Sports

വൈഭവിന് ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറാൻ സമയമായിട്ടില്ല; നിരീക്ഷകരുടെ തിടുക്കത്തെ വിമർശിച്ച് ആർ അശ്വിൻ

15-കാരൻ വൈഭവ് സൂര്യവംശിയെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തള്ളിവിടരുതെന്നും ശരിയായ സമയത്തിനായി കാത്തിരിക്കണമെന്നും ആർ. അശ്വിൻ

Sports Desk

വൈഭവ് സൂര്യവംശിയെ ദേശീയ ടീമിലേക്ക് തിടുക്കപ്പെട്ട് വിളിക്കരുതെന്ന് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഗുവാഹത്തിയിലെ പ്രയാസമേറിയ പിച്ചിൽ വെറും 15 പന്തിൽ അർദ്ധസെഞ്ച്വറി നേടി താരം ഏവരെയും ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 2026 ഐപിഎൽ സീസണിന് ശേഷം സൂര്യവംശിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് കൈഫ്, മൈക്കൽ വോൺ തുടങ്ങിയ വാദിച്ചത്, എന്നാൽ വിഷയത്തിൽ അശ്വിന്റേത് വിപരീതമായ നിലപാടായിരുന്നു.

വൈഭവ് പക്വതയെത്തും മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തള്ളിവിടരുതെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വിൻ ആവശ്യപ്പെട്ടു. വെറുമൊരു കുട്ടിയായ വൈഭവിന് മുന്നിൽ വലിയ ലക്ഷ്യങ്ങൾ വെച്ച് സമ്മർദ്ദത്തിലാക്കരുത്. 40 വയസ്സുവരെ കളിക്കുകയാണെങ്കിൽ പോലും രണ്ടര പതിറ്റാണ്ടോളം നീളുന്ന കരിയർ അവന്റെ മുന്നിലുണ്ട്. കഴിവുള്ള താരം ആയതുകൊണ്ട് തന്നെ വൈഭവ് ഭാവിയിൽ തീർച്ചയായും ഇന്ത്യയ്ക്കായി കളിക്കുമെന്നും, എന്നാൽ ശരിയായ സമയം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടതെന്നും അശ്വിൻ വ്യക്തമാക്കി.

കൗമാര ലോകകപ്പിലെ മികച്ച പ്രകടനം സൂര്യവംശിയെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച താരം, 14-ാം വയസ്സിൽ സെഞ്ച്വറി നേടി ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി നേട്ടക്കാരനായി മാറിയിരുന്നു. ഇന്ത്യൻ അണ്ടർ-19 ടീമിനായും എ ടീമിനായും മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. വൈഭവിന്റെ ഷോട്ട് സെലക്ഷനും ആക്രമണോത്സുകതയെയും അശ്വിൻ വാനോളം പുകഴ്ത്തി. മറ്റ് ബാറ്റർമാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ പിച്ചിലാണ് വൈഭവ് അനായാസം ബാറ്റ് ചെയ്തതെന്നത് ശ്രദ്ധേയമാണെന്നും അശ്വിൻ പറഞ്ഞു.

വൈഭവ് സൂര്യവംശിയുടെ സാന്നിധ്യം രാജസ്ഥാൻ റോയൽസിനെ ഈ വർഷത്തെ കിരീടപ്പോരാട്ടത്തിൽ കരുത്തരാക്കുന്നുവെന്നും മുൻ ചെന്നൈ താരം കൂടിയായ അശ്വിന്റെ വിലയിരുത്തൽ. ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ സൂര്യവംശിയുടെ പ്രകടനം കണ്ട് എതിർടീം പോലും നിസ്സഹായാവസ്ഥയിലായെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ റോയൽസ് ടൂർണമെന്റിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് നിലവിൽ പുറത്തെടുക്കുന്നതെന്നും അശ്വിൻ കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതീരെ രാജസ്ഥാൻ റോയൽസ് എട്ട് വിക്കറ്റിനാണ് വിജയ തുടക്കം കുറിച്ചത്. സൂപ്പർ കിംഗ്‌സിനെ 127 റൺസിന് ഓൾഔട്ടാക്കിയ രാജസ്ഥാൻ 12.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കിയിരുന്നു.

English Summary: Former India spinner Ravichandran Ashwin has advised against rushing teenage batting sensation Vaibhav Suryavanshi into the Indian national team. Ashwin believes the 15-year-old should be given time to mature despite his explosive performances for Rajasthan Royals in the IPL.