ഹാൻസി ഫ്ലിക്ക് ആണ് ഞാൻ ബാഴ്സലോണയിൽ തുടരാൻ കാരണം. എന്റെ ആത്മവിശ്വാസം വർധിച്ചു, എനിക്ക് ടീമിൽ സുപ്രധാനമായ പങ്കുണ്ടെന്ന് കോച്ച് എനിക്ക് ഉറപ്പുനൽകി, അതായിരുന്നു ഒരു കളിക്കാരന് ഏറ്റവും ആവിശ്യമുള്ളത്.റഫീഞ്ഞ
ലയണൽ മെസ്സി കൂടുമാറിയതിന് ശേഷം കാംപ്നൂ മാസങ്ങളോളം നിശബ്ദമായിരുന്നു, ആരാധകരുടെ ഹൃദയത്തിൽ മെസ്സിക്ക് പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാനെടുക്കുന്ന സമയമാണിതെന്ന് കരുതിയാൽ തെറ്റി, മെസ്സിക്ക് ശേഷം ഇല്ലാതായിപ്പോയ കളിയുടെ താളം തിരികെ പിടിക്കലായിരുന്നു ബാഴ്സയുടെ മുന്നിലുള്ള കടമ്പ. സാവി കോച്ചായി എത്തിയതിന് ശേഷം വാനോളമുയർന്ന പ്രതീക്ഷ പക്ഷേ അധികനാൾ നീണ്ടുനിന്നില്ല. യമാൽ വാർത്തകളിൽ നിറയാൻ തുടങ്ങിയപ്പോഴും നേരത്തെ ശൂന്യമായതെന്തോ പുനർനിർമ്മിക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിരുന്നില്ല. ഹാൻസി ഫ്ലിക്ക് കോച്ചിങ് തലവനായി എത്തുമ്പോൾ അയാളുടെ മുന്നിലുണ്ടായിരുന്ന പ്രധാന ദൗത്യവും അതു തന്നെയായിരുന്നു.
പുതുക്കി പണിയൽ ഫ്ലിക്ക് ആരംഭിക്കുന്നത് ഏറ്റവും താഴെത്തട്ടിൽ നിന്നാണ്, പല കാര്യങ്ങളിലും അരക്ഷിതാവസ്ഥയും പണവുമെല്ലാം പ്രതിബദ്ധങ്ങളായി, എന്നാൽ നായകന്റെ ആംബാൻഡ് ആർക്ക് നൽകണമെന്ന കാര്യത്തിൽ ഫ്ലിക്കിന് വ്യക്തതയുണ്ടായിരുന്നു. ബ്രസീലിയൻ താരം റഫീഞ്ഞ. ഫ്ലിക്കിന്റെ തീരുമാനത്തെ പലരും ഞെട്ടലോടെയും സംശയത്തോടെയുമാണ് സമീപിച്ചത്. അതുവരെ ടീമിലെ നിർണായക റോളുകളിലൊന്നും പങ്കില്ലാതിരുന്ന റഫീഞ്ഞോയ്ക്ക് മിക്കപ്പോഴും ബെഞ്ചിലായിരുന്നു സാവി നൽകിയിരുന്ന സ്ഥാനം. ഇതെല്ലാം ഒരുനിമിഷം കൊണ്ട് മാറി മറിഞ്ഞു. ഫ്ലിക്ക് നൽകിയ ആം ബാൻഡണിഞ്ഞ് അയാൾ മൈതാനത്തിറങ്ങി.
കണക്കുകളെല്ലാം ഓരോ മത്സരം കഴിയുമ്പോഴും മാറിമറിഞ്ഞു. മെസ്സിയുണ്ടായിരുന്ന പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന വിജയാരവങ്ങൾ കാംപ്നൂവിനെ കോരിത്തരിപ്പിക്കാൻ തുടങ്ങി, ക്ലബിന്റെ പുനർനിർമ്മാണമെന്ന പോലെ! 2023-24 സീസണിന്റെ മധ്യത്തോടെയാണ് ഫ്ലിക്കെത്തുന്നത്. ഈ സീസണിൽ 37 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും 11 അസിസ്റ്റുകളും മാത്രമാണ് റഫീഞ്ഞ ക്ലബിന് വേണ്ടി നേടിയത്. സീസൺ പൂർത്തിയാകുമ്പോൾ 21 ഗോളുകൾ. വിമർശകരുടെ ശക്തി വർധിച്ചതല്ലാതെ ഈ ഘട്ടങ്ങളിൽ ബാഴ്സയ്ക്ക് റഫീഞ്ഞോയിൽ പ്രതീക്ഷകളുണ്ടായി തുടങ്ങിയിട്ടുണ്ടായിരുന്നില്ല.
