ലോകകപ്പിലെ റൗണ്ട് ഓഫ് 32ലെ രണ്ടാം ദിവസം രണ്ട് മത്സരങ്ങൾ അവസാനിച്ചത് പെനൽറ്റി ഷൂട്ടൗട്ടിലാണ്. രണ്ടിലും പുറത്തായത് യൂറോപ്യൻ കരുത്തരായ ജർമനിയും നെതർലാൻഡ്സും. മൊറോക്കോ-നെതർലൻഡ്സും തമ്മിലുള്ള പോരാട്ടം പ്രതീക്ഷിച്ചപോലെ ഓരോ ചെറിയ പിഴവും നിർണായകമാകുന്ന നോക്കൗട്ട് പോരാട്ടമായിരുന്നു മത്സരത്തിലുടനീളം കണ്ടത്. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് വിജയിച്ച മൊറോക്കോയാണ് പ്രീക്വാർട്ടർ ടിക്കറ്റ് സ്വന്തമാക്കിയത്. മത്സരത്തിന്റെ 120 മിനിറ്റും നോക്കിയാൽ ഈ വിജയത്തിന് കൂടുതൽ അർഹത മൊറോക്കോയ്ക്കായിരുന്നുവെന്ന് പറയാം.
ഗ്രൂപ്പ് ഘട്ടത്തിൽ തുറന്ന ആക്രമണ ഫുട്ബോൾ കളിച്ചിരുന്ന നെതർലൻഡ്സ് പരിശീലകൻ റൊണാൾഡ് കോമാൻ ഇത്തവണ തന്ത്രം പൂർണമായും മാറ്റി. പതിവ് 4-3-3 ഉപേക്ഷിച്ച് 5-2-3 ഫോർമേഷനിൽ ഇറങ്ങിയ ഡച്ച് ടീം ആദ്യ ലക്ഷ്യമാക്കിയിരുന്നത് മൊറോക്കോയുടെ വേഗതയേറിയ ആക്രമണങ്ങളെ തടയുകയായിരുന്നു. എന്നാൽ ആ തന്ത്രം സ്വന്തം ആക്രമണത്തെയും ബാധിച്ചു. കോഡി ഗാക്പോയും ക്രിസെൻസിയോ സമ്മർവില്ലെയും പാർശ്വങ്ങളിൽ കാര്യമായി സ്വാധീനം ചെലുത്താനാകാതെ പോയപ്പോൾ, ബ്രയാൻ ബ്രോബിക്ക് പന്ത് ലഭിക്കുന്നതുപോലും അപൂർവമായി.
അതേസമയം മൊറോക്കോ ആദ്യ വിസിൽ മുതൽ തന്നെ കൂടുതൽ ആത്മവിശ്വാസത്തോടെ കളിച്ചു. അഷ്‌റഫ് ഹകീമി വലതുവിങ്ങിലൂടെ നിരന്തരം ആക്രമണം നടത്തി ഡച്ച് പ്രതിരോധത്തെ സമ്മർദത്തിലാക്കി. നീൽ എൽ അയ്നൗയിയുടെ ഹെഡറും ഹകീമിയുടെ ലോങ് റേഞ്ച് ഷോട്ടും ഗോൾകീപ്പർ ബാർട്ട് വെർബ്രുഗന്റെ മികച്ച സേവുകളാണ് തടഞ്ഞത്. രണ്ടാം പകുതിയിൽ ഹകീമിയുടെ ഒരു ഷോട്ട് ക്രോസ്‌ബാറിൽ തട്ടി മടങ്ങിയതും മൊറോക്കോയുടെ ആധിപത്യം വ്യക്തമാക്കുന്നതായിരുന്നു.
