World Cup 2026

സെലിബ്രേഷനില്ല; വൊസിഞ്ഞോയ്ക്ക് അരികിലേക്ക് ഓടിയെത്തി മെസ്സി

റൗണ്ട് 32 വിൽനിന്ന് പ്രീ ക്വാർട്ടറിൽ എത്തിയെങ്കിലും മത്സരശേഷം വലിയ ആഘോഷ പ്രകടനങ്ങളിലേക്ക് അർജന്റീന നായകൻ ലയണൽ മെസി കടന്നില്ല

Sports Desk

കേപ് വെർദയ്‌ക്കെതിരായ മത്സരശേഷം അർജന്റീന നായകൻ ലയണൽ മെസി ആഘോഷപ്രകടനം ഒഴിവാക്കിയത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് അർജന്റീന ജയിച്ചത്. റൗണ്ട് 32 വിൽനിന്ന് പ്രീ ക്വാർട്ടറിൽ എത്തിയെങ്കിലും മത്സരശേഷം വലിയ ആഘോഷ പ്രകടനങ്ങളിലേക്ക് അർജന്റീന നായകൻ ലയണൽ മെസി കടന്നില്ല.

നിശ്ചിത സമയവും അതിന്റെ ഇൻജുറി ടൈമും കഴിഞ്ഞുള്ള 30 മിനിറ്റ് അധിക സമയത്താണ് മത്സരത്തിന്റെ വിധി നിർണയിക്കപ്പെട്ടത്. 67-ാം സ്ഥാനക്കാരായ കേപ് വെർദെ നിലവിലെ ലോക ചാംപ്യൻമാരായ അർജന്റീനയെ അക്ഷരാർഥത്തിൽ വെള്ളംകുടിപ്പിച്ചു. അടിക്കു തിരിച്ചടിയെന്ന നിലയിൽ അർജന്റീനയ്ക്കു ഒപ്പം പിടിച്ച കേപ് വെർദെ ഒരുഘട്ടത്തിൽ അട്ടിമറി നടത്തുമോയെന്ന് പോലും ആരാധകർ സംശയിച്ചു.

കേപ് വെർദെ ഗോൾ കീപ്പർ വൊസിഞ്ഞോയ്ക്ക് അരികിലേക്കാണ് മത്സരശേഷം മെസി ആദ്യമെത്തിയത്. മെസിയുടെ മുന്നേറ്റത്തെ പോയിന്റ് ബ്ലാങ്കിൽ തടഞ്ഞത് അടക്കം ചുരുങ്ങിയത് 10 സേവുകളെങ്കിലും വൊസീഞ്ഞോ ഇന്നത്തെ മത്സരത്തിൽ നടത്തിയിട്ടുണ്ട്. കേപ് വെർദെ താരങ്ങളുടെ വീറിനും വാശിക്കും ലഭിക്കുന്ന കൈയടി കൂടിയാണ് മെസിയുടെ ചേർത്തുപിടിക്കൽ.

റഫറി ഫൈനൽ വിസിൽ വിളിച്ചതിനു പിന്നാലെ മെസി കേപ് വെർദെ താരങ്ങൾക്കരികിലേക്കു പോയി. വൊസീഞ്ഞോയെ ചേർത്തുപിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ശേഷം കേപ് വെർദെയിലെ എല്ലാ താരങ്ങൾക്കും അരികിൽ പോയി മെസി ആശ്വസിപ്പിച്ചു. കന്നി ലോകകപ്പിലെ അതിശയകരമായ പ്രകടനത്തിനു മെസി എല്ലാവരെയും അഭിനന്ദിച്ചതായും അന്തർദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നു.

മത്സരശേഷം കേപ് വെർദെയുടെ പോരാട്ടവീര്യത്തെ കുറിച്ച് മെസി സംസാരിക്കുകയും ചെയ്തു. ''ആദ്യ ഗോൾ നേടുകയെന്നത് ഏറ്റവും പ്രയാസകരമായ കാര്യമാണ്. ഞങ്ങൾ അത് ചെയ്തു. കളി പൂർണമായി വരുതിയിലാക്കാനും കൂടുതൽ ശാന്തമായി കളിക്കാനും അതിലൂടെ ഞങ്ങൾക്കു സാധിക്കുമെന്നു കരുതി. എന്നാൽ അതിന്റെ നേർവിപരീതമാണ് സംഭവിച്ചത്. ഞങ്ങൾക്കു പൊസഷൻ നഷ്ടപ്പെട്ടു. പ്രതീക്ഷിച്ചതു പോലെ കളിക്കാൻ സാധിച്ചില്ല. എതിർ ടീം ഈ സമയം അവരുടെ കരുത്തുകാട്ടി തിരിച്ചടിച്ചു,'' എന്നാണ് മത്സരശേഷം മെസി പറഞ്ഞത്.

കേപ് വെർദെയുടെ കന്നി ലോകകപ്പ് ആയിരുന്നു ഇത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും തോൽവി അറിയാതെയാണ് റൗണ്ട് 32 വിലേക്ക് എത്തിയത്. സ്‌പെയിൻ, ഉറുഗ്വായ്, സൗദി അറേബ്യ എന്നീ ടീമുകൾക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ കേപ് വെർദെ സമനില പിടിച്ചു.

Lionel Messi's post-match gesture after Argentina's 3-2 extra-time victory over Cape Verde has drawn widespread praise on social media. Instead of celebrating Argentina's place in the Round of 16, Messi first embraced Cape Verde goalkeeper Vozinha, who produced around 10 crucial saves, before consoling the entire Cape Verde squad. Messi also praised their fighting spirit, admitting Argentina struggled after taking the lead. In their World Cup debut, Cape Verde remained unbeaten in the group stage with draws against Spain, Uruguay and Saudi Arabia.