2026 ഫിഫ ലോകകപ്പ് ഫൈനൽ നടക്കാനിരിക്കുന്ന അമേരിക്കയിലെ ന്യൂജഴ്‌സി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ ഗ്രൗണ്ടിന്റെ അവസ്ഥയെക്കുറിച്ച് താരങ്ങളും പരിശീലകരും ഉയർത്തിയ ആശങ്കകൾ ഫിഫക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. മൈതാനം പരുഷവും വരണ്ടതുമായതുകൊണ്ട് മത്സരത്തെ ബാധിക്കുന്നുണ്ടെന്നും ഇത് വരാനിരിക്കുന്ന മാച്ചുകളെ സ്വാധീനിക്കുമെന്നുമാണ് അഭിപ്രായപ്പെടുന്നത്. ഫൈനൽ ഉൾപ്പെടെ ആറ് മത്സരങ്ങളാണ് ഇനി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്നത് എന്നതുകൊണ്ടുതന്നെ ലോകകപ്പ് വേദിയിൽ വിഷയം വിവാദമാകുമെന്നുറപ്പാണ്
ബ്രസീൽ താരം വിനീഷ്യസ് ജൂനിയറും ഫ്രാൻസ് മധ്യനിര താരം അഡ്രിയൻ റാബിയോട്ടും പിച്ച് വരണ്ടതും കളിക്കാൻ ബുദ്ധിമുട്ടുള്ളതുമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്‌സും പിച്ചിനെ പരിഹസിച്ച് മുന്നോട്ടുവന്നിരുന്നു. മത്സരങ്ങൾ സ്ക്രീനിൽ ലൈവായി കണ്ടിരുന്ന ആരാധകരും സോഷ്യൽ മീഡിയയിൽ മെറ്റ്‌ലൈഫ് പിച്ചിനെതിരെ വിമർശനമുയർത്തിയിട്ടുണ്ട്. ഗ്രണ്ടിന്റെ ചില ഭാഗങ്ങളിൽ നിറത്തിലും ഘടനയിലും വ്യക്തമായ വ്യത്യാസങ്ങൾ കാണപ്പെട്ടിരുന്നെന്നാണ് ആരാധകർ വിമർശിച്ചത്.
ചൂടും കാലാവസ്ഥയും കാരണം ഗ്രൗണ്ടിലെ പുല്ല് വളരെ വേഗം വരണ്ടുപോകുന്നത്കൊണ്ട് കളിയുടെ വേഗത കുറയുന്നുവെന്നും താരങ്ങൾക്ക് താളം കണ്ടെത്താൻ കഴിയുന്നില്ലെന്നുമാണ് വിനീഷ്യസ് ജൂനിയർ പറഞ്ഞത്. ഒരു വശത്തുനിന്ന് മറ്റേ വശത്തേക്ക് പന്ത് വേഗത്തിൽ മാറ്റി കളിക്കാൻ ഈ സാഹചര്യം അനുവദിക്കുന്നില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതേ പിച്ചിലായിരുന്നു ഫ്രാൻസും സെനഗലും ഏറ്റുമുട്ടിയത്. മത്സരശേഷം ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്‌സ് പറഞ്ഞത്"ഇത് വ്യത്യസ്തമായ ഒരു ഉപരിതലമാണ്. താഴെ കോൺക്രീറ്റുണ്ടെന്ന് പോലും തോന്നാം. പുല്ല് വളരെ ചെറുതാണ്" എന്നായിരുന്നു. അഡ്രിയൻ റാബിയോട്ടും സമാന അഭിപ്രായമാണ് പങ്കുവെച്ചത്."ഇതിനെ പിച്ച് എന്ന് വിളിക്കാമോ എന്നുപോലും എനിക്ക് സംശയമുണ്ട്. കൃത്രിമ ടർഫിനെപ്പോലെയായിരുന്നു അനുഭവം. വളരെ കട്ടിയുള്ളതും കടുപ്പമുള്ളതുമായിരുന്നു". റാബിയോട്ട് പറഞ്ഞു.
2025ലെ ക്ലബ് ലോകകപ്പിനിടെ സമാന പ്രശ്നം മൈതാനത്തിനെതിരെ ഉയർന്നിരുന്നു. അന്ന് ഈ സ്റ്റേഡിയത്തിൽ ഒമ്പത് മത്സരങ്ങളാണ് നടന്നത്. ഉദ്ഘാടന മത്സരത്തിന് പിന്നാലെ പോർട്ടോസ പാൽമിറാസ് ടീമുകളുടെ പരിശീലകർ പിച്ചിനെതിരെ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു.
അതേസമയം ആരോപണത്തെ പൂർണ്ണമായും തള്ളിക്കളയുന്ന നിലാപാടാണ് ഫിഫ സ്വീകരിച്ചത്. ലോകകപ്പിൽ ഉപയോഗിക്കുന്ന 16 സ്റ്റേഡിയങ്ങളിലെയും പിച്ചുകൾ മികച്ച നിലയിലാണ് എന്നാണ് ഫിഫയുടെ അവകാശവാദം. ലോകോത്തര നിലവാരമുള്ള കളിസ്ഥലങ്ങൾ ഒരുക്കുന്നതിനായി അഞ്ച് വർഷത്തിലേറെയായി ഗവേഷണവും പരീക്ഷണങ്ങളും നടത്തിയിട്ടുണ്ടെന്നും എല്ലാ സ്റ്റേഡിയങ്ങളിലെയും പിച്ചുകൾ കളിയുടെ നിലവാരത്തിലും താരസുരക്ഷയിലും മികച്ച നിലയിലാണെന്നാന്ന് ആരോപണങ്ങൾക്കെതിരെ ഫിഫ പറയുന്നത്.
മെറ്റ്‌ലൈഫിൽ ഇനി നടക്കാനിരിക്കുന്ന മത്സരങ്ങൾ:
• ജൂൺ 25 – ഇക്വഡോർ vs ജർമ്മനി
• ജൂൺ 27 – പനാമ vs ഇംഗ്ലണ്ട്
• ജൂൺ 30 – റൗണ്ട് ഓഫ് 32
• ജൂലൈ 5 – റൗണ്ട് ഓഫ് 16
• ജൂലൈ 19 – ഫിഫ ലോകകപ്പ് ഫൈനൽ
Concerns over the condition of the pitch at New Jersey’s MetLife Stadium, which will host the 2026 FIFA World Cup final, have sparked debate. Players including Vinicius Junior and Adrien Rabiot, along with France coach Didier Deschamps, criticized the surface as dry, hard and difficult to play on. Similar complaints emerged during the 2025 Club World Cup. Fans also questioned the pitch’s appearance on social media. FIFA, however, rejected the criticism, insisting all 16 World Cup venues have high-quality, safe playing surfaces.