മത്സരത്തിലെ ഏറ്റവും നിർണായക നീക്കം കോമാന്റെ ബെഞ്ചിൽ നിന്നായിരുന്നു. പകരക്കാരനായി ഇറങ്ങിയ വൗട്ട് വെഗ്ഹോസ്റ്റ് വെർബ്രുഗന്റെ ലോങ് ബോൾ ഹെഡ് ചെയ്ത് മുന്നോട്ട് നൽകിയതിൽ നിന്ന് ക്രിസെൻസിയോ സമ്മർവില്ലെ പന്ത് ഗാക്പോയ്ക്ക് കൈമാറി. 72-ാം മിനിറ്റിൽ ഗാക്പോയുടെ ശക്തമായ ഫിനിഷ് നെതർലൻഡ്സിനെ വിജയത്തിനരികിലെത്തിച്ചു. എന്നാൽ ആ ഗോളിന് പിന്നിൽ വലിയൊരു വ്യക്തിപരമായ വേദനയുണ്ടായിരുന്നു. കഴിഞ്ഞദിവസമാണ് ഗാക്പോയും പങ്കാളിയും തങ്ങളുടെ ഗർഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്. ഗോൾ നേടിയ ശേഷം ആകാശത്തേക്ക് വിരൽചൂണ്ടി കണ്ണീരോടെ ആഘോഷിച്ച ഗാക്പോയുടെ ചിത്രം ഈ ലോകകപ്പിലെ ഏറ്റവും വികാരഭരിതമായ നിമിഷങ്ങളിലൊന്നായി മാറി.
പക്ഷേ, മൊറോക്കോ തകർന്നില്ല. അവസാന നിമിഷംവരെ ആക്രമണം തുടർന്ന അവർക്ക് പകരക്കാരനായ ചെംസ്ഡിൻ താൽബിയുടെ കൃത്യമായ ക്രോസിൽ നിന്ന് സെന്റർ ബാക്ക് ഇസ്സ ദിയോപ്പ് ഹെഡറിലൂടെ സമനില സമ്മാനിച്ചു. നോക്കൗട്ട് ഫുട്ബോളിൽ ബെഞ്ചിന്റെ സ്വാധീനം എത്ര വലുതാണെന്ന് തെളിയിച്ച നിമിഷം കൂടിയായിരുന്നു അത്. അധികസമയത്തിലും മൊറോക്കോ തന്നെയായിരുന്നു കൂടുതൽ അപകടകാരികൾ. സൂഫിയാൻ റഹിമിയുടെ ഷോട്ട് വെർബ്രുഗൻ അത്ഭുത സേവിലൂടെ തടഞ്ഞില്ലായിരുന്നെങ്കിൽ മത്സരം ഷൂട്ടൗട്ടിലെത്തുമായിരുന്നില്ല. നെതർലൻഡ്സ് കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോൾ, മൊറോക്കോ തുടർച്ചയായി വിജയഗോളിനായി ശ്രമിച്ചുകൊണ്ടിരുന്നു.
ഒടുവിൽ വിധിയെഴുതിയത് പെനാൽറ്റി ഷൂട്ടൗട്ടാണ്. ഇരുടീമുകളും രണ്ട് വീതം കിക്കുകൾ നഷ്ടപ്പെടുത്തിയെങ്കിലും, 2022 ലോകകപ്പിൽ സ്പെയിനിനെതിരെ നടത്തിയതുപോലെ യാസിൻ ബുനു വീണ്ടും ഷൂട്ടൗട്ടിലെ നായകനായി. ക്രിസെൻസിയോ സമ്മർവില്ലെയുടെ പെനാൽറ്റി രക്ഷപ്പെടുത്തിയതോടെ മൊറോക്കോയ്ക്ക് മുൻതൂക്കം ലഭിച്ചു. തുടർന്ന് ഇസ്മായേൽ സൈബാരി വിജയകിക്ക് ലക്ഷ്യത്തിലെത്തിച്ചതോടെ മൊറോക്കോയുടെ ആഘോഷം തുടങ്ങി.
Morocco deservedly reached the World Cup Round of 16 after defeating the Netherlands 4-2 in a penalty shootout following a 1-1 draw. Ronald Koeman's defensive approach limited Dutch attacking threat, while Morocco dominated for long spells. Cody Gakpo's emotional goal, scored days after revealing the loss of his unborn son, was cancelled out before Yassine Bounou's shootout heroics and Ismael Saibari's winning penalty sealed victory.