അർജന്റീനക്കെതിരെ ഗോളടിച്ചതിനുശേഷം മത്സരം മുഴുവൻ പ്രതിരോധത്തിലേക്ക് മാറ്റിയ ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടച്ചേലിന്റെ നടപടി ലോകത്താകമാനം കടുത്ത വിമർശനത്തിന് വഴിവെച്ചിരുന്നു. മത്സരശേഷം ടീമിന്റെ നായകൻ ഹാരി കെയിനും ഈ ഫോർമേഷനിൽ പരാജയം സമ്മതിച്ചിരുന്നു. എന്നാൽ സെമി ഫൈനലിലെ തോൽവി തന്റെ പ്ലാനിന്റെ പ്രശ്നമല്ലെന്നും ഇംഗ്ലീഷ് ഫുട്ബോളിന്റെ ഡിഎൻഎയുടെ കുറവാണെന്നുമാണ് ടച്ചേൽ പറയുന്നത്. സ്പെയിനിന്റെയോ അർജന്റീനയുടെയോ ബ്രസീലിന്റെയോപോലെ പന്ത് കൈവശം വെച്ച് കളി നിയന്ത്രിക്കുന്ന ശൈലി ഇംഗ്ലീഷ് ഫുട്ബോളിന്റെ ഡിഎൻഎയുടെ ഭാഗമല്ലെന്നാണ് പരിശീലകൻ പറയുന്നത്. സമ്മർദഘട്ടങ്ങളിൽ പന്ത് കൈവശം വെച്ച് കളി നിയന്ത്രിക്കാനുള്ള കഴിവ് ഇംഗ്ലീഷ് ഫുട്ബോളിന്റെ ഡിഎൻഎയിൽ കുറവാണെന്നും ടച്ചേൽ പറഞ്ഞു.
അറ്റ്ലാന്റയിൽ ടീമിന്റെ 2-1 തോൽവിക്ക് കാരണം തന്റെ ഫോർമേഷനോ പകരക്കാരെ ഇറക്കിയ തീരുമാനങ്ങളോ അല്ല. ആ സമയത്ത് ലോകത്തിലെ ഒരു ഫോർമേഷനും ഞങ്ങളെ രക്ഷിക്കുമായിരുന്നില്ല. ഗോൾ നേടിയതിന് പിന്നാലെ ഞങ്ങൾ മുഴുവനായും പ്രതിരോധത്തിലേക്ക് പോയി. പന്ത് കൈവശം വയ്ക്കാനായില്ല, എതിരാളികളുമായി പോരാടാനായില്ല, അതുകൊണ്ടാണ് കൂടുതൽ പിന്നിലേക്ക് വലിഞ്ഞത്. അതൊരിക്കലും ഞങ്ങളുടെ പദ്ധതിയായിരുന്നില്ലെന്നും ടച്ചേൽ പറഞ്ഞു.
അർജന്റീനയുടെ മിഡ്ഫീൽഡിൽനിന്നു ഓട്ടങ്ങൾ തടയുന്നതിലും ഇംഗ്ലണ്ട് പരാജയപ്പെട്ടതായി ടച്ചേൽ വിലയിരുത്തി. പന്ത് തിരിച്ചുപിടിക്കാനായില്ലെങ്കിൽ സമ്മർദം തകർക്കാനോ മത്സരത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമി ഫൈനലിൽ 1-0ന് മുന്നിലിരിക്കെ 30 മിനിറ്റിലേറെ സമയം ബാക്കിയുണ്ടായിട്ടും അഞ്ച് പ്രതിരോധ ഫോർമാഷനിലേക്ക് മാറിയതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. എന്നാൽ അത് കൂടുതൽ പ്രതിരോധത്തിലേക്ക് പോകാനല്ല, വിങ്ങർമാരെ വേഗത്തിൽ നേരിടാനും പ്രതിരോധനിരയ്ക്കിടയിലെ വിടവുകൾ അടയ്ക്കാനുമാണ് ചെയ്തതെന്ന് ടച്ചേൽ വിശദീകരിച്ചു.
ലോകകപ്പിൽ അഞ്ച് ആഴ്ചയ്ക്കിടെ 14,365 മൈൽ യാത്ര ചെയ്തതും, കടുത്ത ചൂടിലും ഉയർന്ന പ്രദേശങ്ങളിലുമുള്ള മത്സരങ്ങളും ടീമിന്റെ ശാരീരികക്ഷമതയെ ബാധിച്ചെന്നും ടച്ചേൽ അഭിപ്രായപ്പെട്ടു. ടൂർണമെന്റിൽ മുഴുവൻ ശാരീരികമായി ഞങ്ങൾ ബുദ്ധിമുട്ടിയെന്നും അതിന്റെ പ്രത്യാഘാതം ഒടുവിൽ അനുഭവിക്കേണ്ടിവന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, ഇംഗ്ലണ്ടിന്റെ മികച്ച മിഡ്ഫീൽഡ് താരങ്ങളിലൊരാളായ കോബി മൈനൂവിന് ടൂർണമെന്റിൽ ഒരു മിനിറ്റുപോലും അവസരം നൽകാത്തതും, ഫിൽ ഫോഡനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താതിരുന്നതും ടൂച്ചേലിനെതിരായ വിമർശനം ശക്തമാക്കിയിട്ടുണ്ട്. സമ്മർദഘട്ടങ്ങളിൽ പന്ത് കൈവശം വെക്കാൻ കഴിയുന്ന താരങ്ങളെ ഒഴിവാക്കിയതാണ് ടീമിന് തിരിച്ചടിയായതെന്നാണ് മുൻ താരങ്ങളുടെയും വിദഗ്ധരുടെയും വിലയിരുത്തൽ.
എങ്കിലും ഇംഗ്ലണ്ട് ടീമിന്റെ ഭാവിയിൽ ടുച്ചേലിന് ആത്മവിശ്വാസമുണ്ട്. "ഞാൻ ഈ ദൗത്യത്തോട് നൂറ് ശതമാനം പ്രതിബദ്ധനയുള്ളവനാണ്. ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. പരിശീലനത്തിൽ ഞാൻ കാണുന്ന നിലവാരം മത്സരങ്ങളിലും പുറത്തെടുക്കാൻ കഴിഞ്ഞാൽ വലിയ കിരീടം നേടാൻ ഈ ടീമിന് കഴിയും" അദ്ദേഹം പറഞ്ഞു. ഇതിനിടെ ടുച്ചേലിന്റെ സ്ഥാനത്തെക്കുറിച്ച് ഫുട്ബോൾ അസോസിയേഷൻ ആശങ്കപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിനുമുമ്പ് കരാർ 2028 യൂറോ വരെ നീട്ടിയ ടുച്ചേൽ, അടുത്ത യൂറോ ചാമ്പ്യൻഷിപ്പിലും ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കുമെന്നാണ് നിലവിലെ സൂചന.
England manager Thomas Tuchel has defended his tactics after the 2-1 World Cup semi-final defeat to Argentina, insisting the loss was not caused by his formation but by England's inability to control possession under pressure. He argued that ball retention is not part of English football's "DNA" like it is for Spain, Argentina or Brazil. Tuchel also cited travel, heat and altitude as factors. Despite criticism over team selection and substitutions, he remains committed to leading England through Euro 2028.