എന്നാൽ 2024-25 സീസണിൽ കളി മാറി, റാഫീഞ്ഞോയും! 36 ഗോളുകളും 22 അസിസ്റ്റുകളും അവിശ്വസിനീയമായി തിരിച്ചുവരവ്. സാവിക്ക് കീഴിൽ ബാഴ്സ പലതവണ വിറ്റൊഴിവാക്കാൻ തീരുമാനിച്ച താരം, ബെഞ്ചിൽ ടീമിന് യാതൊരുവിധ ഉപകാരവുമില്ലെന്ന് ആരാധകർ പോലും വിശ്വസിച്ച് വിംഗർ. എല്ലാവരുടെയും വായടപ്പിക്കുന്ന പ്രകടനത്തോടെ കാര്യങ്ങളെല്ലാം അയാൾ വരുതിയിലാക്കി. ലാലിഗയ്ക്ക് പുറമെ കോപ്പ ഡെൽറേ, സൂപ്പർ കോപ്പ എന്നീ ട്രോഫികളും റഫീഞ്ഞ കാംപനൂവിലെ അലമാരയിലെത്തിച്ചു. 25-26 സീസൺ പുരോഗമിക്കുമ്പോൾ ഒട്ടും പിന്നിലില്ല റഫീഞ്ഞ, 17 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് ഇതുവരെ താരം സ്വന്തം പേരിലെഴുതിയത്.
കരാർ ചെയ്യപ്പെട്ട ആദ്യകാലങ്ങളിൽ, വിങിൽ ഒറ്റപ്പെട്ട ആക്രമണങ്ങൾ നയിക്കുക മാത്രമായിരുന്നു റഫീഞ്ഞയ്ക്ക് മുന്നിൽ ബാഴ്സ വെച്ചിരുന്ന ദൗത്യം. വിങിൽ ആക്രമണങ്ങളെ പ്രതിരോധിക്കാനും താരം അകമഴിഞ്ഞ് ശ്രമിച്ചു. എന്നാൽ ഫ്ലിക്കിന്റെ വരവോടെ ടീമിന്റെ ആക്രമണത്തിന്റെ ശൈലി പൂർണമായും പൊളിച്ചെഴുതി. യമാലിനും റഫീഞ്ഞോയ്ക്കും ലവൻഡോസ്കിക്കും തുല്യ റോൾ, സെൻട്രൽ അറ്റാക്കിങ് പോയിന്റിൽ റഫീഞ്ഞയുടെ വൺമാൻ ഷോ. ചിരവൈരികൾക്കെതിരെ താരത്തിലൂന്നി മാത്രം ഫ്ലിക്ക് തന്ത്രങ്ങൾ മെനഞ്ഞു. സീസണിൽ താരം പരുക്കേറ്റ് വിശ്രമത്തിലായിരുന്ന മൂന്ന് മത്സരങ്ങളിൽ ബാഴ്സ തോറ്റു, ആകെ 3 തോൽവികൾ, മുറിവേറ്റത് റയലിനോടേറ്റ പരാജയം. പോയിന്റ് പട്ടികയിൽ റയലിന് പിന്നിലായതോടെ കാര്യങ്ങളുടെ സ്ഥിതി മാറി, ഫ്ലിക്കിന് സമ്മർദ്ദങ്ങളേറി!
റഫീഞ്ഞ തിരിച്ചെത്തിയപ്പോൾ റയലിനോട് പകരം വീട്ടിയത് റഫീഞ്ഞോയുടെ മികവിൽ തന്നെ! അവിടെയും തീർന്നില്ല ബ്രസീലയൻ മാജിക്. തിരിച്ചെത്തിയ മത്സരങ്ങളിൽ റഫീഞ്ഞ പ്ലെയിങ് ഇലവനിലിറങ്ങിയ എട്ട് മത്സരങ്ങളിലും ടീം തോൽവി അറിഞ്ഞില്ല. എട്ട് മത്സരത്തിൽ എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ 36, 73 മിനിറ്റുകളിലായി റയലിന്റെ നെഞ്ച് തുളച്ച് വലയിലേക്ക് കയറി പന്തിന്റെ ഉത്ഭവം റഫീഞ്ഞോയുടെ കാലുകളിൽ നിന്ന്. ലീഗിൽ തലപ്പത്തേക്ക് തിരികെയെത്തി. നേട്ടങ്ങൾ എണ്ണിയെണ്ണി പറയാൻ ഇനിയുമേറെയുണ്ട്.
കാംപ്നൂവിലെ ആഹ്ലാദം ഇനിയും തുടരുമെന്നതിൽ സംശയമില്ല..
English Summary: Raphinha has emerged as a powerful weapon and a vital, indispensable player for FC Barcelona, known for his relentless work rate, tactical discipline, and decisive goal contributions. Under manager Hansi Flick, he has evolved into a world-class forward who consistently delivers in crucial matches.