World Cup 2026

ചരിത്രത്തിലാദ്യം! ഫിഫ റാങ്കിങിലെ 'ബിഗ് ഫോര്‍' സെമിയില്‍; വഴിത്തിരിവായത് ആ മാസ്റ്റര്‍ പ്ലാന്‍

കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാല്‍ റാങ്കിങിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് ലോകകപ്പ് എന്നും ഒരു ശാപമായിരുന്നു. മുന്‍പ് പലപ്പോഴും മികച്ച റാങ്കിലുള്ള ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്ന കാഴ്ചയാണ് കണ്ടത്

Sports Desk

ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത സമാനതകളില്ലാത്ത ഒരു പോരാട്ടത്തിനാണ് 2026 ലോകകപ്പിന്റെ സെമിഫൈനല്‍ വേദികള്‍ ഒരുങ്ങുന്നത്. ഫിഫ ലോക റാങ്കിങിലെ ആദ്യ നാല് സ്ഥാനക്കാരായ സ്‌പെയിന്‍ (1), അര്‍ജന്റീന (2), ഫ്രാന്‍സ് (3), ഇംഗ്ലണ്ട് (4) എന്നീ ടീമുകള്‍ ഒന്നിച്ച് സെമിഫൈനലില്‍ പ്രവേശിച്ചിരിക്കുന്നു. 1994-ല്‍ ഫിഫ റാങ്കിംഗ് സമ്പ്രദായം നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് ആദ്യ നാല് റാങ്കുകാര്‍ തന്നെ അവസാന നാലിലേക്ക് യോഗ്യത നേടുന്നത്. ഫുട്‌ബോള്‍ ലോകത്തെ ഈ അത്യപൂര്‍വ മുന്നേറ്റത്തിന് വഴിതുറന്നത് ഈ ലോകകപ്പിനായി ഫിഫ നടപ്പാക്കിയ ഒരു പ്രധാന പരിഷ്‌കാരമാണ്.

ഫിഫയുടെ 'സീഡിങ് മാജിക്'

ഇത്തവണ 48 ടീമുകളായി ലോകകപ്പ് വിപുലീകരിച്ചപ്പോള്‍ ഫിഫ വരുത്തിയ ഏറ്റവും തന്ത്രപരമായ മാറ്റം നറുക്കെടുപ്പിലായിരുന്നു. മികച്ച നാല് റാങ്കിലുള്ള രാജ്യങ്ങള്‍ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ പരസ്പരം ഏറ്റുമുട്ടി പുറത്താകുന്നത് തടയാന്‍ ഫിഫ ഒരു പുതിയ രീതി അവതരിപ്പിച്ചു. സെമിഫൈനലിന് മുന്‍പ് ഈ വമ്പന്മാര്‍ക്ക് പരസ്പരം കോര്‍ക്കേണ്ടി വരാത്ത വിധം നാല് വ്യത്യസ്ത വിഭാഗങ്ങളിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ ഫിഫയുടെ ഈ കണക്കുകൂട്ടല്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഈ ടീമുകളെല്ലാം തങ്ങളുടെ ഗ്രൂപ്പുകളില്‍ ഒന്നാം സ്ഥാനം നേടണമായിരുന്നു. സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിച്ച് നാല് ടീമുകളും തങ്ങളുടെ ഗ്രൂപ്പുകളില്‍ വെന്നിക്കൊടി പാറിച്ചതോടെ ഫിഫയുടെ പ്ലാന്‍ വിജയിച്ചു. വിംബിള്‍ഡണ്‍ ടെന്നീസിലും പുതിയ ചാമ്പ്യന്‍സ് ലീഗ് ഫോര്‍മാറ്റിലും ഉയര്‍ന്ന റാങ്കിലുള്ള സീഡുകളെ പരസ്പരം ഏറ്റുമുട്ടാതെ മാറ്റിനിര്‍ത്തുന്ന സമാനമായ രീതിയാണ് ഫിഫ ഇവിടെ പരീക്ഷിച്ച് വിജയിച്ചത്.

ഫിക്‌സ്ച്ചറിലെ തന്ത്രങ്ങള്‍ ഇങ്ങനെ

പുതിയ രീതി പ്രകാരം ഫൈനലിന് മുന്‍പ് ഒന്നാം റാങ്കുകാരായ സ്‌പെയിന് രണ്ടാം റാങ്കുകാരായ അര്‍ജന്റീനയുമായി ഏറ്റുമുട്ടേണ്ടി വരില്ല. നോക്കൗട്ട് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയും പരസ്പരം എതിര്‍ചേരികളിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇവര്‍ മുന്നേറുകയാണെങ്കില്‍ സെമിഫൈനലില്‍ സ്‌പെയിനെയോ അര്‍ജന്റീനയെയോ നേരിടേണ്ടി വരുന്ന രീതിയിലായിരുന്നു ഫിക്‌സ്ച്ചര്‍. 'മത്സരങ്ങളിലെ തുല്യത' ഉറപ്പാക്കാനും 'സെമിഫൈനലിലേക്ക് രണ്ട് വ്യത്യസ്ത പാതകള്‍' ഒരുക്കാനുമാണ് ഈ പരിഷ്‌കാരമെന്നാണ് ഫിഫ ഇതിനെ വിശേഷിപ്പിച്ചത്. ഇതോടെ ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ ഫ്രാന്‍സ് സ്‌പെയിനെയും വ്യാഴായ്ച്ച നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് അര്‍ജന്റീനയെയും നേരിടും.

