

2022-ൽ ഐപിഎൽ വേദിയിൽ അരങ്ങേറ്റം കുറിച്ച ലക്നൗ സൂപ്പർ ജയന്റ്‌സ് തങ്ങളുടെ അഞ്ചാം സീസണിലേക്ക് കടക്കുന്നത് വലിയ പ്രതീക്ഷകളുമായാണ്. ആദ്യ സീസണുകളിൽ പ്ലേ ഓഫ് യോഗ്യത നേടി കരുത്തറിയിച്ചെങ്കിലും, നിർണ്ണായക ഘട്ടങ്ങളിൽ കാലിടറുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീം, ഇത്തവണ പുതിയ ജേഴ്സിയിലും ലോഗോയിലും കൂടുതൽ ആത്മവിശ്വാസത്തോടെയാണ് എത്തുന്നത്. 27 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഋഷഭ് പന്ത് പ്രതീക്ഷയ്ക്കൊത്ത ഉയർന്നാൽ കാര്യങ്ങൾ എളുപ്പമായിരിക്കും.
ടീമിന്റെ മൊത്തത്തിലുള്ള ഘടന പരിശോധിക്കുമ്പോൾ സ്റ്റാർ വാല്യൂ ഉള്ള വിദേശ താരങ്ങളുടെയും യുവ ഇന്ത്യൻ പ്രതിഭകളുടെയും സമ്മിശ്ര രൂപമാണ് കാണാൻ സാധിക്കുക. ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം, ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ് എന്നിവർ നയിക്കുന്ന ബാറ്റിംഗ് നിര ശക്തമാണ്. കഴിഞ്ഞ സീസണിൽ 196 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 500-ഓളം റൺസ് അടിച്ചുകൂട്ടിയ വിൻഡീസ് താരം നിക്കോളാസ് പൂരന്റെ സാന്നിധ്യം മധ്യനിരയ്ക്ക് കരുത്തേകും. വെറ്ററൻ പേസർ മുഹമ്മദ് ഷമിയാണ് ബൗളിംഗ് നിരയ്ക്ക് നേതൃത്വം നൽകുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള ഷമിക്കൊപ്പം, ആകാശ് സിംഗ്, മായങ്ക് യാദവ് തുടങ്ങിയ യുവ പേസർമാരും ചേരുന്നതോടെ ബൗളിങ് സ്ക്വാഡ് ശരാശരി മികവിലേക്കെത്തും.
ബാറ്റിംഗിലെ സ്ഫോടനാത്മകത തന്നെയാണ് ലക്നൗവിന്റെ തുറുപ്പു ചീട്ട്. മിച്ചൽ മാർഷും എയ്ഡൻ മാർക്രവും നൽകുന്ന പവർപ്ലേ വെടിക്കെട്ട് ടീമിന് വലിയ സ്കോറുകൾ സമ്മാനിക്കാൻ കെൽപ്പുള്ളതാണ്. പ്രത്യേകിച്ച്, കൃത്യമായ ക്രിക്കറ്റിംഗ് ഷോട്ടുകളിലൂടെ കൂടുതൽ ആക്രമണകാരിയായ ബാറ്ററായി മാറിയ മാർക്രമിന്റെ ഫോം നിർണ്ണായകമാണ്. കൂടാതെ, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച നിക്കോളാസ് പൂരൻ തന്റെ മുഴുവൻ ശ്രദ്ധയും ഐപിഎല്ലിൽ കേന്ദ്രീകരിക്കുന്നത് ടീമിന് ഗുണകരമാകും. നായകൻ ഋഷഭ് പന്ത് മൂന്നാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങുകയാണെങ്കിൽ അത് ടീമിന്റെ ബാറ്റിംഗ് ഓർഡറിന് കൂടുതൽ സ്ഥിരത നൽകും. പന്തിന്റെ സ്വാഭാവികമായ ശൈലിയും കളി മാറ്റാനുള്ള ശേഷിയും ടീമിന്റെ എക്സ്-ഫാക്ടറായി വിലയിരുത്തപ്പെടുന്നു.
ശക്തമായ ബാറ്റിംഗ് നിരയുണ്ടെങ്കിലും ചില ആശങ്കകൾ ലക്നൗവിനെ അലട്ടുന്നുണ്ട്. ബൗളിംഗ് നിരയിലെ പ്രമുഖ താരങ്ങളുടെ ഫിറ്റ്‌നസ് ആണ് ഇതിൽ പ്രധാനം. മുഹമ്മദ് ഷമി, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ എന്നിവർ പരുക്കിന്റെ പിടിയിലായിരുന്നതിനാൽ അവർക്ക് മത്സരപരിചയം കുറവാണ്. സ്പിൻ വിഭാഗത്തിലും ടീം വെല്ലുവിളികൾ നേരിടുന്നുണ്ട്; ടീമിൽ സ്പെഷ്യലിസ്റ്റ് ഓഫ് സ്പിന്നർമാരുടെ അഭാവവും പ്രകടമാണ്. ഒന്നാം നമ്പർ സ്പിന്നറായ് വാനിന്ദു ഹസരംഗ ഫിറ്റ്‌നസ് ടെസ്റ്റ് പാസാകാത്തത് വലിയ തലവേദനയാണ്. കൂടാതെ യുവ ലെഗ് സ്പിന്നർ ദിഗ്‌വിഷ് രാഠി കഴിഞ്ഞ സീസണിൽ വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും അച്ചടക്ക നടപടികൾ നേരിടേണ്ടി വന്നത് ടീമിന് തിരിച്ചടിയായിരുന്നു. മധ്യനിരയിലെ ഇന്ത്യൻ യുവതാരങ്ങളായ ആയുഷ് ബദോനി, അബ്ദുൾ സമദ് എന്നിവരുടെ അനുഭവസമ്പത്തില്ലായ്മയും പരിഹരിക്കപ്പെടേണ്ടതുണ്ട്.
ചുരുക്കത്തിൽ, ലക്നൗ സൂപ്പർ ജയന്റ്‌സിന് ഈ സീസൺ തങ്ങളുടെ മൂല്യം തെളിയിക്കാനുള്ള വലിയൊരു പരീക്ഷണമാണ്. ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിടുന്ന ഋഷഭ് പന്തിന് ഈ സീസണിലെ പ്രകടനം അതിനിർണ്ണായകമാണ്. മികച്ച വിദേശ താരങ്ങളുടെ ഫോമും പന്തിന്റെ നായകത്വവും ഒത്തുചേർന്നാൽ ലക്നൗവിന് പ്ലേ ഓഫ് സാധ്യതകൾ വർദ്ധിപ്പിക്കാം. എന്നിരുന്നാലും, ബൗളർമാരുടെ ഫിറ്റ്‌നസും നിർണ്ണായക ഘട്ടങ്ങളിലെ സമ്മർദ്ദവും അതിജീവിക്കുക എന്നതാകും ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. സീസണിന്റെ തുടക്കത്തിൽ തന്നെ താളം കണ്ടെത്താൻ സാധിച്ചാൽ നവാബുകളുടെ പടയ്ക്ക് ഇത്തവണ കിരീട പ്രതീക്ഷകളുണ്ടാകും.
English Summary: Lucknow Super Giants enter IPL 2026 with renewed confidence under Rishabh Pant’s leadership. With a strong batting lineup and fresh squad changes, the team aims to overcome past inconsistencies. However, bowling fitness concerns remain a key challenge in their title quest.