

ഐപിഎൽ ചരിത്രത്തിലെ സുവർണ്ണ അധ്യായങ്ങൾ രചിച്ച ചെന്നൈ സൂപ്പർ കിംഗ്‌സ്, 2026 സീസണിൽ പുതിയ ചരിത്രമെഴുതാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ പ്ലേ ഓഫ് കാണാതെ പുറത്തായതിന്റെ നിരാശയും, തങ്ങളുടെ കോട്ടയായ ചെപ്പോക്കിലെ ആധിപത്യത്തിനേറ്റ തിരിച്ചടിയും ഇത്തവണ തിരുത്തുകയാവും 'യെല്ലോ ആർമി'യുടെ പ്രാഥമിക ലക്ഷ്യം. ഇത്തവണത്തെ ഏറ്റവും വലിയ ചർച്ചാവിഷയം മലയാളി താരം സഞ്ജു സാംസണിന്റെ വരവാണ്. രാജസ്ഥാൻ റോയൽസിൽ നിന്നും നിർണായക നീക്കങ്ങളിലൂടെ ചെന്നൈയിലെത്തിയ സഞ്ജുവിനെ, ഇതിഹാസ താരം എം.എസ്. ധോണിയുടെ യഥാർത്ഥ പിൻഗാമിയായാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. 'തല'യുടെ തണലിൽ, സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തും തന്ത്രങ്ങളും ചെന്നൈക്ക് പുതിയൊരു ഊർജ്ജം പകരുമെന്നുറപ്പ്. പരുക്കിന്റെ വെല്ലുവിളികൾ അതിജീവിച്ച് നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് പൂർണ്ണ സജ്ജനായി തിരിച്ചെത്തുകയും ചെയ്യുന്നതോടെ ചെന്നൈയുടെ ബാറ്റിംഗ് നിര കൂടുതൽ ഭദ്രമാകും. രവീന്ദ്ര ജഡേജയുടെ അഭാവം ടീമിന് സാരമായ ആഘാതം സൃഷ്ടിക്കുമെങ്കിലും, അനുഭവസമ്പത്തും യുവത്വവും കൃത്യമായി സമന്വയിപ്പിച്ചുകൊണ്ട് ഏതൊരു പ്രതിസന്ധിയെയും മറികടക്കാൻ കെൽപ്പുള്ള ഇലവനെയാവും മാനേജ്‌മെന്റ് ഇത്തവണ കളത്തിലിറക്കുക.
ടീമിന്റെ ഘടന നോക്കുമ്പോൾ ലേലത്തിലും ട്രേഡിലും ചെന്നൈ നടത്തിയ നീക്കങ്ങൾ വളരെ വ്യക്തമായ ദീർഘവീക്ഷണത്തോടുള്ളതായിരുന്നു. 14.20 കോടി രൂപ വീതം നൽകി സ്വന്തമാക്കിയ പ്രശാന്ത് വീർ, കാർത്തിക് ശർമ്മ എന്നിവർ ടീമിന്റെ ഭാവിയെ മുൻനിർത്തി നടത്തിയ നീക്കങ്ങളുടെ പ്രതിഫലനങ്ങളാണ്. സഞ്ജു സാംസൺ ടോപ് ഓഡറിൽ വരുമെന്ന സൂചനകളാണ് ടീം വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നത്. സഞ്ജുവും യുവതാരം ആയുഷ് മാത്രയും ചേർന്ന് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുമ്പോൾ, മൂന്നാം നമ്പറിൽ നായകൻ ഗെയ്‌ക്‌വാദ് ഇന്നിംഗ്‌സിന് നങ്കൂരമിടും. മധ്യനിരയിൽ പവർ ഹിറ്റർമാരായ ശിവം ദുബെയും ഡെവാൾഡ് ബ്രെവിസും ടീമിന് ആവശ്യമായ വേഗത നൽകും. വിക്കറ്റിന് പിന്നിൽ ധോണി എന്ന 'മഹാഗുരു' ഇപ്പോഴും ടീമിന്റെ കരുത്തായി നിലകൊള്ളുകയാണ്. ബൗളിംഗ് സ്ക്വാഡിൽ അഖീൽ ഹൊസൈൻ (2 കോടി), മാറ്റ് ഹെൻറി (2 കോടി), രാഹുൽ ചഹർ (5.2 കോടി) എന്നിവർ ടീമിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നുണ്ട്. പവർ പ്ലേ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്താൻ മാറ്റ് ഹെൻറിയുടെ സാന്നിധ്യം നിർണായകമായേക്കും. സർഫറാസ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് ചൗധരി തുടങ്ങിയ ഇന്ത്യൻ താരങ്ങൾ കൂടി ചേരുമ്പോൾ ടീം ബാലൻസ്ഡ് ആകും. ജഡേജയുടെ അസാന്നിധ്യം മറികടക്കാൻ പ്രശാന്ത് വീറിനും ശിവം ദുബെയ്ക്കും സാധിക്കുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.
