി പരമാവധി ശ്രമിച്ചെങ്കിലും വ്യക്തമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മത്സരത്തിന്റെ അവസാന ഘട്ടങ്ങളില്‍ അവരുടെ കളിയില്‍ നിരാശ പ്രകടമായിരുന്നു. വിജയത്തോടെ ആറ് പോയിന്റുമായി ഗ്രൂപ്പ് ഇ-യില്‍ നിന്ന് ഐവറി കോസ്റ്റ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇക്വഡോറിനോട് 2-1 ന് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ജര്‍മ്മനിയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
The Ivory Coast secured a historic place in the FIFA World Cup knockout stage with a commanding 2-0 victory over Curacao. Nicolas Pepe scored both goals, finding the net in the seventh and 64th minutes to seal the win and send Les Elephants into the Round of 16. Head coach Emerse Fae urged fans to celebrate the milestone before continuing their support as the team aims to progress further in the tournament.