World Cup 2026

ബാലിയും ഖത്തറും വേറെ, ആതിഥേയർ അമേരിക്കയാകുമ്പോൾ വിമർശനം മറന്നുപോകുന്ന അന്താരാഷ്ട്ര മാധ്യമങ്ങളും നിരീക്ഷകരും

ഇന്തോനേഷ്യയിലെ അണ്ടർ 20 ലോകകപ്പ് വിവാദത്തിലും ഖത്തർ ലോകകപ്പിലും ഇരു രാജ്യങ്ങളേയും വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളും നിരീക്ഷകരും

Sports Desk

2023 അണ്ടർ 20 ലോകകപ്പിന് വേദിയാകാൻ ഫിഫ തിരഞ്ഞെടുത്തത് ഇന്തോനേഷ്യയിലെ ബാലി ആയിരുന്നു. ടൂർണമെന്റിലേക്ക് ഇസ്രായേൽ ആദ്യമായി അണ്ടർ ലോകകപ്പിന് യോ​ഗ്യത നേടിയതോടെ ഇസ്രോയേലിനെ സ്വാ​ഗതം ചെയ്യരുതെന്ന് ചില രാഷ്ട്രീയ നേതാക്കളും പ്രോ-പലസ്തീൻ സംഘടനകളും ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ ഇന്തോനേഷ്യയുടെ ഔദ്യോ​ഗിക പ്രസ്താവനക്കൊന്നും കാത്തുനിൽക്കാതെ ഫിഫ ബാലിയിൽനിന്ന് അണ്ടർ 20 ലോകകപ്പ് മാറ്റി, അർജന്റീനയിൽ സംഘടിപ്പിക്കുകയാണ് ചെയ്തത്. സംഭവത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ആഘോഷിക്കുകയായിരുന്നു. ലോകകപ്പ്പോലൊരു വൻ ആഘോഷം വരുമ്പോഴും മതവും രാഷ്ട്രീയും പറഞ്ഞ് ലോകകപ്പിനെ തുലച്ച ഇന്തോനേഷ്യയെ ലോക തലത്തിൽ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു മാധ്യമങ്ങൾ.

2022 ഖത്തർ ലോകകപ്പിലും സമാന സ്ഥിതിയായിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളും എൽ.ജി.ബി.ടി.ക്യു+ നിയമങ്ങളും മുൻനിർത്തി ടൂർണമെന്റ് ബഹിഷ്കരിക്കാൻവരെ ലോകത്താകമാനം മാധ്യമങ്ങളുടേയും കായിക നിരീക്ഷകരുടേയും ആഹ്വാനങ്ങളുണ്ടായി. കുടിയേറ്റ തൊഴിലാളിക​ളുടെ പ്രശ്നങ്ങൾ ഒരു പരിധിവരെ ഫിഫ ഇടപെട്ട് പരിഹാരം കണ്ടെങ്കിലും ഖത്തറിനെതിരെയുള്ള ആക്രമണം തുടരുകയായിരുന്നു. സ്റ്റേഡിയങ്ങൾ മദ്യ വിമുക്തമാക്കിയതോടെ ലോക മാധ്യമങ്ങളുടെ, പ്രതേകിച്ച് പാശ്ചാത്യ മാധ്യമങ്ങളുടെ അക്രമണം വർധിച്ചു. എല്ലാ രാജ്യക്കാരും പങ്കെടുക്കുന്ന ലോകകപ്പിൽ ആഥിതേയ രാജ്യത്തിന്റെ നിയമംമാത്രം കാണികളിൽ അടിച്ചേൽപ്പിക്കരുതെന്നായിരുന്നു വിമർശനങ്ങളുടെ ഉള്ളടക്കം.

എന്നാൽ അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായിനടക്കുന്ന ഈ ലോകകപ്പോടെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിലപാട് മലക്കംമറിയുകയായിരുന്നു. ലോകകപ്പിനെ ചുറ്റിപ്പറ്റി നോർത്ത് അമേരിക്കയിൽ നടക്കുന്ന സമരങ്ങളും പ്രതിഷേധങ്ങളും ലോകം അറിയുന്നുപോലുമില്ല. കുടിയേറ്റക്കാരെ തുരത്തുന്നതിനായുള്ള 'ഐസ്' ഏജൻസിയെ ലോകകപ്പിനോടനുബന്ധിച്ച് അമേരിക്കയിൽ വിന്യസിക്കുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചതിനെ തുടർന്ന് സ്റ്റേഡിയം തൊഴിലാളികൾ സമരിത്തിലാണ്. തൊഴിലാളികളുടെ വേതന വർധനവും ജോലി സമയത്തിന്റെ ദുരുപയോ​ഗവും സംബന്ധിച്ച് ആവശ്യങ്ങൾ ഉന്നയിച്ച് ഹോട്ടൽ തൊഴിലാളികളും സമരം നടത്തിയിരുന്നു.