അതേസമയം സാങ്കേതികമായ ചില വെല്ലുവിളികൾ ബൗളിംഗ് നിരയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മതീഷ പതിരണയെ പോലെയുള്ള ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റിന്റെ അഭാവം ടീമിന് വെല്ലുവിളിയാകാം. നഥാൻ എല്ലിസ്, മാറ്റ് ഹെൻറി എന്നിവർക്കൊപ്പം ഇന്ത്യൻ പേസർമാരായ ഖലീൽ അഹമ്മദും, അൻഷുൽ കംബോജും എങ്ങനെ ഡെത്ത് ഓവറുകൾ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും ചെന്നൈയുടെ വിജയസാധ്യതകൾ. നൂറിനും ചഹറിനും പുറമെ കൂടുതൽ സ്പിൻ ഓപ്ഷനുകൾ വേണമെന്നുണ്ടെങ്കിൽ ടീമിന് മാറ്റ് ഹെൻറിയെയോ ബെഞ്ചിലിരുത്തി അഖീൽ ഹൊസൈനെ ഉൾപ്പെടുത്തേണ്ടി വരും. ഇംപാക്ട് പ്ലെയർ നിയമം ഉപയോഗിച്ച് ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്താനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ടോസിന്റെ അടിസ്ഥാനത്തിൽ കാർത്തിക് ശർമ്മയെയോ ഖലീൽ അഹമ്മദിനെയോ ഇത്തരത്തിൽ മാറ്റം വരുത്തി ടീമിന് ഗുണകരമാക്കാൻ സാധിക്കും. ശരാശരി പ്രായം 25-26 വയസ്സായി കുറഞ്ഞത് ടീമിന് മൈതാനത്ത് കൂടുതൽ ചുറുചുറുക്കും വേഗതയും നൽകും. ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ മുൻഗണന നൽകുന്ന ചെന്നൈയുടെ പരമ്പരാഗത ശൈലി ഇത്തവണ തുടരുമ്പോഴും, വിദേശ താരങ്ങളെ കൃത്യമായ ദൗത്യങ്ങൾ ഏൽപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ല.
ചുരുക്കത്തിൽ, ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ലക്ഷ്യമിടുന്നത് കേവലം ഒരു പ്ലേ ഓഫ് പ്രവേശനം മാത്രമല്ല, മറിച്ച് തങ്ങളുടെ നഷ്ടപ്പെട്ട സിംഹാസനം തിരിച്ചുപിടിക്കുക എന്നത് കൂടിയാണ്. ധോണിയുടെ അവസാന കാലഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് നൽകുന്ന മാനസികമായ പിന്തുണ വാക്കുകൾക്ക് അപ്പുറമാണ്. സഞ്ജു സാംസണെ പോലെയുള്ള മാച്ച് വിന്നർ ടീമിലെത്തിയത് ബാറ്റിംഗ് നിരയുടെ ഗതി തന്നെ മാറ്റാൻ പര്യാപ്തമാണ്. ബാറ്റിംഗിലെ കരുത്തും യുവത്വത്തിന്റെ ആവേശവും ഒത്തുചേരുമ്പോൾ ചെന്നൈ ഇത്തവണ ടൂർണമെന്റിലെ ഏറ്റവും അപകടകാരികളായ ടീമായി മാറാനാണ് സാധ്യത. ഫ്ലാറ്റ് പിച്ചുകളിൽ ബൗളർമാർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ അതിജീവിക്കാൻ ഗെയ്‌ക്‌വാദിന്റെ തന്ത്രജ്ഞതയ്ക്കും ധോണിയുടെ അനുഭവസമ്പത്തിനും സാധിക്കുമെന്നാണ് വിശ്വാസം. കാർത്തിക് ശർമ്മയെയും പ്രശാന്ത് വീറിനെയും പോലെയുള്ള വൻ തുകയ്ക്ക് വാങ്ങിയ യുവതാരങ്ങൾ തങ്ങളുടെ മൂല്യം തെളിയിക്കുന്ന പക്ഷം ചെന്നൈയ്ക്ക് കിരീടത്തിലേക്കുള്ള വഴി എളുപ്പമാകും. ഐപിഎൽ ആരാധകർ കാത്തിരിക്കുന്ന ആവേശകരമായ ഒരു തിരിച്ചുവരവിന് ചെന്നൈ സൂപ്പർ കിംഗ്‌സ് സജ്ജമായിക്കഴിഞ്ഞു. ഈ മാറ്റങ്ങൾ ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണുകളെ വലിയ രീതിയിൽ സ്വാധീനിക്കും എന്നതിൽ സംശയമില്ല.
നിലനിർത്തിയ താരങ്ങൾ: ഋതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), എം.എസ്. ധോണി, ആയുഷ് മാത്രേ, ഡെവാൾഡ് ബ്രെവിസ്, രാമകൃഷ്ണ ഘോഷ്, ശിവം ദുബെ, ഉർവിൽ പട്ടേൽ, അൻഷുൽ കംബോജ്, ഖലീൽ അഹമ്മദ്, മുകേഷ് ചൗധരി, നഥാൻ എല്ലിസ്, നൂർ അഹമ്മദ്, ശ്രേയസ് ഗോപാൽ, ഗുർജപ്നീത് സിംഗ്, ജാമി ഓവർട്ടൺ.
ലേലത്തിൽ വാങ്ങിയ താരങ്ങൾ: അഖീൽ ഹൊസൈൻ, പ്രശാന്ത് വീർ, കാർത്തിക് ശർമ്മ, മാത്യു ഷോർട്ട്, അമൻ ഖാൻ, സർഫറാസ് ഖാൻ, മാറ്റ് ഹെൻറി, രാഹുൽ ചഹർ, സാക് ഫൗൾക്സ്.
മികച്ച പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ, ആയുഷ് മാത്രേ, ഋതുരാജ് ഗെയ്‌ക്‌വാദ്(C), ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, കാർത്തിക് ശർമ്മ, പ്രശാന്ത് വീർ, എം.എസ്. ധോണി(Impact player, W), നൂർ അഹമ്മദ്, മാറ്റ് ഹെൻറി, നഥാൻ എല്ലിസ്, ഖലീൽ അഹമ്മദ്
English Summary: Chennai Super Kings are aiming for a strong comeback in IPL 2026 with Sanju Samson joining the squad and MS Dhoni continuing as a guiding force. With a balanced mix of youth and experience, CSK look to reclaim their dominance despite some bowling challenges