സെനഗലിനെതിരെ അവസാന മിനുറ്റുകളിൽ മികച്ച കംബാക്ക് നടത്തി ബെൽജിയം ടൂർണമെന്റിലെ മികച്ച മത്സരം കാഴ്ച്ചവെച്ചപ്പോൾ ഗാലറിയിലിരുന്ന് നോട്ടിൽ എന്തൊക്കൊയോ എഴുതുകയായിരുന്നു പരിശീലകൻ റൂഡി ഗാർഷ്യ. ടച്ച് ലൈനിലെ തന്റെ തനത് ശൈലിയായ ശാന്തതയോടൊപ്പം ബെൽജിയത്തിനായി അദ്ദേഹം തിരികെ കൊണ്ടുവന്നത് ലോകകപ്പിലെ ഡാർക്ക് ഹോഴ്സെന്ന ബഹുമതിയാണ്.
ബെൽജിയം ഗോൾ നേടിയാലും താരങ്ങൾ ആഘോഷത്തിൽ മുങ്ങുമ്പോഴും റൂഡി ഗാർഷ്യ പലപ്പോഴും ചെറിയൊരു പുഞ്ചിരിയോടെ, കൈകൾ നെഞ്ചിൽ കൂട്ടിക്കെട്ടിയോ പോക്കറ്റിലിട്ടോ നിൽക്കുന്നതാണ് പതിവ്. അമിത വികാരപ്രകടനത്തേക്കാൾ കളിയുടെ നിയന്ത്രണത്തിനും തന്ത്രങ്ങൾക്കും പ്രാധാന്യം നൽകുന്ന പരിശീലകനാണ് അദ്ദേഹം.
1964 ഫെബ്രുവരി 20 ന് ഫ്രാൻസിൽ ജനിച്ച ഗാർസിയ, ഫ്രാൻസ് ദേശീയ ടീമിന്റെ മുൻ മിഡ്ഫീൽഡറാണ്. പരിശീലകനെന്ന നിലയിൽ ഫ്രഞ്ച് ക്ലബ്ബുകളായ ഡിജോൺ, ലെ മാൻ, ലില്ലെ, മാഴ്സെയ്, ലിയോൺ എന്നിവിടങ്ങളിലും പിന്നീട് ഇറ്റലിയിലെ റോമ, നാപ്പോളി, സൗദിയിലെ അൽ നസർ എന്നിവിടങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. 2010-11 സീസണിൽ ലില്ലെയെ ലീഗ് വൺ കിരീടവും ഫ്രഞ്ച് കപ്പും നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ്. റോമയെ തുടർച്ചയായി രണ്ട് സീസണുകളിൽ റണ്ണറപ്പാക്കുകയും മാഴ്സെയ്‌യെ യൂറോപ്പ ലീഗ് ഫൈനലിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.
2018 ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ബെൽജിയത്തിന്റെ ഗോൾഡൻ ജനറേഷന് 2022 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതോടെ വലിയ തിരിച്ചടിയേറ്റിരുന്നു. തുടർന്ന് പരിശീലകമാറ്റങ്ങളും ടീമിലെ ആഭ്യന്തര പ്രശ്നങ്ങളും ബെൽജിയത്തെ ബാധിച്ചു. അത്തരമൊരു സാഹചര്യത്തിലാണ് 2025-ൽ ഗാർസിയ ദേശീയ ടീമിന്റെ ചുമതലയേറ്റത്. പരിചയസമ്പന്നരായ താരങ്ങളെയും യുവതാരങ്ങളെയും സമതുലിതമായി ഉപയോഗിക്കുകയായിരുന്നു അദ്ദേഹം.
ലോക റാങ്കിങ്ങിൽ മുൻനിരയിലായിരുന്നിട്ടും 2022 ഖത്തറിൽ ബെൽജിയം ഗ്രൂപ്പ് ഘട്ടം കടന്നില്ല. ഗോൾഡൻ ജനറേഷൻ അവസാനിച്ചുവെന്ന വിലയിരുത്തലുകളും ടീമിനുള്ളിലെ അസ്വാരസ്യങ്ങളും ശക്തമായതിനെ തുടർന്നാണ് മുൻ പരിശീലകൻ മാർട്ടിനെസ് രാജിവെക്കുന്നത്. അവിടെനിന്നാണ് റൂഡി ഗാർഷ്യ ഈ ലോകകപ്പിൽ ടീമിനെ പ്രീ ക്വാർട്ടറിലെത്തിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലൻഡിനെ 5-1ന് തകർത്ത മത്സരശേഷം പരിചയസമ്പന്നരായ താരങ്ങളെ അദ്ദേഹം തുറന്നുപുകഴ്ത്തിയിരുന്നു. സെനഗലിനെതിരെ രണ്ട് ഗോൾ വഴങ്ങി പിന്നിലായിരുന്നിട്ടും അവസാന നിമിഷങ്ങളിൽ നടത്തിയ അതിശയകരമായ തിരിച്ചുവരവ് ബെൽജിയത്തിന് പുതിയ ആത്മവിശ്വാസം നൽകിയെന്നാണ് ഗാർസിയയുടെ വിലയിരുത്തൽ.
Belgium coach Rudi Garcia has become a symbol of calm leadership at the 2026 FIFA World Cup. Even after his team scores, he rarely celebrates, preferring to focus on tactics from the sidelines. Appointed in 2025 after Belgium's disappointing 2022 World Cup exit, Garcia has revived the team's "dark horse" status. A title-winning coach with Lille and experienced across Europe, he guided Belgium to the Round of 16, highlighted by a dramatic comeback victory over Senegal after recovering from a two-goal deficit.