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് വേദിയാകുന്ന മെക്സിക്കോ സിറ്റിയിൽ ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് അധ്യാപക യൂണിയനുകൾ നടത്തുന്ന സമരം അക്രമാസക്തമായിരുന്നു. നഗരത്തിൽ സ്ഥാപിച്ചിരുന്ന ലോകകപ്പ് പ്രൊമോഷണൽ പ്രതിമകൾ സമരക്കാർ തകർക്കുകയും തീയിടുകയും ചെയ്തു. ടൂർണമെന്റ് സമയത്തും സമരം തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് കാണാതായ ലക്ഷക്കണക്കിന് ആളുകളെ കണ്ടെത്താൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ മനുഷ്യാവകാശ സംഘടനകളും മെസ്കിയോയിൽ സമര രം​ഗത്തുണ്ട്. സമാനമായ അനേകം സമരങ്ങളും പ്രതിഷേധങ്ങളും നോർത്തമേരിക്കയിൽ ലോകകപ്പുമായി ബന്ധപ്പെട്ട് നടക്കുമ്പോൾ ഇതൊന്നും മാധ്യമങ്ങൾക്ക് വാർത്തയേയല്ലെന്നതാണ് നിലവിലെ വസ്തുത.

ലോകകപ്പ് റഫറിമാരുൾപ്പെടെ താരങ്ങളേയും ഒഫീഷ്യലുകളേയും അമേരിക്ക രാജ്യത്തേക്ക് പ്രവേശിക്കാൻ സമ്മതിക്കാതെ തിരിച്ചയക്കുന്നത് ലോകത്ത് വെറുമൊരു സാധാരണ വാർത്തയാണ്. 2026 ഫിഫ ലോകകപ്പിൽ മത്സരം നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന സൊമാലിയൻ റഫറിയായ ഒമർ അബ്ദുൽകാദിർ അർതനെ അമേരിക്ക രാജ്യത്തേക്ക് പ്രവേശിപ്പിക്കാതെ കഴിഞ്ഞ ദിവസം തിരിച്ചയച്ചിരുന്നു. നെയ്‌റോബിയിലെ സൊമാലിയൻ എംബസി വഴി അദ്ദേഹം കൃത്യമായ യുഎസ് വിസയും നയതന്ത്ര പാസ്‌പോർട്ടും ഉറപ്പാക്കിയിരുന്നു. അമേരിക്കയിലെ മിയാമിയിൽ വിമാനമിറങ്ങിയ അർതനെ പതിനൊന്ന് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് തിരിച്ചയച്ചത്.

ഇറാൻ താരങ്ങളോടും ഒഫീഷ്യലുകളോടും അമേരിക്ക കാണിച്ച വിവേചനം മറ്റൊരു വിഷയമായിരുന്നു. ലോകക്കപ്പ് തുടങ്ങാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ മാത്രമാണ് താരങ്ങൾക്ക് അമേരിക്ക വിസ അനുവദിച്ചത്. അതും മത്സര ദിവസം രാവിലെ മാത്രം രാജ്യത്തേക്ക് പ്രവേശിക്കാനും മത്സരം കഴിഞ്ഞാൽ മടങ്ങാനുമാണ് താരങ്ങൾക്കുള്ള നിർദേശം. മാത്രമല്ല, പല ഇറാൻ ടീം ഒഫീഷ്യലുകൾക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാൻ കഴിയില്ല. കനേഡിയയിലെ വാൻകൂവറിൽ നടന്ന ഫിഫ പ്രീ-വേൾഡ് കപ്പ് മീറ്റിങ്ങിൽ പങ്കെടുക്കാനായി കാന‍ഡയിലെ പിയേഴ്സൺ വിമാനത്താവളത്തിലെത്തിയ ഇറാൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി മെഹ്ദി താജിനെയും സംഘത്തെയും രാജ്യത്തേക്ക് പ്രവേശിക്കാൻ സമ്മതിക്കാതെ കഴിഞ്ഞമാസം തിരിച്ചയച്ചിരുന്നു.

മാത്രമല്ല, അമേരിക്കയിലെത്തുന്ന പല ഫുട്ബോൾ താരങ്ങളേയും അമേരിക്ക മണിക്കൂറുകളുടെ ചോദ്യം ചെയ്യലിനുശേഷമാണ് വിമാനത്താവളത്തിനു പുറത്തുവിടുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെത്തിയ സെന​ഗൽ താരങ്ങളെ ല​ഗേജുകൾ തുറന്നു പരിശോധിച്ചിരുന്നു. ഇതൊന്നും അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വിഷയമാകുന്നില്ലെന്നതാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ആതിഥേയ രാജ്യത്തിന്റെ പ്രാദേശിക നിയമങ്ങളിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഫിഫയും പറയുന്നത്.

English Summary: The 2026 FIFA World Cup has reignited debates over double standards in global media coverage. While Qatar in 2022 and Indonesia in 2023 faced intense scrutiny over political and human-rights issues, similar protests, labor disputes and immigration controversies in North America have attracted far less attention. Reports of visa restrictions affecting officials and participants have further fueled criticism. Many observers argue that host nations are not judged by the same standards when it comes to major sporting events.