World Cup 2026

മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടാൽ മേൽക്കൈ അർജന്റീനയ്ക്കോ?ഗോൾ കീപ്പർ മാർട്ടിനെസിന്റെ 2022ലെ വീഡിയോ വീണ്ടും വൈറൽ

അർജന്റീന 2022 ലോകകപ്പ് നേടാൻ സുപ്രധാന കാരണം മാർട്ടിനെസിന്റെ അതിശയിപ്പിക്കുന്ന പ്രകടനമാണ്

Sports Desk

ഇംഗ്ലണ്ട് - അർജന്റീന ലോകകപ്പ് സെമിക്ക് ഇനി മണിക്കൂറുകൾ മാത്രം. സമൂഹമാധ്യമങ്ങളിലെല്ലാം ചൂടേറിയ ചർച്ച നടക്കുകയാണ്. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കു പോയാൽ അർജന്റീനയ്ക്കാണു മേൽക്കൈയെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ ഇംഗ്ലണ്ടിനും ജയസാധ്യത പ്രവചിക്കുന്നവരുണ്ട്.

അർജന്റീന ഗോൾ കീപ്പർ എമി മാർട്ടിനെസാണ് ഇപ്പോഴത്തെ ചർച്ചകളുടെ കേന്ദ്രബിന്ദു. മാർട്ടിനെസ് 2022 ലോകകപ്പിൽ നടത്തിയ പെനാൽറ്റി ഷൂട്ടൗട്ടിലെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കുന്നു.

അർജന്റീന 2022 ലോകകപ്പ് നേടാൻ സുപ്രധാന കാരണം മാർട്ടിനെസിന്റെ അതിശയിപ്പിക്കുന്ന പ്രകടനമാണ്. ഫൈനലിൽ ഫ്രാൻസിനെതിരായ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരു സേവുമായി മാർട്ടിനെസ് തിളങ്ങിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടുകളിലേക്കു മത്സരം പോയാൽ താൻ അതിനെ കൂടുതൽ ആവേശത്തോടെയാണു കാണുന്നതെന്നാണ് മാർട്ടിനെസ് പറയുന്നത്.

സമാന രീതിയിൽ ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്‌സിനെതിരെയും 2022 ൽ മാർട്ടിനെസ് ഉഗ്രൻ സേവുകൾ നടത്തി. അന്ന് 4-3 നായിരുന്നു അർജന്റീന ഷൂട്ടൗട്ടിൽ ജയിച്ചത്. നെതർലൻഡ്‌സിന്റെ രണ്ട് കിക്കുകൾ മാർട്ടിനെസ് സേവ് ചെയ്തു.

മൂന്ന് ക്ലീൻ ഷീറ്റുകളും 2022 ലോകകപ്പിൽ മാർട്ടിനെസിനുണ്ടായിരുന്നു. ഒടുക്കം ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട് ഗോൾഡൻ ഗ്ലൗവിനും അർഹനായി.

പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കയ്‌ക്കെതിരായ 24 ശ്രമങ്ങളിൽ പത്ത് സേവുകൾ മാർട്ടിനെസ് നടത്തിയിട്ടുണ്ട്. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടാൽ കൃത്യമായ മുൻതൂക്കം അർജന്റീനയ്ക്കുണ്ടെന്നാണ് ഈ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

അതേസമയം ഓപ്പൺ പ്ലേയിലെ പെനാൽറ്റി കണക്കുകളിൽ മാർട്ടിനെസിന്റേത് അത്ര മികച്ച പെർഫോമൻസ് അല്ല. അർജന്റീന ഓപ്പൺ പ്ലേയിൽ വഴങ്ങിയ ആറ് പെനാൽറ്റികളിൽ അഞ്ചും ഗോളുകളായിട്ടുണ്ട്.

ഈ ലോകകപ്പിൽ 2022 ലേതിനു സമാനമായ ഫോം മാർട്ടിനെസ് ഒരു ഘട്ടത്തിലും കാണിച്ചിട്ടില്ലെന്നതാണ് ഇംഗ്ലണ്ടിനു ആശ്വാസം. പരുക്കിനെത്തുടർന്ന് ഫോംഔട്ടിലൂടെയാണ് താരം കടന്നുപോകുന്നത്. എന്നാൽ ബിഗ് സ്റ്റേജുകളിൽ സമ്മർദ്ദമില്ലാതെ വല കാക്കാനുള്ള മാർട്ടിനെസിന്റെ ആത്മവിശ്വാസത്തിൽ അർജന്റീന പൂർണമായി പ്രതീക്ഷ വയ്ക്കുന്നു.

Argentina goalkeeper Emiliano Martinez has once again become the centre of attention ahead of the FIFA World Cup semifinal against England, with fans debating whether the match could be decided in a penalty shootout. Martinez's heroic performances in the 2022 World Cup especially against the Netherlands in the quarterfinals and France in the final have resurfaced on social media. His outstanding record in shootouts has made Argentina favourites if the semifinal goes the distance. Martinez has saved 10 of the 24 penalties he has faced in shootouts for Argentina and won the Golden Glove at the 2022 World Cup.