മത്സരത്തിന്റെ ആദ്യ മിനുറ്റുകളിൽ ആധിപത്യം പുലർത്തുകയും ഒരു ഗോളടിച്ച് പിന്നീട് കളി തീരുന്നതുവരെ പ്രതിരോധം തീർക്കുന്നത് ഫുട്ബോളിൽ സ്ഥിരമായി പരിശീലകർ ചെയ്യുന്നതാണ്. മേജർ ടീമുകളോട് സമനില പിടിക്കാനായി ഡിഫൻസ് ശക്തമായിട്ടുള്ള ചെറിയ ടീമുകൾ സാധാരണ ഇങ്ങനെ ചെയ്യാറുണ്ട്. ഈ ലോകകപ്പിൽ കേപ് വെർഡെ പോലുള്ള ടീമുകൾ ഈ ടാക്റ്റിക്സ് പലപ്പോഴായി ഉപയോഗിച്ചത് കണ്ടതുമാണ്.
എന്നാൽ തുല്യ ശക്തരായ മേജർ ടീമുകൾ ഈ തിയറി സ്വീകരിക്കുന്നത് തികച്ചും പരിശീലകന്റെ പോരായ്മയാണ്. ഇന്നലെ അർജന്റീനയും ഇംഗ്ലണ്ടും തമ്മിലെ സെമിഫൈനലിൽ ഇംഗ്ലണ്ട് കോച്ച് തോമസ് ടച്ചേൽ ചെയ്തതും ഈ പ്ലാൻ ആയിരുന്നു. ആദ്യ പകുതിയിൽ ചാമ്പ്യൻമാരായ അർജന്റീനയെ വിറപ്പിച്ച ഇംഗ്ലണ്ട് 55ാം മിനുറ്റിൽ ആന്റണി ഗോർഡനിലൂടെ ആധിപത്യം നേടിയെങ്കിലും പിന്നീട് ടച്ചേലിന്റെ പ്ലാനുകൾ ഞെട്ടിക്കുന്നതായിരുന്നു.
ലൈനപ്പിൽ മുന്നേറ്റത്തിന് പ്രാമുഖ്യം കൊടുത്ത ടച്ചേൽ ഗോളിന് ശേഷം സകല കളിക്കാരുേയും ഡിഫൻസിലേക്ക് മാറി. 71ാം മിനിറ്റിൽ ഗോൾ സ്കോററായ ആന്റണി ഗോർഡനെ പിൻവലിച്ച് ഡിഫൻഡറായ എസ്രി കോൻസയെ ടച്ചേൽ കളത്തിലിറക്കിയത് അദ്ദേഹത്തിന്റെ പ്ലാൻ വ്യക്തമാക്കുന്നതായിരുന്നു. മത്സരം 5 ഡിഫൻസ് ഫോർമേഷനിലേക്ക് മാറ്റി. തൊട്ടുപിന്നാലെ റീസ് ജെയിംസിന് പകരം ഡാൻ ബേണിനെയും ഡിക്ലാൻ റൈസിന് പകരം നികോ ഒറെയ്‌ലിയെയും ഇറക്കി പൂർണ്ണമായും പ്രതിരോധ കോട്ട കെട്ടാനാണ് ഇംഗ്ലണ്ട് ശ്രമിച്ചത്. എന്നാൽ ഈ പ്രതിരോധ മാറ്റങ്ങൾക്കുശേഷം കളിയുടെ നിയന്ത്രണം പൂർണ്ണമായും ഇംഗ്ലണ്ടിന് നഷ്ടമായി. അവസാന 21 മിനിറ്റുകളിൽ 93 ശതമാനവും പന്തടക്കം അർജന്റീനയുടെ നിയന്ത്രണത്തിലായിരുന്നു.
