ഫുട്ബോൾ ചരിത്രത്തിൽ ത്രയങ്ങളുടെ പോരാട്ടങ്ങൾ മത്സരങ്ങളുടേയും ടീമിന്റെയും മാറ്റ് കൂട്ടുന്ന പ്രതിഭാസങ്ങളാണ്. 1970കളിലെ ബ്രസീൽ ത്രയങ്ങളായ പെലെ, ജെയർസീഞ്ഞോ, ടോസ്റ്റാവോ എന്നിവരിൽനിന്നും മോഡേൺ യുഗത്തിലെ മെസ്സി, നെയ്മർ, സുവാരസ് എന്നിവരിലേക്കെത്തിനിൽക്കുന്ന മൂവർ കൂട്ടുകെട്ടുകൾക്ക് ഗോൾവേട്ടകളുടേയും കിരീടങ്ങളുടേയും ഒരുപാട് കഥകൾ പറയാനുണ്ട്. ലോകകപ്പിൽ രാജ്യങ്ങളെ കിരീടത്തിലേക്ക് നയിച്ച പ്രശസ്ത ത്രയങ്ങളെ പരിചയപ്പെടാം.
പെലെ, ജെയർസീഞ്ഞോ, ടോസ്റ്റാവോ (ബ്രസീൽ 1970)
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ആക്രമണ നിരയെന്നാണ് ലോകം ഈ ത്രയത്തെ വിശേഷിപ്പിക്കുന്നത്. ടീമിന്റെ ഹൃദയമായിരുന്ന പെലെ ബ്രസീലിനുവേണ്ടി നേടിയ മൂന്നാം ലോകകപ്പ് ഫൈനൽ നടന്നത് മെക്സികോയിലെ എസ്റ്റാഡിയോ ആസ്ടെക സ്റ്റേഡിയത്തിലായിരുന്നു. ലോക പ്രശസ്ത വേൾഡ്കപ്പ് ചിത്രങ്ങളിലൊന്നായ, പെലെയെ ആരാധകർ ചുമലിലേറ്റി സ്റ്റേഡിയം ചുറ്റിയത് ഈ ഫൈനലിലായിരുന്നു. 1970 ലോകകപ്പിൽ ഈ മൂവർ സംഘം 13 ഗോളുകളാണ് അടിച്ചു കൂട്ടിയത്. ജെയർസീഞ്ഞോ ഏഴ് ഗോളുകളും പെലെ നാലും ടോസ്റ്റാവോ 2 ഗോളുകളുമാണ് നേടി.
റൊണാൾഡോ, റിവാൾഡോ, റൊണാൾഡിഞ്ഞോ (ബ്രസീൽ 2002)
ഫുട്ബോളിൽ മുമ്പില്ലാത്തതും പിന്നീട് പിറക്കാത്തതുമായ ആധുനിക ഇറയിലെ ത്രയമാണ് 2002ലെ ബ്രസീലിലെ റൊണാൾഡോ, റിവാൾഡോ, റൊണാൾഡിഞ്ഞോ. ലോകത്തുള്ള ബ്രസീൽ ആരാധകർ മാത്രമല്ല ഈ മൂവർ സംഘത്തെ നെഞ്ചിലേറ്റിയിട്ടുള്ളത്. 1999 കോപ്പ അമേരിക്ക നേടിയ മൂവർസംഘം 2002 ലോകകപ്പോടുകൂടെ ലാേക ഫുട്ബോളിന്റെ ഉച്ചകോടിയിലെത്തി. 15 ഗോളുകളാണ് ഈ സംഘം 2002 ലോകകപ്പിൽ അടിച്ചുകൂട്ടിയത്. റൊണാൾഡോ 8 ഗോളുകളുമായി ഗോൾഡൻ ബൂട്ട് നേടിയിട്ടുണ്ട്. റിവാൾഡോ 5 ഗോളുകൾ നേടിയ ടൂർണമെന്റിൽ റൊണാൾഡിഞ്ഞോയുടെ തന്ത്രവും അറ്റാക്കും ബ്രസീലിന് അവസാന ലോകകപ്പ് നേടിക്കൊടുത്തു.
