ലോകകപ്പിൽ നോക്കൗട്ടിലേക്ക്പോലും പ്രവേശിക്കാതെ ഗ്രൂപ്പ് സ്റ്റേജിൽ പുറത്താക്കപ്പെട്ടത് ദക്ഷിണ കൊറിയയിൽ കായിക ലോകവും പിന്നിട്ട് രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കുകയാണ്. ഏഷ്യയിലെ ശക്തരായ ടീമായിരുന്നിട്ടും ലോകകപ്പ് സമയത്ത് ടീമിനെ ചുറ്റിപ്പറ്റി ഉയർന്ന വിഷയങ്ങൾക്കെതിരെ അന്വേഷണം നടത്താൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ് ഉത്തരവിട്ടത് ആഘോള തലത്തിൽ ചർച്ചയായിരിക്കുകയാണ്. ആദ്യ കളിയിൽ ചെക്കിനെ 2-1 ന് തോൽപ്പിച്ചെങ്കിലും, മെക്സിക്കോയോടും ദക്ഷിണാഫ്രിക്കയോടും 1-0 ന് കൊറിയ പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായ കൊറിയക്ക് മികച്ച എട്ട് ടീമുകളിൽ ഉൾപ്പെടാൻ കഴിയാതെ പുറത്താവുകയായിരുന്നു.
ഗോൾഡൻ ജനറേഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ടീമായിരുന്നിട്ടും കോച്ച് ഹോങ് മ്യുങ്ബോ സ്വീകരിച്ച അമിത പ്രതിരോധ തന്ത്രങ്ങൾ ടീമിന് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ലോകോത്തര താരം സൺ ഹെയുങ്മിന്നിനെ നിർണായക മത്സരങ്ങളിൽ ബെഞ്ചിലിരുത്തിയത് കോച്ചിന്റെ വലിയൊരു പരീക്ഷണ പരാജയമായിരുന്നു. പുറത്താക്കപ്പെട്ടതിനു പിന്നാലെ പ്രസിഡന്റ് ലീ ജേ മ്യുങ് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇത്രയും വലിയ സർക്കാർ സഹായവും നികുതിപ്പണവും ദേശീയ ടീമിനായി ചെലവഴിച്ചിട്ടും ഇത്തരമൊരു ഫലം ഉണ്ടായത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്താണ് വീഴ്ചയ്ക്ക് കാരണമായതെന്ന് കണ്ടെത്താൻ സംസ്കാര, കായിക, ടൂറിസം മന്ത്രാലയം സമഗ്ര അന്വേഷണം നടത്തണമെന്നും ഭാവിയിൽ ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാനുള്ള പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിശീലകനെ നിയമിച്ച പ്രക്രിയയെയും അദ്ദേഹം പരോക്ഷമായി ചോദ്യം ചെയ്തിട്ടുണ്ട്.
ലോകകപ്പിലെ മോശം പ്രകടനത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് പരിശീലകൻ ഹോങ് മ്യുങ്ബോ സ്ഥാനം ഒഴിഞ്ഞിരുന്നു. ആരാധകരോട് മാപ്പും ചോദിച്ചാണ് അദ്ദേഹം സ്ഥാനം ഉപേക്ഷിച്ചത്. 2014 ലോകകപ്പിലും അദ്ദേഹത്തിന്റെ കീഴിൽ ദക്ഷിണ കൊറിയ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു. 2024ൽ വീണ്ടും പരിശീലകനായി തിരിച്ചെത്തിയെങ്കിലും രണ്ടാം വരവും സമാനമായ നിരാശയോടെയാണ് അവസാനിച്ചത്.
ലോകകപ്പിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട തീരുമാനങ്ങളിലൊന്നായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ നിർണായക മത്സരത്തിൽ നായകൻ സോൺ ഹ്യുങിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നത്. ആ തീരുമാനം തിരിച്ചടിയായെന്നാണ് ദക്ഷിണ കൊറിയൻ മാധ്യമങ്ങളും മുൻ താരങ്ങളും വിലയിരുത്തിയത്. പിന്നീട് സോൺ ആരാധകരോട് മാപ്പുപറഞ്ഞ് ടീമിനെ പിന്തുണയ്ക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
ഹോങ് മ്യുങ്ബോയെ പരിശീലകനായി നിയമിച്ച രീതി നേരത്തേതന്നെ വിവാദമായിരുന്നു. നിയമന പ്രക്രിയയിൽ സുതാര്യതയില്ലെന്ന ആരോപണത്തെ തുടർന്ന് കായിക മന്ത്രാലയം മുമ്പും കൊറിയൻ ഫുട്ബോൾ അസോസിയേഷനോട് വിശദീകരണം തേടിയിരുന്നു. അസോസിയേഷൻ ആരോപണങ്ങൾ നിഷേധിച്ചെങ്കിലും ലോകകപ്പ് പരാജയത്തിന് ശേഷം ആ വിവാദം വീണ്ടും സജീവമായിരിക്കുകയാണ്.
ഏഷ്യയിലെ ഏറ്റവും സ്ഥിരതയുള്ള ദേശീയ ടീമുകളിലൊന്നായി കണക്കാക്കപ്പെടുന്ന ദക്ഷിണ കൊറിയയ്ക്ക് ഈ ലോകകപ്പ് ഫലം വലിയ തിരിച്ചടിയാണ്. രാജ്യത്തിന്റെ പ്രസിഡണ്ട് അന്വേഷണത്തിന് ഉത്തരവിട്ടത് ടീമിന്റെ തോൽവിയെക്കുറിച്ച് മാത്രമല്ല, പരിശീലക നിയമനം മുതൽ ഫുട്ബോൾ ഭരണസംവിധാനം വരെയുള്ള മുഴുവൻ സംവിധാനവും വിലയിരുത്താനാണെന്നാണ് വിവരം.
South Korea's group-stage exit from the 2026 World Cup has sparked political controversy, with President Lee Jae-myung ordering an investigation into the team's failure. Critics blamed coach Hong Myung-bo's defensive tactics and key selection decisions, including benching Son Heung-min. Hong resigned, accepting responsibility, while scrutiny has intensified over his appointment and the country's football governance.