ആന്റണി ഗോർഡനെ പിൻവലിച്ചതിലൂടെ ടച്ചേലിന്റെ പ്ലാൻ മനസിലാക്കിയ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി ഉടൻ പണി തുടങ്ങി. ഇംഗ്ലണ്ട് ഫോർവേഡുകളെ പിൻവലിച്ച് പ്രതിരോധത്തിലേക്ക് മാറിയതോടെ സ്കലോണി തന്റെ കളിക്കാരെ മുഴുവൻ ഇംഗ്ലീഷ് ബോക്സിന് മുന്നിലേക്ക് അണിനിരത്തുകയും കൂടുതൽ അറ്റാക്കിങ് താരങ്ങളെ കളത്തിലിറക്കി സമ്മർദ്ദം ഇരട്ടിയാക്കുകയും ചെയ്തു. 63ാം മിനുറ്റിൽ മിഡ്ഫീൽഡർ പരേഡെസിന് പകരം നികോളാസ് ഗോൺസാലസിനെയും, 80ാം മിനിറ്റിൽ ഡിഫൻഡർ തഗ്ലിയാഫിക്കോയ്ക്ക് പകരം സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനസിനെയും കളത്തിലിറക്കി.
അർജന്റീന സാധാരണയായി ഷോർട്ട് പാസുകളിലൂടെയാണ് കളിക്കാറുള്ളതെങ്കിലും, ഇംഗ്ലണ്ടിന്റെ പ്രതിരോധ കോട്ട തകർക്കാൻ അവർ രണ്ടാം പകുതിയിൽ കൂടുതൽ ക്രോസുകളും ബോക്സിന് പുറത്തുനിന്നുള്ള ലോങ് ഷോട്ടുകളും പരീക്ഷിക്കാൻ തുടങ്ങി. ഇംഗ്ലണ്ട് പത്തുപേരെയും ബോക്സിനുള്ളിൽ നിർത്തി പ്രതിരോധിച്ചപ്പോൾ ബോക്സിന് പുറത്തുനിന്നുള്ള ലോങ് റേഞ്ച് ഷോട്ടുകളിലൂടെ അർജന്റീന പരീക്ഷണം നടത്തി. 85ാം മിനിറ്റിൽ മെസ്സിയുടെ പാസിൽനിന്ന് എൻസോ ഫെർണാണ്ടസ് നേടിയ ലോങ് റേഞ്ച് ഗോൾ ഇതിന്റെ ഫലമായിരുന്നു.
മത്സര ശേഷം ടീമിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഇംഗ്ലണ്ട് നായകൻ ഹാരി കെയിൻ മാധ്യമങ്ങളേട് പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നെന്ന് പരിശീലകൻ തോമസ് ടച്ചേലും അറിയിച്ചു. ടച്ചേലിന്റെ പരിശീലന കരയറിൽ സമാന അനുഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ചെൽസിയുടെ മാനേജറായിരുന്ന സമയത്ത് ഒരുപാട് മത്സരങ്ങൾ പരാജയപ്പെടാൻ ഈ പ്ലാൻ കാരണമായിട്ടുണ്ട്. ആദ്യ പകുതിയിലെ കളി ഗോളടിച്ചതിനുശേഷവും ഇംഗ്ലണ്ട് നിലനിർത്തിയിരുന്നെങ്കിൽ ഒരുപക്ഷെ ഫൈനലിലേക്ക് പ്രവേശിക്കാൻ സാധ്യത ഉണ്ടായിരുന്ന ടീമായിരുന്നു ഇംഗ്ലീഷ് സംഘം.
England dominated the first half and took the lead through Anthony Gordon in the 55th minute, but Thomas Tuchel's defensive approach after the goal proved costly. Replacing attacking players with defenders handed Argentina complete control, with the champions dominating possession and increasing pressure. Lionel Scaloni responded with attacking substitutions and tactical changes, leading to Enzo Fernández's long-range equaliser before Argentina completed a 2-1 comeback. Harry Kane admitted the strategy backfired, while Tuchel accepted responsibility for the defeat.