മുന്‍കാല ലോകകപ്പുകളും അട്ടിമറികളും

കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാല്‍ റാങ്കിങിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് ലോകകപ്പ് എന്നും ഒരു ശാപമായിരുന്നു. മുന്‍പ് പലപ്പോഴും മികച്ച റാങ്കിലുള്ള ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്ന കാഴ്ചയാണ് കണ്ടത്. 2022- ല്‍ ബെല്‍ജിയം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. 2018- ല്‍ ജര്‍മ്മനി ആദ്യ റൗണ്ടില്‍ തന്നെ മടങ്ങി. 2014- ല്‍ നിലവിലെ ചാമ്പ്യന്മാരായി വന്ന സ്‌പെയിന്‍ ഗ്രൂപ്പ് ഘട്ടം പോലും കടന്നില്ല. 2010-ല്‍ ഇറ്റലിയും 2002-ല്‍ ഫ്രാന്‍സും ഇതേപോലെ ആദ്യമേ പുറത്തായവരാണ്.

1998 മുതലുള്ള മറ്റ് ലോകകപ്പുകളിലും മികച്ച റാങ്കിലുള്ള ടീമുകളെല്ലാം ഒന്നിച്ച് സെമിഫൈനലില്‍ എത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ ക്ലബ് ലോകകപ്പിലും ഇതേ റാങ്കിങ് സമ്പ്രദായം ഉപയോഗിച്ചിരുന്നെങ്കിലും അന്ന് ആദ്യ നാല് സീഡുകളില്‍ റയല്‍ മാഡ്രിഡ് മാത്രമാണ് സെമിയിലെത്തിയത്. എന്നാല്‍ ഇത്തവണ ഫിഫ വിചാരിച്ചതുപോലെ കാര്യങ്ങള്‍ കൃത്യമായി നടന്നു.

എന്തുകൊണ്ട് ഫിഫ ഈ മാറ്റത്തിന് നിര്‍ബന്ധിതരായി?

32 ടീമുകള്‍ പങ്കെടുത്ത പഴയ ലോകകപ്പ് ഫോര്‍മാറ്റില്‍ ഗ്രൂപ്പ് ജേതാക്കള്‍ക്ക് പ്രീ-ക്വാര്‍ട്ടറില്‍ പരസ്പരം ഏറ്റുമുട്ടേണ്ടി വന്നിരുന്നില്ല. ലോകത്തെ മുന്‍നിരയിലുള്ള രണ്ട് ടീമുകള്‍ സെമിഫൈനലിന് മുന്‍പ് ഏറ്റുമുട്ടിയത് കാണാന്‍ 2010-ലേക്ക് പിന്നോട്ട് പോകണം. അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സ് ബ്രസീലിനെ 2-1 ന് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു അധിക നോക്കൗട്ട് റൗണ്ട് കൂടിയുള്ള (റൗണ്ട് 32) പുതിയ 48 ടീമുകളുടെ ലോകകപ്പില്‍, ഗ്രൂപ്പ് ജേതാക്കള്‍ തമ്മില്‍ തുടക്കത്തില്‍ തന്നെ ഏറ്റുമുട്ടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. പ്രീ-ക്വാര്‍ട്ടറിലെ മൂന്ന് മത്സരങ്ങളില്‍ ഇത് സംഭവിക്കുകയും ചെയ്തു (യുസ്-ബെല്‍ജിയം, ഇംഗ്ലണ്ട്- മെക്‌സിക്കോ, സ്വിറ്റ്‌സര്‍ലന്‍ഡ്- കൊളംബിയ).

ഇത്തരം ഗ്ലാമര്‍ പോരാട്ടങ്ങള്‍ ടൂര്‍ണമെന്റിന്റെ തുടക്കത്തിലേ വന്ന്, മികച്ച നാല് ടീമുകളില്‍ ഒന്ന് നേരത്തെ തന്നെ പുറത്തുപോകുന്നത് തടയാന്‍ ഫിഫ ആഗ്രഹിച്ചു. വമ്പന്‍ ബ്ലോക്ക്ബസ്റ്റര്‍ മത്സരങ്ങള്‍ ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തിലേക്ക് മാറ്റിവെക്കാന്‍ കഴിഞ്ഞതോടെ ഈ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കപ്പില്‍ മുത്തമിടാന്‍ 'ബിഗ് ഫോര്‍' നേര്‍ക്കുനേര്‍ വരുമ്പോള്‍ കാല്‍പന്ത് ലോകം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാം.

The 2026 FIFA World Cup has produced a historic semi-final lineup, with the world's top four FIFA-ranked teams Spain, Argentina, France and England reaching the last four for the first time since the FIFA World Ranking system was introduced in 1994. The achievement is largely attributed to FIFA's revised seeding system introduced alongside the expanded 48-team format. The top four seeds were placed in separate sections of the draw to avoid meeting before the semi-finals, provided they topped their respective groups. Unlike previous tournaments where highly ranked teams suffered early exits, the new structure ensured blockbuster clashes were reserved for the final stages.