ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ 'പോക്കറ്റ് ഡൈനാമോ'യാണ് 15 കാരൻ വൈഭവ് സൂര്യവൻശി. ടീം ജയിക്കുമ്പോൾ മതിമറന്ന് ആനന്ദിക്കുകയും തോൽക്കുമ്പോൾ കരയുകയും ചെയ്യുന്ന പ്രകൃതക്കാരൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ തോറ്റതിനു പിന്നാലെ ഗ്രൗണ്ടിൽ ഇരുന്ന് കരയുകയായിരുന്നു വൈഭവ്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ രണ്ട് പന്തും നാല് വിക്കറ്റും ശേഷിക്കെ കൊൽക്കത്ത ലക്ഷ്യംകണ്ടു. ഓപ്പണറായ വൈഭവ് തന്നെയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. 28 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 46 റൺസ് നേടിയാണ് വൈഭവ് പുറത്തായത്.
കൊൽക്കത്ത വിജയറൺ കുറിച്ചതിനു പിന്നാലെയാണ് വൈഭവിനെ നിരാശനായി കാണപ്പെട്ടത്. തൊപ്പികൊണ്ട് മുഖംമറച്ച് വൈഭവ് കരയുകയായിരുന്നു. ബൗണ്ടറിക്കു സമീപം ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന വൈഭവിനെ ആശ്വസിപ്പിക്കാൻ കൊൽക്കൊത്തയുടെ ഫീൽഡിങ് പരിശീലകനായ ദിശാന്ത് യാഗ്നിക് ഓടിയെത്തിയത് ഏറെ ഹൃദ്യമായ കാഴ്ചയായി. കഴിഞ്ഞ സീസണിൽ രാജസ്ഥാനോടൊപ്പമായിരുന്ന യാഗ്നിക്, വൈഭവിനെ പ്പോലെയുള്ള യുവതാരങ്ങളെ ടീമിലെത്തിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു.
വൈഭവ് നിരാശനായി ഇരിക്കുന്നത് കണ്ടാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ സ്റ്റാഫ് അംഗം താരത്തിനു സമീപമെത്തിയത്. തോളിലൂടെ കൈയിട്ട് വൈഭവിനെ ആശ്വസിപ്പിക്കുകയും അൽപ്പനേരം സംസാരിക്കുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഔട്ടായാലും ടീം തോറ്റാലും വികാരങ്ങൾ മറച്ചുവയ്ക്കാത്ത താരമാണ് വൈഭവ് എന്നാണ് വീഡിയോയ്ക്കു താഴെ ക്രിക്കറ്റ് ആരാധകരുടെ കമന്റ്. നന്നായി ബാറ്റ് ചെയ്തിട്ടും ടീം തോൽക്കുമ്പോൾ എത്ര വലിയ താരത്തിനു ആയാലും വേദനയും നിരാശയും ഉണ്ടാകുമെന്നും അങ്ങനെയൊരു സ്വാഭാവിക കാഴ്ചയാണ് കാണുന്നതെന്നും ആരാധകർ പറയുന്നു.
English summary: In an IPL match between Rajasthan Royals and Kolkata Knight Riders, 15-year-old Vaibhav Suryavanshi became emotional after his team’s defeat, despite scoring a team-high 46 runs. He was seen sitting alone near the boundary, visibly upset and in tears. In a heartwarming moment, a member of the opposing team’s staff approached him, offered comfort, and spoke with him briefly. The video quickly went viral, with fans appreciating both the young player’s passion and the sportsmanship shown by the rival team.