"I'm back! I'm back!"
ഉസ്ബെക്കിസ്ഥാനെതിരെ പോർച്ചുഗലിന്റെ 5-0 വിജയത്തിൽ ഇരട്ടഗോൾ നേടിയതിന് പിന്നാലെ ക്യാമറയ്ക്ക് മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വികാരനിർഭര പ്രതികരണം ഇങ്ങനെയായിരുന്നു. 2026 ലോകകപ്പിൽ പോർച്ചുഗൽ ടീമിന്റെ ഏറ്റവും വലിയ ബാധ്യത താനാണെന്ന് വിമർശിച്ചവർക്കുള്ള രാജകീയമായ മറുപടി കൂടിയായിരുന്നു അത്. ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആറ് വ്യത്യസ്ത പതിപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കിയപ്പോൾ, 41-ാം വയസ്സിലും തന്റെ വികാരങ്ങളും അടങ്ങാത്ത സന്തോഷവും മറച്ചുവെക്കാൻ ആ ഇതിഹാസ താരത്തിന് കഴിഞ്ഞില്ല.
തന്നെ പൂർണ്ണമായും എഴുതിത്തള്ളിയ വിമർശകർക്കുള്ള ഏറ്റവും മികച്ച മറുപടിയായിരുന്നു റൊണാൾഡോയുടെ ഈ പ്രകടനം. ഗ്രൂപ്പ് കെയിലെ ആദ്യ മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് പോർച്ചുഗൽ 1-1 ന് സമനില വഴങ്ങിയതിനെത്തുടർന്ന് അദ്ദേഹം വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ലോക ഫുട്ബോളിലെ മറ്റ് സൂപ്പർ താരങ്ങളായ അർജന്റീനയുടെ ലയണൽ മെസ്സി, ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, നോർവെയുടെ എർലിങ് ഹാലൻഡ്, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയർ, ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ തുടങ്ങിയവരെല്ലാം ടൂർണമെന്റിന്റെ ആദ്യ രണ്ടാഴ്ചകളിൽ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ റൊണാൾഡോ മങ്ങിയെന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ, ഫുട്ബോൾ ആഘോഷങ്ങളിലേക്ക് അല്പം വൈകിയാണെങ്കിലും അതിഗംഭീരമായൊരു എൻട്രി തന്നെയാണ് അദ്ദേഹം നൽകിയത്.
മത്സരം തുടങ്ങി വെറും ആറ് മിനിറ്റിനുള്ളിൽ തന്നെ റൊണാൾഡോ തന്റെ ചരിത്ര നേട്ടം പൂർത്തിയാക്കി. ജാവോ കാൻസെലോ നൽകിയ മികച്ചൊരു ക്രോസ് അതിമനോഹരമായൊരു ഹാഫ്-വോളിയിലൂടെ അദ്ദേഹം വലയിലെത്തിക്കുകയായിരുന്നു. ഇടവേളയ്ക്ക് തൊട്ടുമുൻപ് ബ്രൂണോ ഫെർണാണ്ടസ് നൽകിയ കൃത്യതയാർന്ന പാസിൽ നിന്ന് ഒരു കിടിലൻ ഫിനിഷിങ്ങിലൂടെ റൊണാൾഡോ രണ്ടാം ഗോളും നേടി. ഉസ്ബെക്കിസ്ഥാൻ താരം അബ്ദുകോദിർ ഹൂസനോവിന്റെ ഒരു നിർണ്ണായക ഗോൾലൈൻ ക്ലിയറൻസ് മാത്രമാണ് ആദ്യ പകുതിയിൽ തന്നെ ആ ഹാട്രിക് ഒഴിവായത്.
രണ്ടാം പകുതിയിൽ സഹതാരങ്ങൾ പരമാവധി ശ്രമിച്ചിട്ടും, നായകന് താൻ ഏറെ ആഗ്രഹിച്ച ആ മൂന്നാം ഗോൾ നേടാൻ കഴിഞ്ഞില്ല. മത്സരശേഷമുള്ള തന്റെ വൈകാരികമായ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അഞ്ചുതവണ ബാലൺ ഡി ഓർ ജേതാവായ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, "കഴിഞ്ഞ 23 വർഷമായി ഞാൻ ഇത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് വിമർശകരെ ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രമാണ് അങ്ങനെ പറഞ്ഞത്."
ചരിത്രനേട്ടത്തിൽ അഭിമാനിക്കുമ്പോഴും വ്യക്തിഗത റെക്കോർഡുകളേക്കാൾ താൻ എക്കാലത്തും മുൻഗണന നൽകുന്നത് ടീമിന്റെ വിജയത്തിനാണെന്നും റൊണാൾഡോ വ്യക്തമാക്കി. "ഈ നേട്ടത്തിൽ ഞാൻ വളരെ സന്തോഷവാനാണ്. എന്നാൽ ടീമിന്റെ കൂട്ടായ പ്രയത്നവും, അത് ഞങ്ങൾക്ക് നൽകുന്ന പുതിയ ആത്മവിശ്വാസവുമാണ് ഏറ്റവും നിർണായകമായ കാര്യം. വ്യക്തിഗത റെക്കോർഡുകൾ തീർച്ചയായും സന്തോഷം നൽകുന്നവയാണ്, എന്നാൽ ടീമിനെ അതിന്റെ ലക്ഷ്യങ്ങളിലെത്താൻ സഹായിക്കുക എന്നതാണ് എപ്പോഴും എന്റെ പ്രഥമ പരിഗണന"- റൊണാൾഡോ പറഞ്ഞു.
