2026 ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായി അറിയപ്പെടും സ്‌പെയിൻ - കേപ്പ് വെർദെ പോരാട്ടം. അനായാസം മൂന്ന് പോയിന്റ് സ്വന്തമാക്കാമെന്നു കരുതി കളത്തിലിറങ്ങിയ സ്പാനിഷ് പട വെറും അരലക്ഷം മാത്രം ജനസംഖ്യയുള്ള കേപ്പ് വെർദെയുടെ മുന്നിൽ ചക്രശ്വാസം വലിക്കുന്ന കാഴ്ച. ഒടുവിൽ ഗോൾരഹിത സമനിലയിലാണ് ഇരു ടീമുകളും പിരിഞ്ഞത്. ഈ സമനില കേപ്പ് വെർദെയ്ക്കു വിജയത്തിന്റെ ആത്മവിശ്വാസം നൽകുമ്പോൾ സ്പാനിഷ് ടീമിനു നൽകുന്നത് കടുത്ത നിരാശ.
നാൽപ്പതുകാരൻ വൊസിഞ്ഞയ്ക്കു മുന്നിൽ സ്പാനിഷ് മുന്നേറ്റനിര ഉത്തരമില്ലാതെ നിന്നു. വെറും ഗോൾ കീപ്പറല്ല, അമാനുഷികനാണ് താനെന്ന് ഓരോ സേവിലൂടെയും വൊസിഞ്ഞ ആവർത്തിച്ചു. ജിഡി ഷാവേസ് എന്ന ക്ലബിനു വേണ്ടി കളിക്കുന്ന വൊസിഞ്ഞ ഇത്രത്തോളം അപകടകാരിയാണെന്ന് ഫുട്‌ബോൾ ലോകം അറിഞ്ഞത് ഇന്നലെയാണ്.
ആകെ ഏഴ് സേവുകൾ, ബോക്‌സിനുള്ളിൽനിന്ന് സ്പാനിഷ് മുന്നേറ്റം തട്ടിമാറ്റിയത് ആറ് തവണ, 27 ഷോട്ടുകൾ നേരിട്ടു, ബോൾ റിക്കവറീസ് 15 എണ്ണം...! പ്രായത്തെ തോൽപ്പിച്ചുകൊണ്ടാണ് കേപ്പ് വെർദെയുടെ പോസ്റ്റിനു മുന്നിൽ വൊസിഞ്ഞ കൈവിരിച്ചുനിന്നത്. പല സമയത്തും മത്സരം സ്‌പെയിനും വൊസിഞ്ഞയും തമ്മിലാണെന്ന് തോന്നി. കേപ്പ് വെർദെയ്ക്കു വേണ്ടി വൊസിഞ്ഞ രാജ്യാന്തര അരങ്ങേറ്റം കുറിച്ചത് 2012 ലാണ്. കഴിഞ്ഞ 14 വർഷമായി ടീമിന്റെ അവിഭാജ്യ ഘടകമാണ്.
മറുവശത്ത് സ്‌പെയിൻ ഗോളടിക്കാൻ മറന്നതിനെ ട്രോളുന്ന തിരക്കിലാണ് ഫുട്‌ബോൾ ആരാധകർ. കളിക്കളത്തിൽ 62 ശതമാനം ബോൾ പൊസഷനോടെ വ്യക്തമായ ആധിപത്യം സ്‌പെയിനുണ്ടാണ്ടായിരുന്നു. 764 പാസുകൾ കംപ്ലീറ്റ് ചെയ്തു. മറുവശത്ത് കേപ്പ് വെർദെയ്ക്കു 275 പാസുകൾ മാത്രം. എന്നിട്ടും ഒരു ഗോൾ പോലും നേടാൻ സ്പാനിഷ് പടയ്ക്കു സാധിച്ചില്ല.
23 ഷോട്ടുകളാണ് സ്പെയിൻ തൊടുത്തത്. ഷോട്ട് ഓൺ ടാർഗറ്റ് എട്ടെണ്ണം. മറുവശത്ത് ആറ് ഷോട്ടുകളും ഒരു ഷോട്ട് ഓൺ ടാർഗറ്റും മാത്രമാണ് കേപ്പ് വെർദെയ്ക്കുള്ളത്. എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയിട്ടും ഗോളടിക്കാൻ മാത്രം സ്‌പെയിൻ മറന്നുപോയെന്നാണ് ആരാധകരുടെ ട്രോൾ. കഴിഞ്ഞ ലോകകപ്പിലും കളിക്കളത്തിൽ ആധിപത്യം പുലർത്തിയിട്ടും ഗോളടിക്കാൻ സാധിക്കാതെ പോയതാണ് സ്‌പെയിൻ പുറത്താകാൻ തന്നെ കാരണമായത്.
At 40, Cape Verde goalkeeper Vozinha delivered a superhuman performance against Spain, single-handedly frustrating their attack. In a match that often felt like a duel between him and the entire Spanish side, he recorded 7 saves, 6 clearances from inside the box, and 15 ball recoveries while facing 27 shots. A veteran who debuted in 2012, the GD Chaves keeper proved his enduring quality, effectively defying his age to keep his team in the contest.