Technology

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൈവിട്ടുപോകുന്നു; 2027 കോവിഡിനേക്കാള്‍ ഭീകരമായേക്കാം, ഭക്ഷണവും പണവും കരുതിവയ്ക്കാന്‍ നിര്‍ദേശിച്ച് എഐ ഗവേഷകന്‍

എഐ രാജ്യങ്ങളുടെ നിര്‍ണ്ണായക അടിസ്ഥാന സൗകര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാം എന്നതാണ് ഒന്നാമത്തേത്. വിധ്വംസക ശക്തികളും തീവ്രവാദികളും മാരകമായ ജൈവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചേക്കാം എന്നതാണ് രണ്ടാമത്തെ ഭീഷണി.

Madism Desk

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറത്തേക്ക് വളരുകയാണെന്നും 2027-ല്‍ കോവിഡ് മഹാമാരിയേക്കാള്‍ വലിയൊരു പ്രതിസന്ധി ലോകത്തെ കാത്തിരിക്കുന്നുണ്ടെന്നും പ്രമുഖ എഐ ഗവേഷകന്റെ മുന്നറിയിപ്പ്. അടിയന്തര സാഹചര്യം നേരിടാനായി രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണവും വെള്ളവും കറന്‍സി നോട്ടുകളും വീട്ടില്‍ കരുതിവയ്ക്കാന്‍ കുടുംബത്തോട് നിര്‍ദേശിച്ചുകൊണ്ട് ഗവേഷകന്‍ നിക്കോള ജുര്‍ക്കോവിച്ച് എക്‌സില്‍ പങ്കുവെച്ച തുറന്ന കത്ത് ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. നൂതന എഐ സംവിധാനങ്ങളുടെ ഗുരുതരമായ അപകടസാധ്യതകള്‍ പരിശോധിക്കുന്ന സ്ഥാപനമായ 'മെറ്ററിലെ'ടെക്‌നിക്കല്‍ സ്റ്റാഫ് അംഗമാണ് നിക്കോള ജുര്‍ക്കോവിച്ച്.

നിയന്ത്രണം നഷ്ടപ്പെടുന്ന എഐ ലോകം

ഈ വര്‍ഷം തന്നെ എഐ സംവിധാനങ്ങള്‍ നിരവധി കമ്പനികള്‍ ഹാക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ക്ക് കാരണമായിട്ടുണ്ടെന്ന് ജുര്‍ക്കോവിച്ച് തന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവരെയുണ്ടായ നാശനഷ്ടങ്ങള്‍ പ്രധാനമായും സാമ്പത്തിക മേഖലയിലായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം എഐ വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ക്കും ഒരുപക്ഷേ നിരവധി മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നതിനും കാരണമായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ സാധ്യതയുള്ള മൂന്ന് പ്രധാന വഴികള്‍ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. എഐ രാജ്യങ്ങളുടെ നിര്‍ണ്ണായക അടിസ്ഥാന സൗകര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാം എന്നതാണ് ഒന്നാമത്തേത്. വിധ്വംസക ശക്തികളും തീവ്രവാദികളും മാരകമായ ജൈവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചേക്കാം എന്നതാണ് രണ്ടാമത്തെ ഭീഷണി. ഭരണാധികാരികളും പ്രധാന നേതാക്കളും നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം യന്ത്രങ്ങള്‍ക്ക് വിട്ടുനല്‍കിയേക്കാം എന്നതാണ് മൂന്നാമത്തെ അപകടസാധ്യത.

2027-ലെ പ്രവചനങ്ങളും നിലനില്‍പ്പിന്റെ ഭീഷണിയും

കര്‍ശനമായ ആഗോള നിയമങ്ങളില്ലെങ്കില്‍, 2027-ഓടെ എഐ സ്വയം മെച്ചപ്പെടുത്താന്‍ തുടങ്ങുമെന്നും ഭൂമിയിലെ ഏറ്റവും ബുദ്ധിമാന്മാരായ മനുഷ്യരെ പോലും മറികടക്കുമെന്നും ജുര്‍ക്കോവിച്ച് പ്രവചിക്കുന്നു. അത്തരമൊരു 'സൂപ്പര്‍ ഇന്റലിജന്‍സ്' സംവിധാനം മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായേക്കാം. വലിയ തോതിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍, 2030 അവസാനിക്കുന്നതിന് മുന്‍പ് മനുഷ്യരാശി നശിപ്പിക്കപ്പെടാനോ അധികാരരഹിതരാക്കപ്പെടാനോ ഉള്ള സാധ്യത വളരെ വലുതാന്നെന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു. 2027 അവസാനത്തോടെ ആളുകള്‍ക്ക് അവധിദിനങ്ങള്‍ ആഘോഷിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകാന്‍ അഞ്ചു മുതല്‍ 20 ശതമാനം വരെ സാധ്യതയുണ്ടെന്നും അദ്ദേഹം തന്റെ വ്യക്തിപരമായ വിലയിരുത്തലായി പങ്കുവയ്ക്കുന്നു.