മെസ്സി, ജൂലിയൻ അൽവാരസ്, ഡി മരിയ (അർജന്റീന 2022)
36 വർഷത്തിന്റെ നീണ്ട കാത്തിരിപ്പുകൾക്കുശേഷം അർജന്റീന ഇതിഹാസം മെസ്സിയും സംഘവും ലോകകപ്പ് നേടിയത് 2022 ഖത്തറിലൂടെയായിരുന്നു. ഈ സീസണിൽ പിറന്ന ത്രയങ്ങളായിരുന്നു മെസ്സി, അൽവാരസ്, ഡി മരിയ സഖ്യം. ടൂർണ്ണമെന്റിലുടനീളം 12 ഗോളുകളാണ് സംഘം നേടിയത്. 7 മെസ്സി ഗോളുകളുമായി ടൂർണമെന്റിലെ രണ്ടാമത്തെ ടോപ് സ്കോററായി തിളങ്ങി. മൂന്ന് ഗോളുകളുമായി അൽവാരസും ഫൈനലിൽ ഫ്രാൻസിനെതിരെ ഗോൾ നേടി ഡി മരിയയും കട്ടക്കുനിന്നു.
സിനദിൻ സിദാൻ, തിയറി ഹെൻറി, യൂരി ജോർകയഫ് (ഫ്രാൻസ് 1998)
ആദ്യമായി ലോകകപ്പ് ഫ്രാൻസിലെത്തിച്ച ഇതിഹാസ നിരകളിലെ മൂവർസംഘം. സ്വന്തം നാട്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ ബ്രസീലിനെ 3-0 ന് തോൽപ്പിച്ചായിരുന്നു ഫ്രാൻസ് ലോകകപ്പ് നേടിയത്. ഹെന്റി 3 ഗോളും സിദാൻ രണ്ടും ജോർകയഫ് ഒരു ഗോളും ടൂർണ്ണമെന്റിൽ നേടിയിരുന്നു.
തോമസ് മുള്ളർ, മിറോസ്ലാവ് ക്ലോസെ, മെസൂത് ഓസിൽ (ജർമനി 2014)
2014 ലോകകപ്പിൽ ജർമനിയെ കിരീടത്തിലേക്ക് നയിച്ച പ്രധാന ആക്രമണ താരങ്ങളായിരുന്നു തോമസ് മുള്ളർ, മിറോസ്ലാവ് ക്ലോസെ, മെസൂത് ഓസിൽ. ഫൈനലിൽ അർജന്റീനയെ 1-0ന് തോൽപ്പിച്ചാണ് ജർമനി കിരീടം നേടിയത്. തോമസ് മുള്ളർ 5 ഗോളുകളുമായി ജർമനിയുടെ ടോപ് സ്കോററായിരുന്നു. ബ്രസീലിനെതിരായ സെമിഫൈനലിൽ ഗോൾ നേടി ക്ലോസെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറി. നിരവധി ഗോളുകൾക്ക് വഴിയൊരുക്കി മെസൂത് ഓസിലും ടൂർണമെന്റിൽ നിറഞ്ഞു നിന്നു.
English Summary: Legendary attacking trios have played a defining role in World Cup history, leading their nations to glory through goals and unforgettable performances. Brazil’s Pelé, Jairzinho and Tostão starred in the 1970 triumph, while Ronaldo, Rivaldo and Ronaldinho powered Brazil to the 2002 title. Argentina’s Messi, Julián Álvarez and Di María ended a 36-year wait for World Cup success in 2022. France’s Zidane, Henry and Djorkaeff (1998) and Germany’s Müller, Klose and Özil (2014) also left a lasting mark on football’s biggest stage.