World Cup 2026

സൂപ്പര്‍താരത്തിന് വിശ്രമം, ജോര്‍ദാനെതിരെ മെസ്സി കളിക്കില്ല; ഗോള്‍ഡന്‍ ബൂട്ട് റെയ്‌സില്‍ പിന്തള്ളപ്പെടുമോ?

മെസ്സി നാളത്തെ മത്സരത്തില്‍ പകരക്കാരുടെ ബെഞ്ചിലുണ്ടാകുമെന്നും, എന്നാല്‍ താരം പിന്നീട് കളത്തിലേക്ക് വരുമെന്നും കോച്ച്

Sports Desk

തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന അര്‍ജന്റീനയ്ക്കായി ഗ്രൂപ്പിലെ അവസാന മത്സരത്തിലെ ആദ്യ ഇലവനില്‍ സൂപ്പര്‍ താരം മെസ്സി ഉണ്ടാകില്ല. ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പ് ജെ-യിലെ തങ്ങളുടെ അവസാന മത്സരത്തില്‍ മെസി ഫുള്‍ടൈം കളത്തിലുണ്ടാകില്ലെന്ന് മുഖ്യപരിശീലകന്‍ ലയണല്‍ സ്‌കലോണി തന്നെയാണ് വ്യക്തമാക്കുന്നത്. ഇതിനോടകം നോക്കൗട്ട് ഉറപ്പിച്ചാണ് ജോര്‍ദാനെതിരെ അര്‍ജന്റീന ഗ്രൂപ്പിലെ അവസാന മത്സരത്തിന് ഇറങ്ങുന്നത്.

ഗ്രൂപ്പില്‍ ഇതിനകം തന്നെ ഒന്നാം സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതിനാല്‍, മെസ്സിക്ക് അനാവശ്യ സമ്മര്‍ദ്ദം നല്‍കാതെ വിശ്രമം അനുവദിക്കാനാണ് മുഖ്യപരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ തീരുമാനം. കഴിഞ്ഞ വ്യാഴാഴ്ച മെസ്സി തന്റെ 39-ാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെ, ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്‌കലോണി ഇക്കാര്യം വ്യക്തമാക്കിയത്. മെസ്സി നാളത്തെ മത്സരത്തില്‍ പകരക്കാരുടെ ബെഞ്ചിലുണ്ടാകുമെന്നും, എന്നാല്‍ താരം പിന്നീട് കളത്തിലേക്ക് വരുമെന്നും കോച്ച് പറഞ്ഞു.

ടൂര്‍ണമെന്റിലെ രണ്ടാമത്തെ മത്സരത്തോട് കൂടി ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡ് മെസ്സി സ്വന്തമാക്കിയിരുന്നു. ആറ് ടൂര്‍ണമെന്റുകളില്‍ നിന്നായി ഇതുവരെ 18 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. അള്‍ജീരിയക്കെതിരെ തകര്‍പ്പന്‍ ഹാട്രിക് നേടിയാണ് പുരുഷ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. തിങ്കളാഴ്ച ഓസ്ട്രിയക്കെതിരെ നേടിയ ഇരട്ട ഗോളുകളോടെ മിറോസ്ലാവ് ക്ലോസെയുടെയും മാര്‍ത്തയുടെയും ലോകകപ്പ് ഗോള്‍ റെക്കോര്‍ഡുകള്‍ മറികടന്നു.

ഇത്തവണ അര്‍ജന്റീന ഇതുവരെ നേടിയ അഞ്ച് ഗോളുകളും മെസ്സിയുടെ ബൂട്ടില്‍ നിന്നായിരുന്നു. എന്നാല്‍, മെസ്സിക്ക് വിശ്രമം അനുവദിച്ചാല്‍ ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ മെസ്സി പിന്തള്ളപ്പെടുമോ എന്നാണ് ആരാധകരുടെ ആശങ്ക.

Argentina will be without captain Lionel Messi in the starting lineup for their final Group J match as head coach Lionel Scaloni confirmed the superstar will not play the full game. With Argentina having already secured qualification for the knockout stage, Scaloni is expected to rotate his squad and manage the workload of key players ahead of the decisive rounds. Argentina will face Jordan in their last group-stage fixture as they continue their bid to defend the FIFA World Cup title.