അതേസമയം, ഡി ആർ കോംഗോയുമായുള്ള നിരാശാജനകമായ സമനിലയ്ക്ക് ശേഷം, ടീമിന്റെ മനോവീര്യം വീണ്ടെടുക്കുന്നതിലും ഫോം നിലനിർത്തുന്നതിലും റൊണാൾഡോ നിർണായക പങ്ക് വഹിച്ചുവെന്ന് പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് പറഞ്ഞു.
ആഗ്രഹിച്ച വിജയം നേടാനാകാത്തതിനാലും, അനാവശ്യമായ ഒച്ചപ്പാടുകളും അന്യായമായ വിമർശനങ്ങളും നേരിടേണ്ടി വന്നതിനാലും അത് കഠിനമേറിയൊരു ആഴ്ചയായിരുന്നുവെന്ന് മാർട്ടിനെസ് കൂട്ടിച്ചേർത്തു.
"ഞങ്ങൾ അത്രമേൽ അസ്വസ്ഥരും ദേഷ്യത്തിലുമായിരുന്നു. എന്നാൽ ഒരു ടീമെന്ന നിലയിൽ ആ പ്രതിസന്ധികളിൽ നിന്ന് ഞങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുകയാണ് ചെയ്തത്. എല്ലാ വികാരങ്ങളെയും അതിജീവിച്ച് ഏറ്റവും മികച്ച കളി പുറത്തെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു മാതൃകാ നായകനായിരുന്നു. അദ്ദേഹം തന്റെ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും തന്റെ വലിയ പരിചയസമ്പത്ത് കൃത്യമായി ഉപയോഗിക്കുകയും ചെയ്തു.'' മാർട്ടിനെസ് പറഞ്ഞു.
അവൻ ഒരിക്കലും എങ്ങും പോയിരുന്നില്ല
2006 മുതൽ എല്ലാ ലോകകപ്പുകളിലും ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ബൂട്ടണിഞ്ഞിട്ടുണ്ട്. ഓസ്ട്രിയക്കെതിരെ നേടിയ രണ്ട് ഗോളുകളോടെ 18 ഗോളുകൾ തികച്ച മെസ്സി ലോകകപ്പിലെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനായി മാറിയിരുന്നു. ലോകകപ്പിൽ റൊണാൾഡോയ്ക്ക് 10 ഗോളുകളാണുള്ളത് (2010 ലോകകപ്പിൽ മെസ്സിക്ക് ഗോളൊന്നും നേടാനായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്). അതേസമയം, ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡ് 41-കാരനായ റൊണാൾഡോ സ്വന്തമാക്കി. 1994-ൽ റഷ്യക്കെതിരെ 42-ാം വയസ്സിൽ ഗോൾ നേടിയ കാമറൂൺ ഇതിഹാസം റോജർ മില്ല മാത്രമാണ് റൊണാൾഡോയ്ക്ക് മുന്നിലുള്ളത്.
റൊണാൾഡോയുടെ ഇരട്ട ഗോളുകൾക്ക് പുറമെ, നൂനോ മെൻഡിസിന്റെ ഫ്രീ കിക്ക്, ഉസ്ബെക്കിസ്ഥാൻ ഗോൾകീപ്പർ അബ്ദുവാഹിദ് നെഹ്മതോവ് വഴങ്ങിയ ഓൺ ഗോൾ, പകരക്കാരനായി ഇറങ്ങിയ റാഫേൽ ലിയാവോയുടെ അവസാന മിനിറ്റിലെ ഗോൾ എന്നിവ 2026 ലോകകപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ വിജയമാണ് പോർച്ചുഗലിന് സമ്മാനിച്ചത്.
അതേസമയം, ഗ്രൂപ്പ് കെയിൽ നിന്ന് ആര് നോക്കൗട്ടിലേക്ക് മുന്നേറുമെന്നും, ആര് ഗ്രൂപ്പ് ചാമ്പ്യന്മാരാകുമെന്നും തീരുമാനിക്കുന്ന നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ പോർച്ചുഗൽ കൊളംബിയയെ നേരിടും. ഞായറാഴ്ചയാണ് ഈ തീപ്പൊരി പോരാട്ടം നടക്കുന്നത്.
Cristiano Ronaldo delivered a spectacular response to his critics, scoring twice in Portugal’s 5-0 thrashing of Uzbekistan in their 2026 World Cup Group K match. With his opening goal, the 41-year-old made history by becoming the first male player to score in six different editions of the World Cup.