Sports Special

'ദൈവത്തിന് മറ്റു ചില പദ്ധതികളുണ്ടായിരുന്നു'; കണ്ണുനിറയാതെ, ആത്മവിശ്വാസത്തോടെ സഞ്ജു സാംസൺ പറയുന്നു!

ഇനിയെന്ത് ചെയ്യുമെന്നായിരുന്നു ആലോചനകൾ. പക്ഷേ ഇപ്പോൾ എനിക്കറിയാം. ദൈവത്തിന് മറ്റു ചില പദ്ധതികളുണ്ടായിരുന്നു

Sports Desk

അഹമ്മദാബാദ്: ന്യൂസിലാൻഡിനെതിരായ ആധികാരിക വിജയത്തോടെ ഇന്ത്യ ടി20 ലോകകപ്പ് കിരീടം ചൂടുമ്പോൾ പതിനായിരങ്ങൾ ​ഗ്യാലറിയിലിരുന്ന് ആർപ്പുവിളിച്ച പേര് സഞ്ജു, സഞ്ജു സാംസൺ എന്നായിരുന്നു, ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപക്ഷേ മറ്റൊരു മലയാളി താരവും എത്തിച്ചേരാത്ത കൊടുമുടിയിലാണ് സഞ്ജുവിന്റെ കരിയർ എത്തിനിൽക്കുന്നത്. 10 വർഷത്തോളം നീണ്ട സമ്മർദ്ദങ്ങളും അവ​ഗണനയും ഇനി ഒരുപക്ഷേ സഞ്ജുവിന്റെ കരിയറിനെ പിന്തുടരില്ലെന്ന് ആശ്വസിക്കാം. ലോകകപ്പിൽ ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പിന്നിട്ട വഴികളെ കുറിച്ച് പറയുമ്പോൾ ഈ യാത്രയെ സൂചിപ്പിച്ചത് സ്വപ്നം പോലെയെന്നാണ്.

ഞാൻ ബെഞ്ചിലായിരുന്ന 2024 ലോകകപ്പ് മുതൽ ആഗ്രഹിച്ചതാണ് ഈ നിമിഷം, അത് നേടിയെടുക്കാനായി ഞാൻ കഠിന പ്രയത്നം ചെയ്തു, ചെയ്യാൻ ആഗ്രഹിച്ചതും ഇതു തന്നെയായിരുന്നു
സഞ്ജു സാംസണ്‍

സഞ്ജുവിന്റെ മത്സര ശേഷമുള്ള പ്രതികരണം

'ഇപ്പോൾ ഈ നിമിഷത്തിൽ എനിക്ക് വാക്കുകൾ പിൻബലമില്ല, വികാരങ്ങൾ പിടിച്ചുനിർത്താനാവുന്നില്ല. വാസ്തവത്തിൽ, ഈയൊരു അവസരത്തിനായുള്ള കാത്തിരിപ്പും പ്രയത്നവും ഒന്ന് രണ്ട് വർഷങ്ങൾക്ക് മുൻപേ ആരംഭിച്ചതാണ്. ഞാൻ ബെഞ്ചിലായിരുന്ന 2024 ലോകകപ്പ് മുതൽ ആഗ്രഹിച്ചതാണ് ഈ നിമിഷം, അത് നേടിയെടുക്കാനായി ഞാൻ കഠിന പ്രയത്നം ചെയ്തു, ചെയ്യാൻ ആഗ്രഹിച്ചതും ഇതു തന്നെയായിരുന്നു. ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം മാനസികമായി ഞാൻ തകർന്ന് തരിപ്പണമായിരുന്നു, എന്റെ സ്വപ്നങ്ങൾ പോലും ഇല്ലാതാകുമെന്ന് തോന്നിപ്പോയി. ഇനിയെന്ത് ചെയ്യുമെന്നായിരുന്നു ആലോചനകൾ. പക്ഷേ ഇപ്പോൾ എനിക്കറിയാം. ദൈവത്തിന് മറ്റു ചില പദ്ധതികളുണ്ടായിരുന്നു.'

കിരീടധാരണത്തിലേക്ക് മൂന്ന് ഇന്നിങ്സുകൾ

ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെയാണ് സഞ്ജു സാംസൺ ഇന്ത്യയുടെ ലോകകപ്പ് ഇലവനിലേക്ക് തിരികെ പരീക്ഷിക്കപ്പെടുന്നത്. സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക മത്സരത്തിൽ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം ഇന്ത്യയെ വിജയതീരത്തടുപ്പിച്ചു. പുറത്താവാതെ 97 റൺസ്. അതുവരെ സഞ്ജുവിനെതിരെ ഉയർന്ന വിമർശനങ്ങളെല്ലാം അതോടെ നിറംമങ്ങുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസ്, ഫൈനലിൽ ന്യൂസിലൻഡിനെതിരെ 46 പന്തിൽ 89 റൺസ്. ടൂർണമെന്റിലെ മികച്ച താരം. ടി20 ലോകകപ്പ് റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനം. അങ്ങനെ ഒട്ടനവധി റെക്കോർഡുകൾ വിഴിഞ്ഞത്തുകാരന്റെ പോക്കറ്റിലായി. അഞ്ച് ഇന്നിംഗ്‌സുകൾ മാത്രം കളിച്ച സഞ്ജു 80.25 ശരാശരിയിൽ 321 റൺസാണ് അടിച്ചെടുത്തത്. 199.37 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. തുടർച്ചയായ മൂന്ന് അർധ സെഞ്ച്വറികൾ നേടിയ ഇന്നിങ്സുകളിൽ നിന്നായി പിറന്നത് 24 സിക്‌സറുകൾ.

English Summary: Sanju Samson reflected emotionally after India's dominant T20 World Cup 2026 victory over New Zealand in Ahmedabad, calling the title win a divine plan after years of struggle, bench time, and criticism.