ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ഇന്ന് നടക്കുന്നത് ടൂർണമെന്റിലെ ക്ലാസിക് പോരാട്ടമാകും. യൂറാേപ്യൻ കരുത്തരായ സ്പെയിനും ബെൽജിയവുമാണ് ലോസ് ആഞ്ചലസിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30 ന് ഏറ്റുമുട്ടുന്നത്. ക്വാർട്ടർ ഫൈനൽവരെ ഒറ്റ മത്സരത്തിലും പരാജയം അറിയാതെയാണ് ഇരു ടീമുകളും ഇന്ന് മാറ്റുരക്കുന്നത്. ആദ്യ മത്സരത്തിൽ ദുർബലരെന്ന് വിലയിരുത്തി, പിച്ചിലെത്തിയ കേപ് വെർഡെയോട് ഗോളുകളടിക്കാതെ സമനില വഴങ്ങിയതാണ് സ്പെയിനിന് സീസണിൽ നേരിട്ട ഏക സമ്മർദം.
പിന്നീട് സൗദി അറേബ്യയെ നാല് ഗോളുകൾക്കും ഉറുഗ്വേയെ ഒരു ഗോളിന് തോൽപ്പിച്ചും ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി സ്പെയിൻ റൗണ്ട് ഓഫ് 32ൽ എത്തിയിരുന്നു. നോക്ക് ഔട്ടിൽ ഓസ്ട്രിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് നാട്ടിലേക്കയച്ചാണ് പ്രീ ക്വാർട്ടറിലേക്ക് കടന്നത്. പ്രീ ക്വാർട്ടറിൽ നടന്നത് ഫേവറൈറ്റ് മത്സരമായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഒരു ഗോളിന് ലോകകപ്പിൽനിന്ന് പുറത്താക്കി സ്പെയിൻ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.
സമാന മുന്നേറ്റം നടത്തിയാണ് ബെൽജിയവും സെമി ലക്ഷ്യമിട്ട് മൈതാനത്തിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഈജിപ്തിനോട് ഒരു ഗോളിന് സമിനില പിടിച്ചും രണ്ടാം മത്സരത്തിൽ ഇറാനോട് ഗോളടിക്കാതെ സമനിലയിൽ പിരിയേണ്ടിവന്നതുമാണ് ബെൽജിയത്തിന്റെ ആദ്യ ചിത്രം. എന്നാൽ ന്യൂസിലാന്റിനെതിരെയുള്ള മൂന്നാം മത്സരംമുതൽ ബെൽജിയം തങ്ങളുടെ തനിനിറം എടുക്കുകയായിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലുക്കാക്കുവും സംഘവും തങ്ങളുടെ കരുത്തറിയിച്ചത്. സെനഗലിനെതിരെ മികച്ച കംബാക്ക് നടത്തി 3-2 ന് ആഫ്രിക്കൻ കരുത്തരായ സാഡിയോ മാനെയേയും ടീമിനേയും ലാേകകപ്പിൽനിന്ന് പുറത്താക്കി പ്രീ ക്വാർട്ടറിലെത്തി.
റൗണ്ട് ഓഫ് 16ൽ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. റെഡ് കാർഡ് ലഭിച്ച അമേരിക്കൻ സ്ട്രൈക്കർ ഫൊളാരിൻ ബലോഗുവിനെ ബെൽജിയത്തിനെതിരെയുള്ള മത്സരത്തിൽ കളിപ്പിച്ചത് ലോകത്താകമാനം വിവാദമായിരുന്നു. ഇതിനെതിരെ ബെൽജിയം ടീം ഓദ്യോഗികമായി പരാതിയും നൽകിയിരുന്നു. എന്നാൽ മത്സരത്തിൽ ഇതൊന്നും ഏറ്റില്ല. ഒന്നിനെതിരെ നാല് ഗോളുകൾക്ക് അമേരിക്കയെ ലോകകപ്പിൽനിന്ന് പുറത്താക്കിയാണ് ഇതിനോട് ബെൽജിയം പ്രതികരിച്ചത്.
ഇരുടീമുകളുടെയും തന്ത്രങ്ങൾ പരിശോധിച്ചാൽ ഈ മത്സരം മിഡ്‌ഫീൽഡ് നിയന്ത്രിക്കുന്നവർക്ക് അനുകൂലമാകും. സ്പെയിൻ പന്ത് കൈവശംവെച്ച് കളിക്കുന്ന തങ്ങളുടെ ടിക്കി-ടാക്ക ശൈലിയിലൂടെ ബെൽജിയത്തെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുമ്പോൾ, ജെറമി ഡോക്കുവിന്റെ വേഗത ഉപയോഗിച്ച് പെട്ടെന്നുള്ള കൗണ്ടർ അറ്റാക്കുകൾ നടത്താനായിരിക്കും ബെൽജിയത്തിന്റെ ശ്രമം. സ്പെയിന്റെ പ്രതിരോധ നിര ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ലെങ്കിലും, ലുക്കാക്കുവിനെപ്പോലെയുള്ള ഒരു കരുത്തനായ സ്ട്രൈക്കറെ അവർ ആദ്യമായാണ് ഈ ടൂർണമെന്റിൽ നേരിടുന്നത്. അതിനാൽ രണ്ട് ടീമുകളുടെയും തന്ത്രപരമായ നീക്കങ്ങൾ ഈ മത്സരത്തിന്റെ ഫലം നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.
Spain and Belgium meet in a blockbuster 2026 FIFA World Cup quarter-final in Los Angeles, with both sides unbeaten in the tournament. Spain recovered from an opening draw against Cape Verde to eliminate Austria and Portugal, while Belgium bounced back from two draws to beat New Zealand, Senegal and the United States. Spain's possession-based game will be tested by Belgium's pace and counter-attacking threat led by Jérémy Doku and Romelu Lukaku, setting up a fascinating tactical battle for a place in the semi-finals.