ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനിടെ എല്ലാ കളികളിലും ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോയെ ടിവി സ്ക്രീനിൽ കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഗ്രൂപ്പ് സ്റ്റേജിൽ ഒരു ദിവസം പല സ്ഥലങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ മിനുറ്റുകളുടെ വ്യത്യാസത്തിൽ ഇൻഫാന്റിനോയെ രണ്ട് ഗാലറികളിൽ കണ്ടത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. വിമാന കമ്പനി ഫിഫ പ്രസിഡണ്ടിന് സ്പോൺസർ ചെയ്ത പ്രൈവറ്റ് ജെറ്റിലാണ് അദ്ദേഹത്തിന്റെ ഈ 'മാജിക്' എന്ന് പിന്നീട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇപ്പോഴിതാ ഇൻഫാന്റിനോയെ എല്ലാഴ്പ്പോഴും ടിവി സ്ക്രീനുകളിൾ കാണിക്കുന്നതിന്റെ കാരണം മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ബ്രോഡ്കാസ്റ്റർമാരും ഫിഫയും തമ്മിലുള്ള നിർബന്ധിത കരാറിനെ തുടർന്നാണ് ഇത് സംഭവിക്കുന്നത്. ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാർ ഓരോ പകുതിയിലും കുറഞ്ഞത് ഒരിക്കലെങ്കിലും ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോയെ ക്യാമറയിൽ കാണിക്കണമെന്ന കരാർ വ്യവസ്ഥയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബ്രോഡ്കാസ്റ്റിങ് രംഗത്തെ വിശ്വസനീയമായ ഉറവിടങ്ങളിൽനിന്നും ഇക്കാര്യം സ്ഥിരീകരിച്ചെന്ന് Copa90 അവതാരകനായ എലി മെൻഗം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. എന്നാൽ രസകരമായ മറ്റൊരു വസ്തുത സ്റ്റേഡിയത്തിനകത്തുള്ള വലിയ സ്ക്രീനുകളിൽ ഇൻഫാന്റിനിയെ കാണിക്കാറില്ലെന്നതാണ്. ആരാധകരുടെ പ്രതിഷേധവും കൂവലും ഒഴിവാക്കാനാണിതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
2022ലെ ഖത്തർ ലോകകപ്പിനിടെയും സമാന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഔദ്യോഗിക ലോകകപ്പ് ഫീഡിന്റെ ഡയറക്ടർമാർക്ക് ഓരോ മത്സരത്തിലും ഇൻഫാന്റിനിയെ കുറഞ്ഞത് ഒരിക്കലെങ്കിലും ക്യാമറയിൽ കാണിക്കണമെന്നുമാണ് അന്നും കരാർ ഉണ്ടായിരുന്നെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ അദ്ദേഹം മൊബൈൽ ഫോൺ നോക്കിക്കൊണ്ടിരിക്കുന്ന സമയത്ത് ആ ദൃശ്യങ്ങൾ ഒഴിവാക്കാനുമാണ് നിർദേശം നൽകിയിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇത്തവണ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി ലോകകപ്പ് നടക്കുന്നതിനാൽ എല്ലാ മത്സരങ്ങളിലും ഇൻഫാന്റിനോക്ക് നേരിട്ട് പങ്കെടുക്കാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും സ്വകാര്യ വിമാനയാത്രകളിലൂടെ അദ്ദേഹം തുടർച്ചയായി വിവിധ വേദികളിലെത്തുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇതിനോടകം 31,000 മൈലിലധികം സ്വകാര്യ ജെറ്റ് യാത്ര നടത്തിയ അദ്ദേഹം മിക്ക ദിവസങ്ങളിലും കുറഞ്ഞത് ഒരു മത്സരം വീതം നേരിട്ട് കാണുന്നുണ്ട്. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ അദ്ദേഹം രണ്ട് കളികൾ കണ്ടിരുന്നു. അതേസമയം, ബ്രോഡ്കാസ്റ്റർമാർ ഇൻഫാന്റിനിയെ നിർബന്ധമായും സംപ്രേഷണത്തിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയെക്കുറിച്ച് ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Reports claim FIFA President Gianni Infantino's frequent appearances on World Cup broadcasts are not coincidental. Broadcasters are reportedly contractually required to show him on camera at least once in each half of every match. Copa90 presenter Eli Mengem said broadcasting sources confirmed the practice, though FIFA has not officially acknowledged it. Similar claims surfaced during the 2022 Qatar World Cup. Despite the tournament spanning three countries, Infantino has travelled over 31,000 miles by private jet to attend matches across the United States, Canada and Mexico.