Technology

പുതിയ പരീക്ഷണവുമായി ആപ്പിൾ; ഐഫോൺ ചിപ്പിൽ ബ‌ഡ്ജറ്റ് മാക്ബുക്ക്

ബഡ്ജറ്റ് യൂസേഴ്സിനെ ലക്ഷ്യമിട്ട് ഐഫോൺ ചിപ്പുള്ള മാക്‌ബുക്ക് നിയോ

Madism Desk

ബഡ്ജറ്റ് നിരക്കിൽ പുതിയ ലാപ്‌ടോപ്പായ മാക്‌ബുക്ക് നിയോ പുറത്തിറക്കി ആപ്പിൾ. എം-സീരീസ് ചിപ്പുകൾക്ക് പകരം ഐഫോണുകളിൽ ഉപയോഗിക്കുന്ന എ-സീരീസ് ചിപ്പ് ഉൾപ്പെടുത്തിയതാണ് പുതിയ മോഡൽ വിപണിയിൽ പരീക്ഷണത്തിനെത്തുക. നിലവിലുള്ള മാക്ബുക്ക്, മാക്ബുക്ക് എയർ മോഡലുകളേക്കാൾ വിലകുറച്ചാണ് പുതിയ മോഡലുകളെത്തുന്നത്. നിലവിൽ ഇന്ത്യയിലെ വിപണിയിൽ പുതിയ മോഡലുകൾ എപ്പോൾ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

13 ഇഞ്ച് ഡിസ്പ്ലേയോടെയാണ് മാക്‌ബുക്ക് നിയോ എത്തുന്നത്. ഐഫോൺ 16 പ്രോയിൽ ഉപയോഗിച്ച എ18 പ്രോ ചിപ്പ്, 8 ജിബി റാം, 256 ജിബി മുതൽ 512 ജിബി വരെയുള്ള സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകൾ. സാധാരണ ഉപയോഗങ്ങൾക്ക് അനുയോജ്യമായ മോഡലാണിതെന്നാണ് വിലയിരുത്തൽ. ഏകദേശം 12 മുതൽ 16 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് ലഭ്യമാകുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഡിസൈൻ കാര്യത്തിൽ മാക്‌ബുക്ക് എയർ, പ്രോ മോഡലുകളുമായി സാമ്യമുള്ള അലുമിനിയം ബോഡി, ചെറിയ ഡിസൈൻ ലൈനുകളും എന്നിവ നിലനിർത്തിയിട്ടുണ്ട്. നിലവിലെ എയറിനെക്കാൾ അല്പം ചെറുതും 10 ഗ്രാം വരെ ഭാരം കുറവുമായിരുന്നാലും, 1.4 മില്ലിമീറ്റർ കൂടുതൽ കട്ടിയുള്ളതാണ്. ആപ്പിൾ പുറത്തിറക്കിയ ഏറ്റവും കുറഞ്ഞ വിലയുള്ള മാക്‌ബുക്ക് മോഡലുകളിലൊന്നായയിത് ഏകദേശം 599 ഡോളർ മുതൽ വില ആരംഭിക്കുന്നതായാണ് വിവരം. പഠന മേഖലയിലും, ഇന്റർനെറ്റ് ബ്രൗസിങിനും, ഇത് വളരെ സഹായപ്രദമാണെന്നാണ് വിലയിരുത്തൽ.

അതേസമയം, ഉയർന്ന നിലവാരത്തിലുള്ള പ്രൊഫഷണൽ ആവശ്യങ്ങൾക്കായി ഇത് പര്യാപ്തമാകില്ലെന്ന വിലയിരുത്തലും ഉയരുന്നു. റാം അപ്‌ഗ്രേഡ് സൗകര്യമില്ലാത്തതും, തണ്ടർബോൾട്ട് പോലുള്ള ഉയർന്ന സാങ്കേതിക പോർട്ടുകൾ ഉൾപ്പെടുത്തിയിട്ടില്ലാത്തതും പ്രധാന പരിമിതികളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

English Summary: Apple introduced MacBook Neo, a budget laptop powered by the A18 Pro chip, designed for basic use with long battery life but limited pro features