തൊഴിലില്ലായ്മയും സാമ്പത്തിക പ്രത്യാഘാതങ്ങളും

മനുഷ്യരാശി ഈ പ്രതിസന്ധിയെ അതിജീവിച്ചാല്‍ പോലും, ആഗോള സമ്പദ്വ്യവസ്ഥ പൂര്‍ണ്ണമായും കീഴ്‌മേല്‍ മറിയുമെന്ന് ജുര്‍ക്കോവിച്ച് മുന്നറിയിപ്പ് നല്‍കുന്നു. നിലവിലുള്ള മിക്ക ജോലികളും അപ്രത്യക്ഷമാകുമെന്നും 10 വര്‍ഷത്തിനുള്ളില്‍ ലോകജനതയുടെ ഭൂരിഭാഗവും തൊഴില്‍രഹിതരാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു. വിദ്യാഭ്യാസം, കരിയര്‍ തുടങ്ങി കുടുംബജീവിതം ആരംഭിക്കുന്നത് വരെയുള്ള അടുത്ത ഒന്നു മുതല്‍ അഞ്ച് വര്‍ഷത്തേക്കുള്ള സാധാരണക്കാരുടെ പദ്ധതികള്‍ താളംതെറ്റിയേക്കാം. ചെറിയ കുട്ടികളുള്ള തന്റെ സുഹൃത്തുക്കള്‍, തങ്ങളുടെ മക്കള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ജീവിച്ചിരിക്കുമോ എന്ന് പോലും ആശങ്കപ്പെടുന്നതായി അദ്ദേഹം കുറിച്ചു.

ഈ സാഹചര്യത്തില്‍ അദ്ദേഹം ചില ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്നതിനായി കറന്‍സി നോട്ടുകളും ഏകദേശം രണ്ടാഴ്ചത്തേക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും വീട്ടില്‍ കരുതിവയ്ക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. കോവിഡ് മഹാമാരിയേക്കാള്‍ വലിയ പ്രതിസന്ധിയാകും അടുത്ത വര്‍ഷം ലോകത്തെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ആഗോള നിയമങ്ങള്‍ക്കായുള്ള അടിയന്തര ആഹ്വാനം

എഐ രംഗത്തെ അനിയന്ത്രിതമായ മത്സരം മന്ദഗതിയിലാക്കാന്‍ കര്‍ശനമായ ആഗോള നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നതാണ് ഏക പോംവഴിയെന്ന് ജുര്‍ക്കോവിച്ച് നിര്‍ദേശിക്കുന്നു. വിരലിലെണ്ണാവുന്ന അമേരിക്കന്‍ കമ്പനികളാണ് എഐ വികസനത്തിന് നേതൃത്വം നല്‍കുന്നതെങ്കിലും അമേരിക്കന്‍ കമ്പനികള്‍ പോലും പിന്തുടരുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ യൂറോപ്പിന് കഴിയുമെന്നതിന്റെ തെളിവായി അദ്ദേഹം യൂറോപ്യന്‍ യൂണിയന്റെ എഐ നിയമത്തെ ചൂണ്ടിക്കാട്ടുന്നു.

എഐ ഉയര്‍ത്തുന്ന അപകടങ്ങളെക്കുറിച്ച് സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യാനും ആഗോള നിയമങ്ങള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്താനും അദ്ദേഹം സാധാരണക്കാരോട് അഭ്യര്‍ത്ഥിച്ചു. ഓരോ ദിവസവും ജീവന്മരണ പോരാട്ടമായി തോന്നുന്ന ഒരു യുദ്ധത്തിലെ സൈനികരെപ്പോലെ, എഐ സുരക്ഷയ്ക്കായി തങ്ങളുടെ കരിയര്‍ മാറ്റിവയ്ക്കാന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, സാമ്പത്തിക വിദഗ്ധര്‍, തത്ത്വചിന്തകര്‍ എന്നിവരോടും അദ്ദേഹം ആഹ്വാനം ചെയ്തു.

തന്റെ സഹപ്രവര്‍ത്തകരില്‍ ചിലരേക്കാള്‍ ഉയര്‍ന്ന അപകടസാധ്യതയാണ് താന്‍ കാണുന്നതെന്ന് ജുര്‍ക്കോവിച്ച് മുന്‍പും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സാങ്കേതിക ലോകത്തെ പ്രമുഖരും സമാനമായ ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്. മനുഷ്യരാശി 'വലിയ അപകടങ്ങളിലേക്കാണ് കുതിക്കുന്നത്' എന്ന് എഐ പയനിയറായ യോഷുവ ബെന്‍ജിയോ അടുത്തിടെ പറഞ്ഞിരുന്നു. മനുഷ്യര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിന് മുന്‍പ് സൂപ്പര്‍ ഇന്റലിജന്‍സ് നിര്‍മ്മിക്കുന്നതിനെതിരെ എഐയുടെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റണും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എഐ വികസനം സാവധാനത്തിലാക്കണമെന്നും സ്വതന്ത്രമായ സുരക്ഷാ പരിശോധനകള്‍ വേണമെന്നും സിഇഒ സാം ആള്‍ട്ട്മാന്റെ പിന്തുണയോടെ ഓപ്പണ്‍ എഐയിലെ യാക്കൂബ് പച്ചോക്കി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, അടുത്ത ഒന്നു മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്‍ട്രി-ലെവല്‍ വൈറ്റ് കോളര്‍ ജോലികളുടെ പകുതിയും എഐ ഇല്ലാതാക്കുമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയും മുന്നറിയിപ്പ് നല്‍കുന്നു.

AI researcher Nikola Jurkovich has warned that artificial intelligence could trigger a global crisis in 2027, potentially worse than the COVID-19 pandemic. In an open letter shared on X, he advised families to keep two weeks' worth of food, water and cash for emergencies. He highlighted risks including cyberattacks, biological threats, loss of human control over advanced AI systems and widespread unemployment. He also called for strict global regulations to address the potential dangers of rapidly advancing AI technology.